നവഭാരത ശിൽപ്പിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

ജവഹര്‍ലാല്‍ നെഹ്രുവിനെ ഓര്‍മ്മിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും നൈതികവും രാഷ്ട്രീയവുമായ കടമയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് അദ്ദേഹത്തിന്‍റെ അന്‍പത്തി ഏഴാം ചരമവാര്‍ഷികം ആചരിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയസാമൂഹ്യചരിത്രത്തില്‍ നിന്നും നെഹ്‌റു എന്ന പേര് മായ്ചുകളയാൻ പലരും നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ജവഹർലാൽ നെഹ്‌റു എന്ന സ്റ്റേറ്റ്സ്മാൻ, ഇന്നും ഇന്ത്യൻ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത് ‘ഇന്ത്യ’ എന്ന ആശയത്തിനു മുകളില്‍ അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് ആഴത്തില്‍ പതിഞ്ഞുകിടക്കുന്നതു കൊണ്ടാണ്.

ആധുനിക ഇന്ത്യയുടെ ശില്‍പ്പി എന്ന വാക്ക് നെഹ്രുവിന്റെ പേരിനോട് ചേര്‍ത്തു നമ്മള്‍ സാധാരണയായി പറയുന്നത് അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമല്ല. മറിച്ചു നമ്മള്‍ ഇന്ന് കാണുന്ന ആധുനിക മതേതരജനാധിപത്യ ദേശരാഷ്ട്രത്തിന് അദ്ദേഹം ശക്തവും, മാനവികവുമായ അടിത്തറ ഇട്ടതുകൊണ്ടാണ്. ചരിത്രവുമായുള്ള ഏറ്റവും അപകടകരമായ ഒരു കൂടിക്കാഴ്ചയില്‍ ആണ് 1947ല്‍ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

വര്‍ഗീയകലാപങ്ങളും, ഭക്ഷ്യക്ഷാമവും, നിലക്കാത്ത അഭയാര്‍ഥി പ്രവാഹവും, കോളനിവാഴ്ച തകര്‍ത്തെറിഞ്ഞ സാമ്പത്തികഘടനയും, പലഭാഗത്തായി ചിതറിക്കിടക്കുന്ന അറുനൂറിലേറെ നാട്ടുരാജ്യങ്ങളും, എല്ലാം കൂടി സങ്കീര്‍ണ്ണമാക്കിയ ആ ചരിത്രസന്ധി ഒരു പക്ഷെ അരാജകത്വത്തിലേക്കോ, ആഭ്യന്തരയുദ്ധത്തിലെക്കോ നയിക്കുമായിരുന്നു. പക്ഷേ, ആ വെല്ലുവിളികളെ അനിതരസാധാരണമായ പക്വതയോടെ മറികടന്ന്‌, ഇന്ത്യ എന്ന രാഷ്ട്രത്തിന് ബഹുസ്വരവും, മതേതരവുമായ അടിത്തറ ഉറപ്പിക്കാന്‍ ജവഹർലാൽ നെഹ്‌റുവിന് കഴിഞ്ഞു.

അന്ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ പല രാജ്യങ്ങളിലും ഇന്ന് ജനാധിപത്യം ഒരു ആശയമായിപ്പോലും തുടരുന്നില്ല എന്നിടത്താണ് നെഹ്‌റു സമകാലിക ഇന്ത്യയില്‍ മറ്റെല്ലാവരെക്കാളും പ്രസക്തനാകുന്നത്.
നെഹ്‌റു ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത് ശൂന്യതയില്‍ നിന്നായിരുന്നില്ല. ശാസ്ത്രബോധം, യുക്തിബോധം, ഉന്നതമായ ജനാധിപത്യ മര്യാദകള്‍, സ്വതന്ത്രമായ ഭരണഘടനാസ്ഥാപനങ്ങള്‍, ശക്തമായ പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വതന്ത്രവും അനന്യവുമായ വിദേശ നയം, തുടങ്ങിയ ശക്തമായ ആധാരശിലകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നെഹ്‌റു ഇന്ത്യയെ ഒരു ശില്‍പ്പിയുടെ ചാരുതയോടെ കെട്ടി ഉയര്‍ത്തിയത്‌.അതുകൊണ്ടുതന്നെ നെഹ്രുവിയന്‍ കാലഘട്ടം അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ജനതയുടെ സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടെയുംപുഷ്കലകാലമായിരുന്നു.

