എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം പിന്നണി ഗായികയാകുന്നു
ഭാവാർദ്രസുന്ദരങ്ങളായ നിരവധി ഗാനങ്ങൾ നമുക്കു സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകൻ എം.എസ്.ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം പിന്നണി ഗാനലോകത്തേക്ക് ചുവടുവയ്ക്കുന്നു. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിൽ ഉണ്ണി മേനോനോടൊപ്പം നിമിഷ പാടിയ ‘ആവണിപ്പൊൻതേരു വന്നൂ.. ‘ എന്നു തുടങ്ങുന്ന അതീവ ഹൃദ്യമായ പ്രണയ ഗാനം വിശാരദ് ക്രിയേഷൻസിന്റെ യൂ ട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി.
മലയാള സിനിമാഗാനശാഖയുടെ സുവർണകാലത്തെ അനുസ്മരിപ്പിക്കുന്ന ഗാനത്തിന്റെ രചന അനിൽ വി നാഗേന്ദ്രനും സംഗീതം രെജു ജോസഫുമാണ് നിർവഹിച്ചത്. സംഗീത പ്രധാനമായ ‘തീ’ എന്ന ചിത്രത്തിൽ, ഇഷ്ട ഗായകരിൽ ഒരാളായ ഉണ്ണി മേനോനോടൊപ്പം പാടാൻ കഴിഞ്ഞതിൽ വളരെ ആഹ്ലാദത്തിലാണ് നിമിഷ. നല്ലൊരു ഗാനം പാടാൻ അവസരം നൽകിയ അനിൽ വി നാഗേന്ദ്രനോടും അതിനു കാരണക്കാരനായ ബഹുമുഖപ്രതിഭ കൈതപ്രം ദാമോദരൻ നമ്പൂതിരിയോടും അകമഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ്, എം.എസ്. ബാബുരാജിന്റെ കുടുംബം. നാലുവർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ബീച്ചിൽ ടൂറിസം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ നിമിഷ സലിം പാടിയ ഗസൽ കേട്ടാസ്വദിച്ച കൈതപ്രം, വേദിയിലുണ്ടായിരുന്ന അനിൽ നാഗേന്ദ്രനോട് “ബാബുക്കയുടെ കൊച്ചുമകൾ എത്ര മനോഹരമായി പാടുന്നു! അനിലിന്റെ അടുത്ത ചിത്രത്തിൽ അവൾക്കൊരു അവസരം കൊടുക്കാൻ നോക്കണം” എന്നാവശ്യപ്പെടുകയും അനിൽ ഉറപ്പു പറയുകയും ചെയ്തു. എം എസ് ബാബുരാജിനോടും കൈതപ്രത്തോടുമുളള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അനിൽ വി നാഗേന്ദ്രൻ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഭാവഗീതം തന്നെ നിമിഷയ്ക്കു നൽകി.
യൂ ക്രിയേഷൻസിന്റെയും വിശാരദ് ക്രിയേഷൻസിന്റെയും ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ‘തീ’ യിൽ, പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ആണ് നായകൻ. അനിൽ വി നാഗേന്ദ്രൻ എഴുതിയ വരികൾക്ക് രെജു ജോസഫ്, അഞ്ചൽ ഉദയകുമാർ, സി ജെ കുട്ടപ്പൻ, അനിൽ വി നാഗേന്ദ്രൻ എന്നിവർ ഈണമിട്ട എട്ടു ഗാനങ്ങളുണ്ട് ചിത്രത്തിൽ. വാർത്ത പ്രചരണം- എ എസ് ദിനേശ്.