ഓര്‍മകളില്‍നിന്ന് മായാതെ ലോഹിതദാസ്
മലയാള സിനിമയിൽ ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ലോഹിതദാസിനെ ചലച്ചിത്രാസ്വാദകര്‍ വിലയിരുത്തുന്നത്.
തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കു പുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് എം.ടി.യും പത്മരാജനും ജോൺപോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്താണ് നാടകരംഗത്തു നിന്നും ലോഹിതദാസ് സിനിമയിലേക്ക് എത്തിയത്.
ലോഹി എന്ന പേരിൽ ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത് എന്നാൽ സാഹിത്യത്തിൽ ശ്രദ്ധേയനാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു.. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങി നാടകങ്ങളും എഴുതി.
നാടകത്തിന്റെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ചത് തിലകനാണ. 1987 – ൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമയായ തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാളസിനിമാരംഗത്ത് പ്രവേശിച്ചു.
മമ്മൂട്ടി എന്ന നടന്‍റെ സ്റ്റാര്‍ വാല്യു കൂട്ടിയ സിനിമയാണ് തനിയാവര്‍ത്തനം. മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ (മമ്മൂട്ടി), ദശരഥത്തിലെ രാജീവ്മേനോൻ, കിരീടത്തിലെ സേതുമാധവൻ, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹൻലാൽ)-നായകകഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ താരസിംഹാസനങ്ങൾ ഉറപ്പിച്ചു. വെറും താരങ്ങൾ മാത്രമല്ല, നല്ല നടന്മാർ കൂടിയാണ് ഇവരെന്ന് വാഴ്ത്തപ്പെടാനും ഈ ചിത്രങ്ങൾ സഹായിച്ചു. തുടർന്ന്എഴുതാപ്പുറങ്ങൾ, ആധാരം, മുക്തി, സസ്നേഹം, കുടുംബ പുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവർ, ചെങ്കോൽ, തൂവൽക്കൊട്ടാരം, സല്ലാപം….
ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി. വെറും 20 വർഷമാണ്. അതിൽ തന്നെ തിരക്കഥാകൃത്തെന്ന നിലയിൽ സജീവമായിരുന്നത് 12 വർഷം മാത്രം. മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതല്ല ലോഹിയുടെ സിനിമകൾ. കാമ്പുള്ള കഥകൾ, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദർഭങ്ങൾ. വികാരതീവ്രമായ മുഹൂർത്തങ്ങൾ, നമ്മുടെ പരിസരങ്ങളിൽ കണ്ട കഥാപാത്രങ്ങൾ, പരിചിതമായ സംഭാഷണങ്ങൾ- ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം. വികാരതീവ്രമായ മുഹൂർത്തം എഴുതുന്ന അതേ മികവിൽ ഹാസ്യരംഗംപോലും ലോഹി എഴുതി ഫലിപ്പിച്ചു. വെറുതെ ചിരിച്ചുതള്ളാവുന്ന ഹാസ്യമല്ല ലോഹി എഴുതിയത്. സല്ലാപത്തിലെ ആശാരിപ്പണിക്കാരെ ലോഹി ചിത്രീകരിച്ചപ്പോൾ പ്രേക്ഷകർ ചിരിച്ചു. പക്ഷെ നമ്മൾ കണ്ടിട്ടുള്ള ആശാരിമാരെല്ലാം ഇങ്ങനെയാണെന്ന് പിടികിട്ടുമ്പോഴാണ് ചിരി വ്യത്യസ്തമാവുന്നത്. ലോഹിയുടെ കഥാപാത്രങ്ങൾ സംസാരിച്ചത് സാഹിത്യഭാഷയിലല്ല, നമ്മൾ കേട്ടു പരിചയമുള്ള ഭാഷയിലാണ്.
അന്നേവരെ പടിക്കു പുറത്തു നിർത്തിയ എല്ലാ ജനവിഭാഗങ്ങളെയും മലയാളസിനിമക്കകത്തേക്ക് കൊണ്ടുവന്നത് ലോഹിതദാസാണ്. ദുർഗുണപരിഹാരപാഠശാലയിലെ കുട്ടികൾ (മുദ്ര), അപരിഷ്കൃതനായ വേട്ടക്കാരൻ ( മൃഗയ), കടലിനോട് മല്ലിട്ട് ജീവിക്കുന്ന മുക്കുവർ (അമരം), മൂശാരിമാർ (വെങ്കലം), ആശാരിമാർ (സല്ലാപം), അലക്കുകാർ (വീണ്ടും ചില വീട്ടുകാര്യങ്ങൾ), സർക്കസ് കോമാളികൾ (ജോക്കർ), വേശ്യകൾ (സൂത്രധാരൻ)- അവർക്കെല്ലാം ലോഹി ഇടംകൊടുത്തു.
1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി
ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്‌റ്റോപ് വയലൻസ്, വളയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വള്ളുവനാടൻ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു ലോഹിതദാസിന്. സല്ലാപത്തിലും വാത്സല്യത്തിലും തൂവൽക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണ് ഉള്ളത്. ആധാരം എന്ന ചിത്രത്തിൽ ചെറിയ കഥാപാത്രത്തെയാണ് അബൂബക്കർ എന്ന നടൻ അവതരിപ്പിച്ചത്. ‘
സിനിമക്ക് വേണ്ടി ജീവിച്ചയാൾ ആയിരുന്നില്ല ലോഹിതദാസ്. സിനിമക്കു വേണ്ടി ജനിച്ചയാളായിരുന്നു. തിരക്കഥാകൃത്തായി തിളങ്ങി നിൽക്കുമ്പോഴാണ് 1997 ഭൂതക്കണ്ണാടിയിലൂടെ സംവിധായകനായത്. മകളെ കുറിച്ചോർത്ത് ആധിയോടെ കഴിയുന്ന ഒരു വാച്ചുമെക്കാനിക്കിനെയാണ് ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ് കാണിച്ചുതന്നത്. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരൻ, അരയന്നങ്ങളുടെ വീട്, ജോക്കർ, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
1999 ൽ സത്യൻ അന്തിക്കാടിനു വേണ്ടി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. പിന്നീട് പത്തുവർഷം മറ്റാർക്കും വേണ്ടി എഴുതിയിട്ടില്ല. 2007 ൽ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളും. 2009 ജൂൺ 28-ന് അന്തരിച്ചു.
കടപ്പാട് വിവിധമാധ്യമങ്ങള്‍,വിക്കിപീഡിയ