ഓർമ്മകളിൽ ബഷീർ
ജിബി ദീപക്ക് (അധ്യാപിക, എഴുത്തുകാരി)
‘കുഴിമടിയന്മാരായ ബഡുക്കുസുകള്‍ക്കു പറ്റിയ പണിയെപ്പറ്റി തല പുകഞ്ഞ് ആലോചിച്ചപ്പോള്‍ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി. ‘സാഹിത്യം’. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാല്‍ മതി. അനുഭവങ്ങള്‍ ഇച്ചിരി പിടിയോളമുണ്ട്‌ല്ലോ. അവനെയൊക്കെ കാച്ചിയാല്‍ മതി. അങ്ങനെ ഞാനും എഴുതി…. എഴുത്തുകാരനായി.’
എന്തുകൊണ്ട് താങ്കള്‍ എഴുത്തുകാരനായി എന്ന ചോദ്യത്തിന് ബഷീര്‍ നല്കിയ മറുപടിയാണിത്. അനുഭവിച്ച ജീവിതത്തിന്റെ പാതിപോലും എഴുതി തീര്‍ക്കാതെ കടന്നുപോയ എഴുത്തുകാരന്‍ അതായിരുന്നു സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍. അനുഭവങ്ങളുടെ കടലില്‍ നിന്ന് കൈവെള്ളയില്‍ കോരിയെടുത്തത് മാത്രമായിരുന്നു അദ്ദേഹം മലയാളത്തിന് നല്‍കിയ സാഹിത്യസംഭാവനകള്‍.
അദ്ദേഹത്തെ എഴുത്തുകാരനാക്കിയതുപോലും സാഹചര്യമായിരുന്നു എന്നതാണ് സത്യം. ജീവിതത്തിലെ വിവിധ വേഷപ്പകര്‍ച്ചകള്‍ക്കൊടുവില്‍ ജോലി തേടി വന്ന ബഷീര്‍ എത്തിയത് ജയകേസരി എന്ന പ്രസിദ്ധീകരണശാലയില്‍. പത്മനാഭ പൈ ആയിരുന്നു അതിന്റെ പത്രാധിപര്‍. ജോലിയില്ല പകരം കഥയെഴുതിതന്നാല്‍ അതിന് കാശുതരാമെന്നായിരുന്നു പത്രാധിപരുടെ വാഗ്ദാനം. അതിനു മുമ്പില്‍ ബഷീര്‍ പതറിയില്ല. കാരണം ജീവിക്കാന്‍ ജോലിയല്ല കാശാണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. കാശ് ലഭിക്കാന്‍ മാത്രം അദ്ദേഹം എഴുതിയ ഒരു കഥയായിരുന്നു തങ്കം.
കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും കോങ്കണ്ണും കൂനുമായുള്ള യാചകന്‍ നായകനായിരുന്നു അതിലെ കഥാപാത്രങ്ങള്‍. അത് എഴുത്തിന്റെ രാജവീഥിയിലേക്കുള്ള ഒരു ചക്രവര്‍ത്തിയുടെ രംഗപ്രവേശമായിരുന്നു. മലയാളം അന്നുവരെ പരിചയിക്കാതിരുന്ന പല ജീവിതയാഥാര്‍ത്ഥ്യങ്ങളും വ്യക്തികളും ആ പ്രതിഭയുടെ സര്‍ഗ്ഗസിദ്ധിയില്‍ നിന്ന് മിഴിവാര്‍ന്ന് പുറത്തുവന്നു.
സ്വവര്‍ഗ്ഗാനുരാഗികള്‍ അതുവരെ പ്രത്യക്ഷപ്പെടാതിരുന്ന മലയാള സാഹിത്യത്തിലേക്കാണ് ബഷീര്‍ അത്തരക്കാരെ കൈപിടിച്ചുകൊണ്ടു വന്നത്. സ്വവര്‍ഗ്ഗാനുരാഗികള്‍ എല്ലാ കാലത്തും, എല്ലാ ലോകത്തും ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു അത്.ജീവിതത്തിന്റെ ലാളിത്യം ഭാഷയിലും അവതരിപ്പിച്ചതായിരുന്നു ബഷീറിന്റെ മറ്റൊരു പ്രത്യേകത. ഏതൊരാള്‍ക്കും മനസ്സിലാവുന്നതായിരുന്നു ബഷീറിന്റെ ഭാഷയും അതിലെ കഥാപാത്രങ്ങളുടെ ജീവിതവും.
വലിച്ചെറിഞ്ഞ പൂവിനെ നോക്കി ‘അത്, ഓ എന്റെ ഹൃദയമായിരുന്നു’ എന്ന് കഥാപാത്രം നെടുവീര്‍പ്പെടുമ്പോഴും അനുവദിച്ചുകിട്ടിയ സ്വാതന്ത്ര്യംപോലും പ്രിയപ്പെട്ടവരുടെ അസാന്നിധ്യത്തില്‍ പാരതന്ത്രമായി തോന്നുമ്പോള്‍ ആര്‍ക്കുവേണം സ്വാതന്ത്ര്യം എന്ന അലറിവിളിക്കലിനും പിന്നിലെ ഹൃദയം അറിയാന്‍ നമുക്കൊരു സാഹിത്യ നിരൂപകന്റെയും ആവശ്യമില്ലാതെ വരുന്നു. കാരണം അത് നമ്മുടെ തന്നെ വിചാരമായിരുന്നു. നാം കടന്നുവന്ന ജീവിതത്തിന്റെ ഏതൊക്കെയോ ചില ഘട്ടങ്ങളില്‍ അങ്ങനെയൊക്കെ നമുക്കും തോന്നിയ സത്യങ്ങള്‍ തന്നെയായിരുന്നു.
‘ഞാന്‍ ഒരു കഥയെഴുതുന്നു. ചുമ്മാ ചുമ്മാ ഒരു കഥ… ചുമ്മാ… അല്ലെങ്കില്‍ നിങ്ങള്‍ക്കൊരെഴുത്ത്.’ ഭൂമിമലയാളത്തില്‍ പിറന്നതും. പിറക്കാനിരിക്കുന്നതുമായ സകലമാന മനുഷ്യര്‍ക്കും വേണ്ടി ബഷീറെഴുതിയ കാലാതീതമായ കത്തുകളാണ് അദ്ദേഹത്തിന്റെ രചനകള്‍. അത്രയടുപ്പം തോന്നുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്… അതെഴുതിയ വ്യക്തിത്വത്തിന്.
പ്രത്യേകിച്ച് അര്‍ഥങ്ങളില്ലാത്ത വാക്കുകള്‍പോലും അദ്ദേഹത്തിന്റെ കൈയിലൂടെ വന്നപ്പോള്‍ വലിയ അര്‍ഥങ്ങളുണ്ടായി. ചില വാക്കുകളെ അദ്ദേഹം കൂട്ടിവിളക്കിയപ്പോള്‍ അത്ഭുതങ്ങളുണ്ടാക്കി. ഏകാന്തതയുടെ അപാരതീരമെന്നും, ഇളം നീലനിറത്തില്‍ ആടിക്കുഴഞ്ഞു വരുന്ന മാദകമനോഹര ഗാനമേ എന്നുമെല്ലാമുള്ള വിചിത്ര കല്പനകള്‍! ഏകാന്ത ഭീകരാത്ഭുത സുന്ദര രാത്രിയെന്നോ സുന്ദര സുരഭില രഹസ്യമേന്നേ, ഒക്കെ വായിക്കുമ്പോള്‍ എന്തൊരു വിസ്മയമാണ്. ആ വിസ്മയമാണ് മലയാളത്തിന് ബഷീര്‍. മവും മലകളും, പുഴകളുംപോലെ എന്നും മലയാളത്തിന്റെ സ്വന്തം എഴുത്തുകാരനാണ് അദ്ദേഹം.
മലയാളികള്‍ കുട്ടിക്കാലം മുതല്‍ അറിയേണ്ട ഒരാള്‍ തന്നെയാണ് ബഷീര്‍. ഭാഷയുടെ മണമുള്ള സാഹിത്യം എഴുതുന്ന വളരെക്കുറച്ച് സാഹിത്യകാരില്‍ ഒരാളായിരുന്നു അദ്ദേഹം. യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരോട് വരെ ഇന്നലെ കണ്ടു മറന്നാലെന്നതുപോലെ സംസാരിക്കാന്‍ തക്ക മാനുഷികത നെഞ്ചില്‍ പേറിയ ഒരു സാധാരണ മനുഷ്യന്‍. പ്രണയത്തെക്കുറിച്ചും, ബന്ധങ്ങളെക്കുറിച്ചും സരസമായും, വികാരതീക്ഷ്ണമായും കുറിച്ച അസാമാന്യ പ്രതിഭയാണ് അദ്ദേഹം.
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് ബഷീറിന്റെ ജനനം 1905 ല്‍ വൈക്കം തലയോലപ്പറമ്പിലായിരുന്നു. ജനകീയനായ എഴുത്തുകാരന്‍ എന്നും ബഷീര്‍ അറിയപ്പെടുന്നു. സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെകുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട് അദ്ദേഹം വായനക്കാരനെ ചിരിപ്പിച്ചും കൂടെ കരയിപ്പിക്കുകയും ചെയ്തു. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരായും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
‘വെളിച്ചത്തിന് എന്തൊരു വെളിച്ചം’ എന്ന് ന്റെുപ്പാപ്പക്കൊരാനേണ്ടാര്‍ന്നിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ബഷീറിന്റെ എഴുത്തുകള്‍ക്കും വല്ലാത്തൊരു വെളിച്ചം ഇന്നും അണഞ്ഞുപോയിട്ടില്ല… ഒരിക്കലും അണയുകയുമില്ല.
Valare nannaayittundu maam