ഭാവിയെക്കുറിച്ചുള്ള സ്വതന്ത്ര്യഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് അദ്ദേഹം,ആധുനികതയുടെയും, യുക്തിബോധത്തിന്റെയും ശാസ്ത്രബോധത്തിന്റെയും നിറം പകര്‍ന്നുകൊടുത്തു..
ഇന്ത്യയെ അറിയുക എന്നാല്‍ ഇന്ത്യയുടെ അനിതരസാധാരണമായ വൈവിധ്യം മനസിലാക്കല്‍ ആണെന്ന് നെഹ്രുവിനു വ്യക്തമായ് ബോധ്യമുണ്ടായിരുന്നു. അതുമാത്രമല്ല, ഈ വൈവിധ്യം ആണ് ഇന്ത്യയുടെ ശക്തി എന്നും അദ്ദേഹത്തിനു അറിയാമായിരുന്നു. അതുകൊണ്ടാണ്, അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യയുടെ ചരിത്രത്തിലും, സംസ്കാരത്തിലും, കലയിലും എല്ലാം ലയിച്ചു ചേര്‍ന്നിരിക്കുന്ന വൈവിധ്യങ്ങളെയും, അതിനെ അതിലംഘിച്ച് നില്‍ക്കുന്ന ഒരു ഏകത്വത്തെയും അദ്ദേഹം തിരിച്ചറിഞ്ഞത്.

ഇന്ത്യയുടെ ഏറ്റവും പ്രധാനമായ സവിശേഷതയായി നെഹ്‌റു കണ്ടെത്തുന്നത് ഈ ബഹുസ്വരതയും, ഏകത്വവും തന്നെയാണ്. ആര്യന്മാര്‍ മുതല്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ഇറാനികളും, ഗ്രീക്കുകാരും, പാര്‍ഥിയന്മാരും, തുര്‍ക്കികളും, അഫ്ഘാനികളും, ക്രിസ്ത്യാനികളും, ജൂതന്മാരും, പാര്‍സികളും എല്ലാം തന്നെ ഇന്ത്യന്‍ സംസ്കാരത്തില്‍ ഒരു പരിധിവരെ ലയിച്ചു ചേരുന്നുണ്ട് എന്നാണു നെഹ്‌റു അവകാശപ്പെട്ടിരുന്നത്.അതുകൊണ്ട് മതനിരപേക്ഷത അദ്ദേഹത്തിനു വളരെ സ്വാഭാവികമായ ഒരു നയമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു.
നെഹ്രുവിന്റെ മറ്റൊരു സവിശേഷത ജനാധിപത്യത്തിലും സംവാദത്തിലും സമന്വയത്തിലും, രാഷ്ട്രീയത്തിനു അതീതമായ മനുഷ്യപ്രതിഭയിലും ഉള്ള അചഞ്ചലമായ വിശ്വാസം ആയിരുന്നു.അതുകൊണ്ട് സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ക്യാബിനറ്റ്, കടുത്ത വലതുപക്ഷവാദിയായ ശ്യാമപ്രസാദ് മുഖർജിയും, ഷണ്മുഖം ചെട്ടിയും മുതല്‍, നെഹ്രുവിന്റെ വിമര്‍ശകനായ അംബേദ്‌കര്‍ വരെ ഉള്‍ക്കൊള്ളുന്ന ഒന്നായി മാറി.

എക്കാലത്തും ബ്രിട്ടീഷ് ബ്യുറോക്രസിയുടെ അധികാരഘടനയുടെ ഭാഗമായിരുന്ന വി പി മേനോനെ നാട്ടുരാജ്യങ്ങളെ ലയിപ്പിക്കുന്ന ഏറ്റവും പ്രയാസം നിറഞ്ഞ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. മറ്റൊരു അതുല്യ പ്രതിഭാശാലിയായ സുകുമാർ സെന്നിനെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടത്താൻ നിയുക്തനാക്കി. സാര്‍വത്രിക വോട്ടവകാശത്തിലൂടെ,173 ദശലക്ഷം വോട്ടര്‍മാരെ പോളിംഗ്ബൂത്തിലേക്ക് അയച്ചുകൊണ്ട് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ അങ്ങനെ നെഹ്രുവിനു കഴിഞ്ഞു. തർലോക് സിംഗ് പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹത്തെ ഒരു വൻദുരന്തം ആകാതെ നിയന്ത്രിച്ചു.
മാത്രമല്ല, സ്വതന്ത്രമായ ഭരണഘടനാസ്ഥാപനങ്ങള്‍ ഇല്ലാതെ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന്‌ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഏറ്റവും ശക്തവും, നീതിയുക്തവും, സ്വതന്ത്രവുമായ നീതിന്യായ സ്ഥാപനങ്ങളും, തിരഞ്ഞെടുപ്പ് കമ്മിഷനും ഒക്കെ ഇവിടെ ഉണ്ടായത്.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ ‘മഹാക്ഷേത്രങ്ങള്‍’, കോടിക്കണക്കിനു മനുഷ്യർക്ക് തൊഴിൽ സുരക്ഷയും, രാജ്യത്തിന് വ്യാവസായിക പുരോഗതിയും നൽകിയ പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു.
നെഹ്രുവിയന്‍ ഇന്ത്യയുടെ അടിസ്ഥാനം തന്നെ ശാസ്ത്രബോധവും യുക്തിചിന്തയും ആയിരുന്നു. ആറ്റംബോംബുകളുടെയും, വംശഹത്യയുടെയും ഓര്‍മ്മകള്‍ അതിവിദൂരത്തില്‍ അല്ലാത്ത ഒരു കാലത്ത് നിന്നുകൊണ്ടാണ് ആ മനുഷ്യന്‍ ശാസ്ത്രം മനുഷ്യനന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത്. നെഹ്രുവിനു ശാസ്ത്രം ഒരിക്കലും ഒരു ആയുധം ആയിരുന്നില്ല, മറിച്ച് ഒരു സംസ്കാരമായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെയും, നയപരിപാടികളെയും മുന്നോട്ടു നയിച്ചത് ശാസ്ത്രബോധത്തിലൂടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കേണ്ടതിന്റെ അനിവാര്യത ആയിരുന്നു. ഈയൊരു അന്വേഷണവും, അതിന്റെ സജീവതയുമാണ് നെഹ്‌റു.അതുകൊണ്ടാണ് ഇന്ത്യയില്‍ ഉടനീളം ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടത്. നഗരവികസനം ലേ കർബൂസിയറെയും, പഞ്ചവത്സരപദ്ധതി മഹലനോബിസിനെയും, ശാസ്ത്രം ഹോമിബാബയേയും, ഭരണനിര്‍വഹണസ്ഥാപനങ്ങളെ ഇന്ത്യന്‍ സിവില്‍ സര്‍വീസിനെയും ഏല്‍പ്പിക്കുമ്പോള്‍, ഈ ഓരോ പരീക്ഷണങ്ങളിലും,ഓരോ തിരഞ്ഞെടുപ്പിലും നെഹ്രുവിന്റെ സുന്ദരമായ കൈയൊപ്പ്‌ പതിഞ്ഞിരുന്നു. ചുരുക്കത്തില്‍, ആധുനികതയിലെക്കുള്ള ഇന്ത്യയുടെ ഓരോ ചുവടുവെയ്പ്പും നെഹ്‌റു ഒരു കവിത പോലെ മനോഹരമാക്കി. അതുപോലെതന്നെ സോഷ്യലിസം അദ്ദേഹം ‘നീതിയുടെ സൌന്ദര്യശാസ്ത്രമായിട്ടാണ് കണ്ടത്. വെറുമൊരു പ്രത്യയശാസ്ത്രമായിട്ടല്ല.
നെഹ്‌റു എഴുതിയ പുസ്തകങ്ങളില്‍ എല്ലാം അദ്ദേഹം ആഗ്രഹിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള ഭാവനയും, സ്വപ്നവും ദര്‍ശനവും കടന്നു വരുന്നുണ്ട്,. ഇന്ത്യയെ കണ്ടെത്തല്‍ എന്ന നെഹ്രുവിന്റെ പുസ്തകം ആധുനിക ഇന്ത്യയെ പറ്റിയുള്ള ഏറ്റവും നല്ല ക്ലാസിക് ആണ്. ഡിസ്കവറി ഓഫ് ഇന്ത്യയുടെ ആമുഖത്തില്‍ സുനില്‍ ഖില്‍നാനി പറയുന്നുണ്ട്, ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ അടിസ്ഥാന വ്യകരണമാണ് ഇന്ത്യയെ കണ്ടെത്തലില്‍ നെഹ്‌റു എഴുതിപ്പിടിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്ന്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന നാളുകളില്‍ ആ വ്യാകരണം ഉപയോഗിച്ച് ഇന്ത്യയുടെ അസ്ഥിത്വം കെട്ടിപ്പടുക്കാന്‍ ആണ് നെഹ്‌റു ശ്രമിച്ചത്‌. നെഹ്‌റു സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തുകള്‍ മാധവഖോസ്ലെ പുസ്തകമാക്കിയിട്ടുണ്ട്. ആ കത്തുകള്‍ വാസ്തവത്തില്‍ ഇന്ത്യന്‍ ജനാധിപത്യവും ഫെഡറലിസവും എങ്ങനെയാണ് സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൂടെ വളര്‍ന്നു വന്നത് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ്.
എല്ലാ പരിമിതികള്‍ക്കിടയിലും ഇന്ത്യക്ക് അനന്യമായ ഒരു അസ്ഥിത്വം നല്‍കാനുള്ള നെഹ്രുവിന്റെ അശ്രാന്തമായ പരിശ്രമം ആയിരുന്നു അന്നത്തെ ഇന്ത്യ. നെഹ്‌റു ആഗ്രഹിച്ചത്‌ രാജ്യാതിര്‍ത്തികള്‍ കടന്നു നില്‍ക്കുന്ന ഒരു സാര്‍വലൌകികത ആയിരുന്നു. അതുകൊണ്ടാണ് ഒരു ചേരിയിലും ചേരാതെ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നി നില്‍ക്കുന്ന ഒരു വിദേശനയം അദ്ദേഹം നടപ്പിലാക്കിയത്. അതുകൊണ്ടാണ് ഇന്ത്യക്ക് അന്നത്തെ ആഗോളരാഷ്ട്രീയത്തില്‍ തനതായ സ്ഥാനം നേടാന്‍ കഴിഞ്ഞത്. ടാഗോറിന്റെ ബൌദ്ധികചിന്തയും ഗാന്ധിയുടെ പ്രായോഗികതയും ആണ് നെഹ്രുവിനെ എല്ലായ്പോഴും നയിച്ചത്. ഈ രണ്ടുപേരിലും അന്തര്‍ലീനമായിരുന്ന ഭാരതിയതയും സാര്‍വലൌകികതയും ദാര്‍ശനികന്‍ കൂടിയായ നെഹ്‌റു വീണ്ടെടുക്കുകയും, അത് ആധുനികതയുമായി അതിമനോഹരമായി സമന്വയിപ്പിക്കുകയും ചെയ്തു.
നെഹ്‌റു ഒരു പാട് പരിമിതികള്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി ആയിരുന്നു. അദ്ദേഹത്തിന്‍റെ വിദേശനയം പലപ്പോഴും നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഭൂപരിഷ്ക്കരണത്തിനും പ്രാഥമികവിദ്യാഭ്യാസത്തിനും നെഹ്‌റു വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്നുള്ളത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. അദ്ദേഹത്തിന്‍റെ സാമ്പത്തികനയങ്ങള്‍ക്കും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും പ്രതീക്ഷിച്ച ഫലം ഒരിക്കലും ഉണ്ടായില്ല.എങ്കിലും, അതൊന്നും നെഹ്രുവിന്റെ ആശയങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. കാരണം നെഹ്‌റു മുന്നോട്ടു വെച്ചത് അടഞ്ഞ ആശയങ്ങള്‍ ആയിരുന്നില്ല. വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുകയും, വീണ്ടെടുക്കപ്പെടുകയും, പുനര്നിര്‍മ്മിക്കപ്പെടുകയും ചെയ്യേണ്ട ഒരു വിശാലമായ കാന്‍വാസ് ആണ് നെഹ്രു നമുക്ക് ബാക്കി വെച്ചുപോയത്.
നിര്‍ഭാഗ്യവശാല്‍, നെഹ്രുവിയന്‍ പൈതൃകം ഇന്ത്യയുടെ ഏറ്റവും വലിയ ബാധ്യതയായി കണക്കാക്കപ്പെടുന്ന ഒരു കാലത്താണ് നാം എത്തിനില്‍ക്കുന്നത്. രാഷ്ട്രശരീരത്തില്‍ നിന്നും നെഹ്രുവിന്റെ ഓര്‍മ്മകള്‍ ഓരോന്നായി തുടച്ചുകളഞ്ഞുകൊണ്ടിരിക്കുന്നു. ബഹുസ്വരതയും, മതനിരപേക്ഷതയും, വര്‍ഗീയധ്രുവീകരണത്തിലേക്കും ഭൂരിപക്ഷവാദത്തിലെക്കും വഴിമാറിക്കഴിഞ്ഞു. സംവാദത്തിനു പകരം നിശബ്ദതയുടെയും അനുസരണയുടെയും സംസ്കാരം ഇന്ത്യക്കാരുടെ ജീവനകലയായി ആഘോഷിക്കപ്പെടുകയും, നെഹ്രുവിയന്‍ ആധുനികതയുടെ മുകളില്‍ അന്ധവിശ്വാസങ്ങളുടെ ഗോപുരങ്ങള്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

