പ്രേതവുമുണ്ട് കുറ്റാന്വേഷണവുമുണ്ട് ; കോൾഡ് കേസ് ഒരു സമ്മിശ്ര ചലച്ചിത്രാനുഭവം
രോഹിണി മഹേശ്വരി
ഏറെ പ്രതീക്ഷകളോടെ എത്തിയ സിനിമയാണ് തനു ബാലക് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’. ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
കായലിൽ നിന്ന് ഒരു തലയോട്ടി കിട്ടുന്നതും അന്വേഷിക്കാൻ എസിപി സത്യജിത്(പൃഥ്വിരാജ്) എത്തുന്നതുമാണ് കഥാതന്തു. പുതിയ വാടകവീട്ടിൽ താമസത്തിനെത്തുന്ന മേധാ പദ്മജക്കു(അദിതി ബാലൻ) അസാധാരണമായ ചില അനുഭവങ്ങളുണ്ടാകുന്നു. ആരോ തന്നോട് സംവദിക്കാൻ ശ്രമിക്കുന്നുവെന്നു മനസിലാക്കുന്ന മേധ ഇതേക്കുറിച്ചു കൂടുതൽ അന്വേഷിക്കുന്നു. ഈ അന്വേഷണം വഴിത്തിരിവിലെത്തുന്നതോടെ ദുരൂഹതയ്ക്കു വിരാമമാകുന്നു.
അന്നബെല്ലെയും കൊഞ്ചുറിങ്ങും പോലെയുള്ള വിദേശ സിനിമകളെ ഓർമപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെങ്കിലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്. കഥയെ നീട്ടിവിളിച്ചു ലോജിക് ഇല്ലാത്ത രംഗങ്ങൾ കൊണ്ട് നിറച്ചു എന്നൊക്കെയുള്ള ആക്ഷേപങ്ങൾ വിമ൪ശക൪ ഉയർത്തുന്നുണ്ടെങ്കിലും വ്യക്തിപരമായി നല്ല ഡീറ്റൈലിംഗ് ആയിട്ട് തോന്നി.
ഫ്രൂട്ട് സലാഡ് വിത് ഐസ്ക്രീ കഴിച്ചാൽ കിട്ടുന്ന ഒരു സുഖമുണ്ട്. അതുപോലെ സമ്മിശ്രമായ ഒരു ചലച്ചിത്രാനുഭവമാണ് കോൾഡ് കേസ്. പ്രേതവുമുണ്ട് കുറ്റാന്വേഷണവുമുണ്ട്. രണ്ടും കൂടി സമാന്തരമായി പോവുകയും ഒരു നേർരേഖയിൽ ഒന്നിക്കുകയും ചെയ്യുന്നിടത്താണ് കോൾഡ് കേസ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.
ഇത് പോലെയുള്ള വിദേശഭാഷാ സിനിമകളുടെ റഫറൻസ് ഉണ്ടെങ്കിലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പാരാനോർമ്മൽ ആക്ടിവിടീസും കുറ്റാന്വേഷണവും പുതിയ അനുഭവമാണ്.
പുതുമുഖ സംവിധായകനായ തനു ബാലക് തികച്ചും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കൈയടക്കത്തോടെയാണ് ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇരിപ്പിൽ കണ്ടുതീർക്കാവുന്ന ഒരു ദൃശ്യാനുഭവമാണ് കോൾഡ് കേസ്. ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോൺ എന്നിവരുടെ ഛായാഗ്രഹണ൦ ചിത്രത്തോട് ചേർന്നു നിൽക്കുന്നു. എഡിറ്റിംഗ് ഷമീർ മുഹമ്മദ് ആകാംഷ നിലനിർത്തുന്ന രീതിയിൽ തന്നെ നിർവഹിച്ചിരിക്കുന്നു. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത നിലനിർത്തിയാണ് ചിത്രം അവസാനിക്കുന്നത്.