സുപ്രീംകോടതി വിധി; നിർണ്ണയവകാശം ഇനി സ്ത്രീക്ക് മാത്രം

ഡോ.ജിബി ദീപക്ക്(എഴുത്തുകാരി,കോളജ് അദ്ധ്യാപിക)

വിവാഹിതരായ സ്ത്രീകൾക്കൊപ്പം അവിവാഹിതരായ സ്ത്രീകൾക്കും നിയമപരമായ ഗർഭ ഛിദ്രത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ വിധി സത്യത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടുന്ന ഒന്നാണ്. സ്വന്തം ശരീരത്തിനു മേൽ സ്വയം അവകാശം പ്രഖ്യാപിക്കുന്ന രീതിയാണിത് . മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം ശരീരത്തിന്റെ നിയന്ത്രണം അവൾക്ക് തന്നെയെന്ന് ഉറപ്പാക്കുന്നു.

നമ്മുടെ കുടുംബങ്ങളിൽ നാം പലപ്പോഴും കണ്ടുവരുന്ന ഒരു രീതിയുണ്ട് .മാനസികമായും ശാരീരികമായും ഒരു സ്ത്രീ അമ്മയാവാൻ തയ്യാറാവാത്ത സാഹചര്യത്തിൽ പോലും , ഭർത്താവിനെയോ വീട്ടുകാരെയോ പേടിച്ച് കുഞ്ഞിന് ജന്മം നൽകാൻ അവൾ നിർബന്ധിക്കപ്പെടുന്നു .എന്നാൽ ഇങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് ധാരാളം മാനസിക വൈകല്യങ്ങൾ ഉണ്ടാവുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .ഇവിടെയാണ് ഈ വിധി നമുക്ക് സഹായകരമാവുന്നത് .ഒരു സ്ത്രീ വിവാഹിത യാണെങ്കിൽ കൂടി എപ്പോഴാണോ ഒരു കുഞ്ഞിനെ പ്രസവിക്കാൻ മാനസികമായും ശാരീരികമായും തയ്യാറാവുന്നത് അപ്പോൾ മാത്രം അവളത് ചെയ്താൽ മതി എന്ന് പറഞ്ഞുകൊണ്ടാണ് അവളെ ഈ നിയമം പിന്താങ്ങുന്നത് .നമ്മുടെ സമൂഹത്തിൽ ആരോഗ്യമുള്ള തലമുറ ഉണ്ടായി വരാനും ഇത് സഹായിക്കുമെന്ന് എനിക്ക് അഭിപ്രായമുണ്ട്.

അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് തുല്യ അവകാശമുണ്ടെന്ന് കോടതി എടുത്തുപറയുന്നുണ്ട്. നമുക്കറിയാം ഇന്നത്തെ തലമുറയിൽ പെട്ടവർ ലൈംഗികതയെ കാണുന്ന രീതി. ലിവിങ് ടുഗതർ സാധാരണമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നിയമപരമായ മാമൂലുകളിൽ നിന്നും മാറി നിന്നുകൊണ്ട് സ്വാതന്ത്ര്യം അനുഭവിക്കാൻ മനുഷ്യന്റെയുള്ളിൽ എന്നും ഒരു അഭിവാജ്ഞയുണ്ട് .അതിൽ തെറ്റും ശരിയും കണ്ടെത്തുന്നത് നോക്കുന്നവന്റെ കണ്ണിലൂടെയാണ്.എന്തൊക്കെ പറഞ്ഞാലും പൂർണമായും സ്ത്രീയ്ക്ക് പിന്തുണ നൽകുന്ന ഒരു വിധിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *