നടിയിൽ നിന്ന് സംരംഭകയിലേക്ക് ഇനിയ
എ.എസ് ദിനേശ്
ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് മിന്നിത്തിളങ്ങുന്ന താരമാണ് ഇനിയ. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി വെന്നിക്കൊടി പാറിച്ച് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയം നേടി കഴിഞ്ഞിട്ടുണ്ട് മലയാളികളുടെ സ്വന്തം താരം. ഇപ്പോഴിതാ നടിയിൽ നിന്ന് ഒരു സംരംഭകയിലേക്കും ഇനിയ കടന്നിരിക്കുകയാണ്. ഇനിയയുടെ സ്വന്തം ബ്രാൻഡായി ‘അനോറ ആർട്ട് സ്റ്റുഡിയോ’ എന്ന പേരിൽ ചെന്നൈയിൽ ഡിസൈനർ ഫാഷൻ സ്റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ്. സെയ്താപേട്ട് ശ്രീനഗർ കോളിനിയിൽ നോർത്ത് മദ സ്ട്രീറ്റിൽ ഈ വർഷം ജനുവരി 22ന് തന്‍റെ ജന്മദിനത്തിലാണ് ഇനിയ സ്റ്റുഡിയോയ്ക്ക് തുടക്കമിട്ടത്. ഇക്കാലയളവിൽ തന്‍റെ ബിസിനസ് സംരംഭത്തിന് മികച്ച പ്രതികരണമാണ് ഏവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറഞ്ഞു.
സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം ക്രിയേറ്റീവായി മറ്റെന്തെങ്കിലും ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ് ‘അനോറ’ തുടങ്ങിയതിന് പിന്നിലെന്ന് ഇനിയ പറയുന്നു. കലയോടും നൃത്തത്തോടുമുള്ള പാഷനാണ് ‘അനോറ’യിലൂടെ ഫാഷന്‍റെ ലോകത്തേക്ക് കടക്കാൻ പ്രേരകമായത്. ഔട്ട്‍ഫിറ്റ് ഡിസൈനിംഗ്, സീസണൽ കളക്ഷൻസ്, ഒക്കേഷണൽ വിയേഴ്സ്, ഡാൻസ് കോസ്റ്റ്യൂസ്, റെന്‍റൽ, ജുവൽസ്, ഓർണമെന്‍റ്സ്, ഫോട്ടോ സ്റ്റുഡിയോ സ്പേസ്, ഫോട്ടോഗ്രഫി, മേക്കപ്പ് ആർടിസ്റ്റ്, മേക്കപ്പ് സെറ്റ് ബോക്സ് തുടങ്ങി നിരവധി സേവനങ്ങളാണ് ‘അനോറ’യിൽ ലഭ്യമാക്കിയിരിക്കുന്നത്.
അടുത്തിടെ ‘വിളക്ക്’ എന്ന പേരിൽ ഓണം കളക്ഷൻസ് അനോറയിലൂടെ താരം പുറത്തിറക്കുകയുണ്ടായി. കോഴിക്കോട് നടന്ന ഫോഷൻ ഷോയിൽ പവിഴം, വർണം, കനകം എന്ന പേരിലാണ് ഈ സീരിസിൽ ട്രഡീഷണൽ ആൻഡ് കണ്ടംപററി ഔട്ട്‍ഫിറ്റ്സുകൾ അവതരിപ്പിച്ചത്. ഇനിയ തന്നെയായിരുന്നു ഈ ഫാഷൻ ഡിസൈനർ ഷോ ക്യൂറേറ്റ് ചെയ്യുകയുണ്ടായത്. കേരളത്തിലെ കൈത്തറി എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ തന്നെ തനതായ വസ്ത്രമാണ്. വിളക്ക് എന്നത് നമ്മുടെ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ഒന്നുകൂടെയാണല്ലോ. അങ്ങനെ നമ്മുടെ സംസ്കാരവും പൈതൃകവും ഇഴചേർത്തുകൊണ്ടുള്ള ഒരു നവീകരിച്ച കോൺടപററി കോൺസപ്റ്റാണ് ‘വിളക്ക് കളക്ഷൻസി’ലൂടെ അവതരിപ്പിച്ചതെന്ന് ഇനിയ പറയുന്നു.
മാനവ ചരിത്രത്തിൽ തന്നെ അഗ്നിക്ക് വളരെയേറെ പ്രാധാന്യമാണല്ലോ ഉള്ളത്. ഹോമ കുണ്ഡം, പന്തം, നിലവിളക്ക്, കുത്തുവിളക്ക്, കൽവിളക്ക്, ചുറ്റുവിളക്ക്, ഗണേശ വിളക്ക്, ലക്ഷ്മി വിളക്ക് ഇവയിലൂടെയൊക്കെ ആ അഗ്നി നമ്മുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമായി മാറിയിട്ടുമുണ്ട്. ഈ വിളക്ക് പോലെ, നമ്മുടെ നാടിന്‍റെ കൈത്തറി പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രതീക്ഷയുടെ ജ്വാല പകരുക കൂടിയാണ് ‘വിളക്ക്’ ഓണം കളക്ഷൻസ്. ഫാഷൻ ഡിസൈനർ ഷോയ്ക്ക് ഏവരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ പുതിയൊരു ഫാഷൻ ഡിസൈനർ കളക്ഷൻ ഷോ ക്യൂറേറ്റ് ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളിലുമാണ് ഇനിയ ഇപ്പോൾ.