നടി അംബികാ റാവു അന്തരിച്ചു
മലായള ചലച്ചിത്ര നടി അംബികാ റാവു അന്തരിച്ചു. അടുത്തിടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.മലയാള സിനിമാ മേഖലയിൽ നടിയായും സഹസംവിധായകയായും അംബിക പ്രവർത്തിച്ചിട്ടുണ്ട്. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു. തൃശ്ശൂർ സ്വദേശിനിയായ അംബികാ റാവു, വൃക്ക തകരാറിലായതിനെ തുടർന്ന് രണ്ട് വർഷക്കാലമായി ചികിത്സയിലായിരുന്നു.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണ എന്ന ചിത്രത്തിലൂടെയായിരുന്നു അംബിക മലയാള സിനിമയിലേക്ക് എത്തുന്നത്. മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
തൊമ്മനും മക്കളും, സാൾട് ആന്റ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ഒരു സുഹൃത്തിനു വേണ്ടി ‘യാത്ര’ എന്ന സീരിയലിന്റെ കണക്കുകൾ നോക്കാൻ തുടങ്ങിയതാണു തുടക്കം.
പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്‍റെ കൂടെ സഹസംവിധായകയായി പ്രവര്‍ത്തിച്ചു.20 വർഷത്തോളമായി മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു തികച്ചും യാദൃശ്ചികമായാണ് സിനിമാരംഗത്ത് എത്തപ്പെട്ടത്.’ദി കോച്ച്’ എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. തൃശൂരിൽ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു അംബിക താമിസിച്ചിരുന്നത്. രാഹുൽ, സോഹൻ എന്നീ രണ്ട് മക്കളുണ്ട്.

