മലയാളത്തിന്റെ ആദ്യ ജനപ്രീയ സാഹിത്യകാരൻ

മലയാള സാഹിത്യത്തെ ജനകീയമാക്കിയത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. മുട്ടത്തു വർക്കി. അദ്ദേഹത്തിന്റെ വരവോട് കൂടിയാണ് അതുവരെ അന്യമായ മലയാള സാഹിത്യ രചനകൾ സാധാരണക്കാരനും രുചിച്ചു നോക്കിയത്.

വിമർശനങ്ങളോട് മുട്ടത്തു വർക്കി പ്രതികരിച്ചത് ഇങ്ങനെയാണ്
“എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി.

മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനജീവിതമാണ് അദ്ദേഹത്തിന്റെ രചനകൾക്ക് വിഷയ മായി സ്വീകരിച്ചത്.സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവർക്കിയാണെന്നും മുട്ടത്തു വർക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എൻ.വി. കൃഷ്ണവാര്യരും, ‘മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി’ എന്ന് കേസരി ബാലകൃഷ്ണപിള്ളയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജീവിത യാഥാർഥ്യങ്ങളെ സാഹിത്യത്തിൽ അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു മുട്ടത്തു വർക്കി. ‘റിയലിസത്തിന്റെ മണ്ണിൽ പ്രണയ കാല്പനികതയുടെ വിത്തുവിതച്ചു പുഷ്പിപ്പിക്കുക എന്ന വിഷമം പിടിച്ച കൃത്യമാണ് അദ്ദേഹം നിർവ്വഹിച്ചതെ’ന്നും സക്കറിയ പറയുന്നു.വായന ആനന്ദകരമായ പ്രവൃത്തിയായി അനുഭവിപ്പിച്ചതു മുട്ടത്തു വർക്കിയുടെ കൃതികളാണെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോക്ടർ കെ.എസ്. ഡേവിഡ് അഭിപ്രായപ്പെടുന്നു. കൗമാരകൗതുകങ്ങളെ സ്പർശിക്കുന്ന പ്രമേയപരമായ പ്രത്യേകതകളും ലളിതമായ ആഖ്യാനശൈലിയുമൊക്കെയാവാം അതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

വിമർശനവും മറുപടിയും
ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന “പൈങ്കിളി സാഹിത്യം” എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സ്രഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി.

ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1915 ഏപ്രിൽ 28നാണ് മുട്ടത്ത് വർക്കി ജനിച്ചത്.

ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി. കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയിൽ ജോലിചെയ്തു.

ആത്മാഞ്ജലി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.
നോവലുകൾ, ചെറുകഥാ സമാഹാരങ്ങൾ, നാടകങ്ങൾ, വിവർത്തനകൃതികൾ, ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ അദ്ദേഹം എഴുതി.


അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡൽ (1957) ലഭിച്ചു.


മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം സൂപ്പർ ഹിറ്റ്‌ ആയിരുന്നു.


താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല. തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. 1989 മെയ്‌ 28′ മുട്ടത്ത് വർക്കി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *