നെന്മാറ ഇരട്ടകൊലപാതകം; ചെന്താമര റിമാന്‍റില്‍
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി. പ്രതിയെ ആലത്തൂർ സബ് ജയിലിലേയ്ക്ക് കൊണ്ടുപോകും.
കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നിന്നത്. മറ്റ് പരിക്കുകൾ എന്തെങ്കിലും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒരുകാര്യം പറയാനുണ്ടെന്ന് ചെന്താമര കോടതിയിൽ പറയുകയായിരുന്നു. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയിൽ ചെന്താമരയുടെ ആവശ്യം. നൂറ് വർഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു. എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പരിക്കുകൾ ഒന്നുമില്ലെന്നും പരാതി ഇല്ലെന്നും ചെന്താമര വ്യക്തമാക്കി. മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകൾ എഞ്ചിനീയറാണെന്നും മകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയിൽ പറഞ്ഞു.
ആസൂത്രിതമായാണ് കൊലപാതകം നടത്തിയത് എന്ന് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി പോലീസിനോട് സമ്മതിച്ചതായി പാലക്കാട് എസ് പി അജിത്കുമാർ മാധ്യമങ്ങളെ അറിയിച്ചു പ്രതിക്ക് സംഭവത്തിൽ യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല. പ്രതി ചെന്താമരയുടെ ഭാര്യ വേർ പിരിഞ്ഞത് അയൽവാസികൾ കാരണമാണെന്ന് ഇയാൾ കരുതിയിരുന്നു. ഈ തെറ്റിദ്ധാരണയാണ് വൈരാഗ്യത്തിന് കാരണം ‘ അന്ധവിശ്വാസത്തിന് അടിമയായ ഇയാൾ അയൽവാസി കൂടോത്രം ചെയ്തിരുന്നതായും വിശ്വസിച്ചു.
കൊലപാതകത്തിനായി പ്രതി ആയുധമെല്ലാം നേരത്തെ തന്നെ കരുതിവച്ചിരുന്നു. രാവിലെ 10 മണിയോടെയാണ് കൊലപാതകങ്ങൾ നടത്തിയത്. കൃത്യത്തിന് ശേഷം ഫെൻസിംഗ് മറികടന്ന് മലയിലേക്ക് കയറി. വനപ്രദേശത്തെ കുറിച്ച് നല്ല അറിവുള്ള ആളായിരുന്നു പ്രതി’ ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് ഇന്നലെ രാത്രി മലയിറങ്ങിയത്. ഭക്ഷണത്തിനായി വീട്ടിലേക്ക് വരുമ്പോൾ ആണ് പോലീസ് പിടിച്ചത്.
പരിശോധനയ്ക്ക് നാട്ടുകാരും സഹായിച്ചു. ചോദ്യം ചെയ്യലിൽ താൻ വിഷം കഴിച്ചതായി പ്രതി പോലീസിനെ അറിയിച്ചു. പരിശോധനയിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പ്രതി പറയുന്നതാണെന്ന് തെളിഞ്ഞു.പ്രതി സ്വയം കടുവ എന്നാണ് കരുതുന്നത് ‘എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. കൃത്യത്തിനുശേഷം നാടുവിടാൻ ആലോചിച്ചിരുന്നില്ല. പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ഫോണാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ആദ്യ കൊലപാതകത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ചെന്താമര കോഴിക്കോട് ഒരു ക്വാറിയിൽ ജോലി ചെയ്തു. ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലെത്തിയത്.