ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി; മാസ്റ്റര്‍ തിയേറ്ററിലെത്തി
ഇളയദളപതി വിജയ് നായകനായി മാസ്റ്റര്‍ തിയേറ്ററിലെത്തി. രാവിലെ നാലുമണിക്കായിരുന്നു ആദ്യ ഷോ. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
പ്രത്യേക പ്രദർശനങ്ങൾ അനുവദിച്ചതിനാൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. തിരുനെൽവേലി, കോയമ്പത്തൂർ, സേലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആരാധകർ രാത്രി മുതൽ തിയറ്ററുകളിലേക്ക് എത്തിതുടങ്ങി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷങ്ങള്‍.ചിത്രം കഴിഞ്ഞ വർഷം തന്നെ തിയറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചിരുന്നതാണ്.
എന്നാൽ കോവിഡ് കാരണം മാസ്റ്ററിന്‍റെ റിലീസ് വൈകി. ഏറെ കാത്തിരിപ്പിനൊടുവിൽ പൊങ്കലിന്റെ തലേദിവസം തന്നെ മാസ്റ്റർ പുറത്തിറങ്ങി. വിജയിനും വിജയ് സേതുപതിയ്ക്കും ഒപ്പം മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും വേഷമിടുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജാണ് .
എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്യും.
പത്ത് മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ തിയറ്ററുകളും ഇന്ന് തുറന്നു. മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂലനിലപാടെടുത്തതോടെയാണ് തീയറ്ററുകൾ തുറക്കാനായത്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തിയറ്ററുകള്‍ പ്രവർത്തിക്കുക. ശുചീകരണം പൂർത്തിയാക്കി, ഒന്നിടവിട്ട സീറ്റുകൾ അടച്ച് കെട്ടിയാകും കോവിഡ് കാലത്തെ പ്രദർശനം.