മിസ് കേരളയാകാന്‍ അട്ടപ്പാടിയിൽ നിന്നൊരു സുന്ദരി

കേരളത്തിന്റെ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അട്ടപ്പാടികാരിയായ അനു പ്രശോഭിനി. ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചെറിയനൂർ ഊരിലെ പി. അനു പ്രശോഭിനിയാണ് തൃശൂരിലെ ഒരു സ്വകാര്യ റിസോർട്ട് സംഘടിപ്പിക്കുന്ന മിസ് കേരള ഫിറ്റ്നസ് ഫാഷന്റെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാലക്കാട് ഗവ. മോയൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഈ മിടുക്കി.


മണ്ണാർകാട് വനം ഡിവിഷനിലെ ജീവനക്കാരനും സിനിമാനടനും ആദിവാസി കലാകാരനുമായ എസ്. പഴനിസ്വാമിയുടെയും അട്ടപ്പാടി ഐടിഡിപിയിലെ ട്രൈബൽ പ്രമോട്ടർ ബി. ശോഭയുടെയും മകളാണ് അനു. സഹോദരൻ ആദിത്യൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.മിസ് കേരള അവസാന റൗണ്ടിലേക്കുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കി. ഫാഷൻ ലോകത്തെ മാറിവരുന്ന ട്രെന്റുകൾ പരീക്ഷിച്ചും ക്യാറ്റ് വാക്ക് ചെയ്യാനുമൊക്കെ ഓൺലൈനായും അല്ലാതെയുമാണ് പരിശീലിക്കുന്നത്. ചെറുപ്പകാലം മുതലേ കലാരംഗത്ത് സാന്നിദ്ധ്യമായ അനു ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദൻ സംവിധാനം ചെയ്യുന്ന ദബാരി കുരുവി എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.


ലോകത്തിൽ തന്നെ ആദ്യമായി ഗോത്രവർഗ്ഗക്കാർ മാത്രം അഭിനയിക്കുന്ന ചിത്രമാണിത്. അട്ടപ്പാടിയിലെ ഇരുള് ഭാഷയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അട്ടപ്പാടിയുടെ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും പങ്കുവെക്കുന്ന “അട്ടപ്പാടികാരി ” എന്ന യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ഈ മിടുക്കി. മിസ് കേരള ഫിറ്റ്നസ് ഫാഷനിലേക്ക് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും താങ്കളെ പോലെയുള്ളവർക്ക് ഇങ്ങനെയുള്ള അവസരങ്ങൾ ലഭിക്കുന്നത് അപൂർവമാണെന്നും ഇതിൽ നിന്നും ലഭിക്കുന്ന പരിചയസമ്പത്തും ആത്മവിശ്വാസവും എനിക്കും എന്നെപ്പോലെ അട്ടപ്പാടിയിലെ മറ്റു കുട്ടികൾക്കും പ്രചോദനമാകുമെന്നും അനു പ്രശോഭിനി കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *