കമ്മീഷണറിലെ ഭരത് ചന്ദ്രന് പ്രചോദനം ബെഹ്റ!
കമ്മീഷണർ സിനിമയിലെ സുരേഷ്ഗോപിയുടെ മാനറിസങ്ങൾക്കു പിന്നിൽ ഡിജിപി ലോക്നാഥ് ബെഹ്റ. സംവിധായകൻ ഷാജി കൈലാസും സുരേഷ്ഗോപിയും ഇടയ്ക്കൊക്കെ തന്നെ കാണുവാൻ വരുമായിരുന്നുവെന്നും പക്ഷെ അവർക്ക് സിനിമ ചെയ്യാനുള്ള പദ്ധതികളെക്കുറിച്ചൊന്നും തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രവർത്തനങ്ങളും ഔട്ട് ഓഫ് ദി ബോക്സ് ആശയങ്ങളെയും കുറിച്ച് മനോരമയിൽ എഡിറ്റോറിയൽ പബ്ലിഷ് ചെയ്തിരുന്നു. അതാണ് കമ്മീഷ്ണർ സിനിമ ചെയ്യാനുള്ള പ്രചോദനമായതെന്ന് ഷാജി കൈലാസ് പറഞ്ഞതായി ബെഹ്റ പ്രതികരിച്ചു. കൈരളി ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തൽ.
ലോക്നാഥ് ബെഹ്റയുടെ പ്രതികരണം ഇങ്ങനെ:
“ഷാജിയും ഇപ്പോഴത്തെ എം പിയുമായ സുരേഷ്ഗോപിയും ഇടയ്ക്കൊക്കെ എന്നെ കാണാൻ വരുമായിരുന്നു. അവർക്ക് സിനിമ ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. സിനിമയുടെ തുടക്കത്തിൽ ‘താങ്ക്സ് ടു ലോക്നാഥ് ബെഹ്റ’ എന്ന് എഴുതികാണിച്ചിരുന്നു. എന്തിനാണ് എനിക്ക് നന്ദി പറയുന്നതെന്ന് ഞാൻ ഷാജിയോട് ചോദിച്ചിരുന്നു. എന്നെക്കുറിച്ച് മനോരമയിൽ ഒരു എഡിറ്റോറിയൽ പബ്ലിഷ് ചെയ്തിരുന്നു. എന്റെ പ്രവർത്തനങ്ങളും ഔട്ട് ഓഫ് ദി ബോക്സ് ആശയങ്ങളെയും കുറിച്ചുള്ളതായിരുന്നു എഡിറ്റോറിയൽ. അത് വായിച്ചതിനു ശേഷമാണ് കമ്മീഷണർ സിനിമയുണ്ടാക്കിയതെന്ന് ഷാജി പറഞ്ഞു. ആ സിനിമ അന്ന് വലിയ ഹിറ്റായിരുന്നു”.
സുരേഷ്ഗോപിയുടെ കരിയറിലെ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രമായിരുന്നു കമ്മീഷണർ എന്ന സിനിമയിലെ ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയുടെ കഥയും തിരക്കഥയും രഞ്ജി പണിക്കർ ആയിരുന്നു നിർവഹിച്ചത്. സുരേഷ് ഗോപിയെ കൂടാതെഎം.ജി. സോമൻ, രതീഷ്, ശോഭന എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.