കള്ളപ്പവും ബീഫ് സ്റ്റുവും
റെസിപി- ഉഷ കടക്കരപ്പള്ളി-(ചേര്‍ത്തല)
കള്ളപ്പത്തിന് വേണ്ട അവശ്യസാധനങ്ങള്‍
അരിപ്പൊടി(പുഴുക്കലരി), തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി, ഉപ്പ്, കള്ള്, കപ്പി കാച്ചിയത്.
അരിമേടിച്ചു പൊടിപ്പിച്ചെടുക്കുന്നതാവും നല്ലത് 2.5 kg മിച്ചം അരിപ്പൊടിയാണ് ഞാൻ എടുത്തത്, ഇനി തേങ്ങ ചിരവി അതു മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക.(ഇടത്തരം വലിപ്പം ഉള്ള 4 തേങ്ങയാണ് എടുത്തത്, എത്ര ചേർക്കുന്നുവോ അത്രയും രുചി ഉണ്ടാവും), ഇനികുറച്ചു അല്ലി വെളുത്തുള്ളിയും രണ്ടുമൂന്നു ചുവന്നുള്ളിയും ജീരകവും അരച്ചെടുക്കുക(അളവുകൾ പിക്ചർ നോക്കുക), പിന്നെ ഒരു അര ഗ്ലാസ് കള്ളും എടുത്തു വയ്ക്കുക.
ഇനി ഈ പൊടിയിൽ നിന്നും രണ്ടു തവി പൊടി എടുത്തു കപ്പി കാച്ചി എടുത്തു വെക്കണം(പൊടിയിൽ കുറച്ചു നീട്ടി വെള്ളവും ചേർത്ത് ചെറിയ തീയിൽ കുറുക്കി എടുക്കുക,), ഇത് തണുപ്പിക്കാൻ പാത്രം വെള്ളത്തിൽ ഇറക്കി വെച്ചേക്കുക.
കലക്കി വയ്‌ക്കേണ്ട കലത്തിൽ തന്നെ അരിപ്പൊടി ഇടുക ഉപ്പു തളിച്ചു നന്നായി ആദ്യം മിക്സ് ചെയ്യുക,ഈ ടൈമിൽ കപ്പി കാച്ചിയത് തണുപ്പിച്ചതും കൂടി ചേർക്കുക, ശേഷം അടിച്ചു വെച്ചിരിക്കുന്ന തേങ്ങയും അരച്ച് വെച്ചിരിക്കുന്നതും ഇട്ടു നന്നായി കൈ കൊണ്ട് കുഴക്കുക.
ഇതിനു ശേഷം ഉപ്പും, മറ്റു ചേരുവകളുടെ അളവുകളും കറക്റ്റ് ആണോന്നു നോക്കിയിട്ടു വേണമെങ്കിൽ ചേർക്കുക, ശേഷം കള്ള് ഒഴിക്കുക. ഒരു അര ഗ്ലാസ് ചേർത്താൽ മതി, ഇത്രയും ചേർത്തതിന് ശേഷം മാത്രം വെള്ളം ചേർക്കണമെങ്കിൽ ചേർക്കുക, കാരണം കുറച്ചു കുറുക്കിയാണ് കലക്കി വയ്ക്കുക, എന്നാൽ ആവശ്യത്തിന് വെള്ളം വേണം, ഒരുപാട് ലൂസ് ആയി ഇരിക്കരുത്.ഇനി ചൂട് കിട്ടുന്നപോലെ കലം എടുത്തു വയ്ക്കുക .ഇനി രാവിലെ ഒരുപാട് പരത്താതെ കുറച്ചു കട്ടിയിൽ ഉണ്ടാക്കി എടുക്കുക, രണ്ടു സൈഡും തിരിച്ചും മറിച്ചും ഇട്ടാണ് ഉണ്ടാക്കേണ്ടത്.
(കള്ളപ്പം ഉണ്ടാക്കാൻ പച്ചരിയേക്കാൾ പുഴുക്കലരി ആണ് നല്ലത്.)
ബീഫ് സ്റ്റു
അവശ്യസാധനങ്ങള്‍
ബീഫ് -1 കിലോ
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് -2 ടീസ്പൂണ്‍
സവാള-4 എണ്ണം
പൊട്ടറ്റോ -2 എണ്ണം
ക്യാരറ്റ് -2 എണ്ണം
ഗ്രീന്‍ പീസ് -100 ഗ്രാം
ബീന്‍സ് -100 ഗ്രാം
കറിവേപ്പില -2 തണ്ട്
ക്യാഷുനട്ട് -50 ഗ്രാം (തേങ്ങാപ്പാലില്‍ കുതിര്‍ത്തു അരക്കാന്‍)
ക്യാഷുനട്ട്, കിസ്മിസ് -10-12 എണ്ണം വീതം നെയ്യില്‍ വറുത്തത്
ഏലക്ക -5 എണ്ണം
ഗ്രാമ്പൂ –5 എണ്ണം
പട്ട -ഒരു ചെറിയ കഷണം
തക്കോലം -2 എണ്ണം
വഴനയില -2 -3 എണ്ണം
കുരുമുളകുപൊടി -2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ )100 എം.എല്‍
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ )200 എം.എല്‍
ഓയില്‍ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി മീഡിയം തരത്തില്‍ കട്ട് ചെയ്‌തെടുത്തു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കൂട്ടി മിക്‌സ് ചെയ്തത് ഒരു മുക്കാല്‍ വേവില്‍ ആക്കി വെക്കുക. ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ആവിയില്‍ വേവിച്ചെടുക്കുക കളര്‍ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാഷുനട്ട്, കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തെടുത്തു വെക്കുക. ഏലക്ക, വഴനയില ഗ്രാമ്പു തക്കോലം പട്ട എന്നിവ കൈകൊണ്ട് ചെറുതായി പൊടിച്ചെടുത്തു ഒരു ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചെറുതായി വറക്കുക. ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. സവാള ബ്രൗണ്‍ ആവരുത്. ഇതിലേയ്ക്ക് ക്യുബ്‌സ് ആയി മുറിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ രണ്ടാംപാല്‍ എന്നിവ ചേര്‍ത്ത് ചെറു തീയില്‍ കൂക്ക് ചെയ്യുക, പകുതി വേവാവുമ്പോള്‍ ആവിയില്‍ വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചേര്‍ത്ത് മുക്കാല്‍ വേവ് ആക്കുക. ഇതിലേക്ക് കുക്ക് ചെയ്തു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മുഴുവനായും കുക്ക് ചെയ്തെടുക്കുക. ഒന്നാം പാലില്‍ ക്യാഷുനട്ട് കുതിര്‍ത്തു അരച്ചെടുത്തു ചേര്‍ക്കുക. ഗ്രേവി കുറുകി വരുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന ക്യാഷുനട്ട്, കിസ്മിസ് ചേര്‍ത്ത് ചൂടോടെ വിളമ്പുക.