കോ ലെൻഡിങ്ങ് അഥവാ കൂട്ടു വായ്പ എങ്ങനെ എടുക്കാം?
കോ-ലെന്‍ഡിങിനെക്കുറിച്ച് നമ്മുടെ നാട്ടിൽ ഉള്ളവർക്ക് അത്ര പരിചയമില്ല. കൂട്ടു വായ്പ എന്നും ഇത് അറിയപ്പെടുന്നു. എന്തായാലും ഇന്ത്യയിൽ ഇത് സാവധാനം പച്ചപിടിച്ച് വരുന്നുണ്ട്.
ബാങ്കിങ് സംവിധാനം എത്തിപ്പെടാത്ത ഗ്രാമീണ മേഖലയിൽ താമസിക്കുന്നവർക്കായിട്ടുള്ള ലോൺ ആവശ്യങ്ങള്‍ മുന്‍കൂട്ടി പരിഗണിച്ചുകൊണ്ടുള്ള ഈ കോ-ലെന്‍ഡിങ് ആര്‍ ബി ഐ മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായിട്ട് ആണ് നിലനിൽക്കുന്നത്. രണ്ട് വായ്പാ സ്ഥാപനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ആവശ്യക്കാര്‍ക്ക് വായ്പ നല്‍കുന്ന രീതിയെന്ന് ലളിതമായി ഇതിനെ നിര്‍വചിക്കാം.
2020ല്‍ ആര്‍ ബി ഐ പുറത്തിറക്കിയ ചട്ടങ്ങളനുസരിച്ച് ഏതെങ്കിലും ബാങ്കും കേന്ദ്രബാങ്കില്‍ റജിസ്‌ട്രേഷനുള്ള ബാങ്കിതര ധനകാര്യ സ്ഥാപനവും ചേര്‍ന്നാണ് ഈ് പദ്ധതി നടപ്പാക്കുന്നത്. ഇവയുടെ സംയുക്ത സംരംഭമാകും വായ്പ അനുവദിക്കുക. ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായും ഇത്തരം വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ കൈകോര്‍ക്കുന്നു. ഇവിടെ ബാങ്കുകള്‍ തിരശീലയ്ക്ക് പിന്നിലായിരിക്കും. വായ്പകള്‍ നല്‍കാനും അത് മുടക്കം കൂടാതെ പിരിച്ചെടുക്കാനും എന്‍ ബി എഫ് സി മുന്നിട്ടിറങ്ങും.
ബാങ്കിങ് സേവനങ്ങള്‍ കുറവുള്ള മേഖലകളില്‍ ഇവര്‍ ഭവന വായ്പ ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ച് വായ്പ അനുവദിക്കും. ബാങ്കുകളാകും വായ്പ തുക കൈമാറുക. എന്‍ബിഎഫ്‌സിയ്ക്കാവും ഇത് കൈമാറുക. അതായത് വായ്പ എടുക്കുന്ന ആളുമായി ബാങ്കുകള്‍ക്ക് നേരിട്ട് ഇവിടെ ബന്ധമുണ്ടാകില്ല. ബാങ്ക് എന്‍ബിഎഫ്‌സിയ്ക്ക് നല്‍കുന്ന പണം അവര്‍ അപേക്ഷകന് കൈമാറുന്നു. വായ്പ തുകയുടെ 80 ശതമാനം ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലും ബാക്കി 20 ശതമാനം ധനകാര്യ സ്ഥാപനങ്ങളുടെ ബാലന്‍സ് ഷീറ്റിലും പ്രതിഫലിക്കും. വായ്പകളുടെ റിസ്‌ക് ഇവിടെ സീറോ ആയി മാറും എന്ന നേട്ടമുണ്ട്. കാരണം വായ്പക്കാരനെ കണ്ടെത്തുന്നതും രേഖകള്‍ വാങ്ങി വായ്പ പ്രോസസ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും ധനകാര്യസ്ഥാപനമാണ്. വായ്പ എടുക്കുന്ന ആളുമായി കരാറുണ്ടാക്കുന്നതും ഇവരായിരിക്കും. ബാങ്കുകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്‍ എന്‍ബിഎഫ്‌സികള്‍ ധാരാളമായുള്ളതിനാല്‍ ഇവിടുത്തെ വായ്പ ആവശ്യങ്ങള്‍ മിതമായ പലിശ നിരക്കില്‍ നിറവേറ്റിക്കൊടുക്കുകയാണ് ഇത്തരം കൂട്ടു വായ്പകളുടെ ഉദേശ്യം. സാധാരണ വായ്പകളേക്കാളും അല്പം പലിശ കൂടുതലായിരിക്കും ഇവിടെ എങ്കിലും എന്‍ ബി എഫ് സികളേക്കാള്‍ കുറവായിരിക്കും. ഇങ്ങനെ നല്‍കുന്ന വായ്പകളില്‍ നിശ്ചിത ശതമാനം സൂക്ഷ്മ-ചെറുകിട-ഇടത്തരം മേഖലയ്ക്കും, കാര്‍ഷിക ഭവന മേഖലയ്ക്കും അനുവദിക്കണമെന്ന് ആര്‍ ബി ഐ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
എസ് ബി ഐ വിവിധ മൈക്രോഫിനാന്‍സ് കമ്പനികളുമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും കൂട്ടു വായ്പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എച്ച് ഡി എഫ് സി ഇന്ത്യാ ബുള്‍സ് ഹൗസിങ് ഫിനാന്‍സുമായി ചേര്‍ന്നും വായ്പകൾ അനുവദിക്കുന്നുണ്ട്. മറ്റ് പ്രമുഖ ബാങ്കുകളാകട്ടെ ഇതേ മാതൃക പിന്‍തുടരുന്നുമുണ്ട്.