തീ’ യിലൂടെ എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം പിന്നണി ഗായികയാകുന്നു.
ഭാവാർദ്രസുന്ദരങ്ങളായ നിരവധി ഗാനങ്ങൾ നമുക്കു സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകൻ എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം മുത്തച്ഛന്റെ തട്ടകമായിരുന്ന പിന്നണി ഗാനലോകത്തേക്ക് ചുവടുവയ്ക്കുന്നു. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിൽ ഉണ്ണി മേനോനോടൊപ്പം നിമിഷ പാടിയ ‘ആവണിപ്പൊൻതേരു വന്നൂ.. ‘ എന്നു തുടങ്ങുന്ന അതീവ ഹൃദ്യമായ പ്രണയ ഗാനം വിശാരദ് ക്രിയേഷൻസിന്റെ യൂ ട്യൂബ് ചാനലിലൂടെ ഇന്ന് പുറത്തിറങ്ങി.
മലയാള സിനിമാഗാനശാഖയുടെ സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന ഗാനത്തിന്റെ രചന അനിൽ വി നാഗേന്ദ്രനും സംഗീതം രെജു ജോസഫുമാണ് നിർവഹിച്ചത്.സംഗീത പ്രധാനമായ ‘തീ’ എന്ന ചിത്രത്തിൽ, ഇഷ്ട ഗായകരിൽ ഒരാളായ ഉണ്ണി മേനോനോടൊപ്പം പാടാൻ കഴിഞ്ഞതിൽ വളരെ ആഹ്ലാദത്തിലാണ് നിമിഷ. നല്ലൊരു ഗാനം പാടാൻ അവസരം നൽകിയ അനിൽ വി നാഗേന്ദ്രനോടും അതിനു കാരണക്കാരനായ ബഹുമുഖപ്രതിഭ കൈതപ്രം ദാമോദരൻ നമ്പൂതിരിയോടും അകമഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ്, എം.എസ്. ബാബുരാജിന്റെ കുടുംബം.
നാലുവർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ബീച്ചിൽ ടൂറിസം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ നിമിഷ സലിം പാടിയ ഗസൽ കേട്ടാസ്വദിച്ച കൈതപ്രം, വേദിയിലുണ്ടായിരുന്ന അനിൽ നാഗേന്ദ്രനോട് “ബാബുക്കയുടെ കൊച്ചുമകൾ എത്ര മനോഹരമായി പാടുന്നു! അനിലിന്റെ അടുത്ത ചിത്രത്തിൽ അവൾക്കൊരു അവസരം കൊടുക്കാൻ നോക്കണം” എന്നാവശ്യപ്പെടുകയും അനിൽ ഉറപ്പു പറയുകയും ചെയ്തു. എം എസ് ബാബുരാജിനോടും കൈതപ്രത്തോടുമുളള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അനിൽ വി നാഗേന്ദ്രൻ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഭാവഗീതം തന്നെ നിമിഷയ്ക്കു നൽകി.
യൂ ക്രിയേഷൻസിന്റെയും വിശാരദ് ക്രിയേഷൻസിന്റെയും ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ‘തീ’ യിൽ, പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ആണ് നായകൻ ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന ചിത്രത്തിൽ നായകനായിരുന്ന ഋതേഷ് , ഇന്ദ്രൻസ്, പ്രേംകുമാർ, വിനു മോഹൻ, രമേഷ് പിഷാരടി, ഉണ്ണിമേനോൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, . കോബ്ര രാജേഷ്, ‘തട്ടിയും . മുട്ടിയും’ ഫെയിം ജയകുമാർ, വി.കെ ബൈജു, പ്രസാദ് കണ്ണൻ, സോണിയ മൽഹാർ, രശ്മി അനിൽ, ഗോപൻ കൽഹാരം, ജോസഫ് വിൽസൺ തുടങ്ങിയവരോടൊപ്പം കെ സുരേഷ് കുറുപ്പ് എക്സ് എം. പി, കെ. സോമപ്രസാദ് എംപി, സി ആർ മഹേഷ് എംഎൽഎ, നാടകരംഗത്തെ ആചാര്യൻ ആർട്ടിസ്റ്റ് സുജാതൻ, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, സാഹസിക നീന്തലിൽ ലോക റെക്കോർഡ് ജേതാവായ ഡോൾഫിൻ രതീഷ്, വനിതാ നേതാവ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി. ജെ. കുട്ടപ്പൻ തുടങ്ങിയ പ്രത്യേക വ്യക്തിത്വങ്ങളും ചിത്രത്തിൽ വേഷമിടുന്നു അനിൽ വി നാഗേന്ദ്രൻ എഴുതിയ വരികൾക്ക് രെജു ജോസഫ്, അഞ്ചൽ ഉദയകുമാർ, സി ജെ കുട്ടപ്പൻ, അനിൽ വി നാഗേന്ദ്രൻ എന്നിവർ ഈണമിട്ട എട്ടു ഗാനങ്ങളുണ്ട് ചിത്രത്തിൽ. ഉണ്ണി മേനോൻ, ശ്രീകാന്ത്, സി ജെ കുട്ടപ്പൻ, പി കെ മേദിനി, ആർ കെ രാമദാസ്, രെജു ജോസഫ് , കലാഭവൻ സാബു, മണക്കാട് ഗോപൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, ശുഭ രഘുനാഥ്, സോണിയ ആമോദ്, കെ. എസ്. പ്രിയ, റെജി കെ പപ്പു, കുമാരി വരലക്ഷ്മി തുടങ്ങിയവരാണ് ഗായകർ. വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ഗാനങ്ങളെല്ലാം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം കഴിഞ്ഞു റിലീസിനൊരുങ്ങുകയാണ് ” തീ “. വാർത്ത പ്രചരണം-
എ എസ് ദിനേശ്.