നാവില്‍ രുചിയൂറും അബിയുപഴത്തിന്‍റെ കൃഷി രീതി
അബിയു (പോക്‌റ്റീരിയ കെമിറ്റോ ) വിദേശി ഫലമാണെങ്കിലും നമുക്ക് സുപരിചിതമായ പഴമാണ്.പഴങ്ങള്‍ മുറിച്ച് ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ് സ്‌പൂണ്‍ ഉപയോഗിച്ച് കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക് ആസിഡും അടങ്ങിയിരിക്കുന്നു.

അബിയു കാണാന്‍ മുട്ടപ്പഴം പോലെ തോന്നുമെങ്കിലും മുട്ടപ്പഴത്തിന്റെ ചവർപ്പില്ല. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത് മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്.
സമുദ്രനിരപ്പില്‍നിന്നും രണ്ടായിരം അടിവരെയുള്ള പ്രദേശങ്ങളിലാണ് അബിയു നന്നായി വളരുന്നത്. ഗ്രാഫ്റ്റിങ്ങിലൂടെ പുതിയ തൈകള്‍ ഉത്പാദിപ്പിക്കാം. വലിയ പാത്രങ്ങളിലോ ഡ്രമ്മുകളിലോ വളർത്താം. ധാരാളം ഇനങ്ങള്‍ ലഭ്യമാണെങ്കിലും ഓസ്ട്രേലിയന്‍ ഇനങ്ങളാണ് ഏറ്റവും മികച്ചതായി കണ്ടുവരുന്നത്. ഓറഞ്ചിന്‍റെ വലിപ്പമുള്ള കായ്കള്‍ നല്ല മഞ്ഞനിറത്തിലും ഉരുണ്ടുമിരിക്കും.

ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് വെളുത്തതും സുതാര്യവുമായിരിക്കും. നല്ല മധുരമുള്ള ഉള്‍ക്കാമ്പ് നേരിട്ടോ ശീതീകരിച്ചോ കഴിക്കാം. ഐസ്ക്രീം, കേക്കുകൾ, ഫ്രൂട്ട് സാലഡുകൾ എന്നിവയിലും ഉപയോഗിക്കുന്നു.
നടീല്‍ രീതി
തൈ നട്ടു മൂന്നു വർഷത്തിനുള്ളിൽ ഫലം തരും എന്നതാണ് അബിയുവിന്‍റെ പ്രത്യേകത. സൂര്യപ്രകാശം ലഭിക്കുന്നതും നേരിയ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത് അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത് ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട് തടം മൂടി തൈകള്‍ നടാം.

മഴ ഇല്ലാത്തപ്പോൾ നനച്ചു കൊടുത്താൽ മതി. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത് നല്ലതാണ്.
ഇളനീരിന്റ സ്വദോട് കൂടിയ പഴങ്ങളാണ് അബിയു പഴങ്ങൾ. ഒരു സാധാരണ അബിയു പഴം 350- 400 ഗ്രാം തൂക്കം വരും എന്നാൽ ഈ സാധാരണ അബിയു പഴങ്ങളിൽ നിന്നും വ്യത്യസ്തമായി ഒന്നര കിലോ തൂക്കം വരുന്ന പഴങ്ങൾ നൽകുന്ന ജയന്റ് അബിയു വെറൈറ്റി ആണ്. രണ്ടുപേർക്ക് വയറു നിറയെ കഴിക്കാൻ ഒരു പഴം തന്നെ ധാരാളം. ഒരു തൈയുടെ വില 650 രൂപയാണ്. സാധാരണ 400 ഗ്രാം തൂക്കം വരുന്ന പഴങ്ങൾ ഉണ്ടാകുന്ന അബിയു തൈകൾക്ക് 350 രൂപയാണ് വില
ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും.വീടിനു മുൻ വശം അലങ്കാരമായി വയ്ക്കാൻ പറ്റിയ നല്ല പച്ചപ്പുള്ള ആരോഗ്യമുള്ള ഈ മരം മറ്റു വിദേശപഴച്ചെടികള്‍പോലെ തന്നെ കര്‍ഷകന് വരുമാന മാര്‍ഗ്ഗമാകുമെന്നതില്‍ സംശയമില്ല