പക്ഷെ എത്രയേറെഅപമാനിക്കാനും,നിഷേധിക്കാനും ശ്രമിച്ചാലും അതിനെയെല്ലാം അതിലംഘിക്കുന്ന അനന്യമായ സ്റ്റേറ്റ്സ്മാന്‍ഷിപ്പിന്റെ രസതന്ത്രം’ ആണ് ജവഹര്‍ലാല്‍നെഹ്രുവിനെ വ്യത്യസ്തനാക്കുന്നത്. നെഹ്‌റു ഓര്‍മ്മ മാത്രമായിട്ട്‌ അന്‍പത്തിഏഴു വര്ഷം തികയുമ്പോഴും ‘ആധുനികതയുടെ ഏറ്റവും കാവ്യാത്മകവും ചേതോഹരവുമായ പ്രതീകമായി വിലയിരുത്തപ്പെടാന്‍ നെഹ്‌റു അല്ലാതെ വേറൊരു നേതാവ് നമുക്കില്ല എന്നോര്‍ക്കണം. ബഹുസ്വരതയുടെയും,മതനിരപേക്ഷതയുടെയും, യുക്തിചിന്തയുടെയും,ജനാധിപത്യബോധത്തിന്റെയും രാഷ്ട്രീയവും, ധാര്‍മികവും, നൈതികവുമായ മാനങ്ങള്‍ അത്രമേല്‍ നിര്‍മലമായി അലിഞ്ഞുചേര്‍ന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയനേതാവായിരുന്നു നെഹ്‌റു. അതുകൊണ്ട് തന്നെയാണ് ജവഹര്‍ലാല്‍ നെഹ്രു എല്ലാ കാലത്തും പ്രസക്തനാകുന്നതും.

കടപ്പാട്
സുധ മേനോൻ (ഫേസ് ബുക്ക്‌ പോസ്റ്റ്‌ )

Leave a Reply

Your email address will not be published. Required fields are marked *