തൊഴിലാളികളുടെ കൂട്ടരാജിയില്‍ ഞെട്ടി അമേരിക്ക
തൊഴിൽ ലഭിക്കാതെ വീട്ടിൽ ഇരിക്കുന്നവർ നിരവധി ആണ്. എന്നാൽ, ഇഷ്ടം പോലെ ഒഴിവുകളും ഉണ്ട്. ഒരു പാട് സ്ഥാപനങ്ങൾ ആവശ്യത്തിന് ജീവനക്കാരില്ലാതെ അടച്ചുപൂട്ടുകയാണ്. ഇതു മൂലം ഫാക്ടറികളിലും മറ്റും സാധനസാമഗ്രികളുടെ ഉൽപാദനം കുറയുന്നു. ഇത് ക്ഷാമത്തിലേക്കും നയിച്ചു.
അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥ ആണ് ഈ പറയുന്നത്. മെല്ലെ യൂറോപ്പിലേക്കും പടരുന്നു. സൂക്ഷ്മമായ അന്വേഷണങ്ങൾക്കൊടുവിൽ സാമ്പത്തിക വിദഗ്ധർ ഈ പ്രതിഭാസത്തിന്റെ കാരണങ്ങൾ കണ്ടെത്തി. അത് ഇവയാണ്.
തൊഴിലുടമകൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും നിലവിലുള്ള സേവന–വേതന വ്യവസ്ഥകളിൽ തൊഴിലെടുക്കുന്നതിലും ഭേദം വെറുതെ വീട്ടിലിരിക്കുകയാണെന്നും തൊഴിലാളികൾ ചിന്തിക്കുന്നു.
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകിയ അനുകൂല്യങ്ങളും ഇളവുകളും മൂലം (ആശ്വാസധനം, മോറട്ടോറിയം തുടങ്ങിയവ) പണിയെടുക്കാതെയും ജീവിക്കാം എന്നത് കഴിഞ്ഞ ഒന്നര വർഷംകൊണ്ട് തൊഴിലാളികൾ തിരിച്ചറിഞ്ഞു. കോവിഡ് ലോക്ഡൗണും വർക് ഫ്രം ഹോം സംവിധാനത്തിലുള്ള തുടർജോലിയും തൊഴിലാളികൾ വീട്ടിൽ ചെലവഴിക്കുന്ന സമയത്തിന്റെ മൂല്യം വർധിപ്പിച്ചു. 8 മണിക്കൂർ ജോലിക്കു വേണ്ടി നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്യുന്നതുപോലെയുള്ള ഏർപ്പാടുകൾക്ക് ഇനിയില്ല എന്നു തൊഴിലാളികൾ നിലപാടെടുത്തു.
നാടകീയമെന്നു തോന്നുന്ന ഈ സ്ഥിതിവിശേഷം ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ടുണ്ടായതല്ല. അതിനു കോവിഡ് ആരംഭത്തിലെ ആദ്യ ലോക്ഡൗൺ മുതലുളള സ്വാധീനമുണ്ട്. 2020 ഫെബ്രുവരി–മാർച്ച് മാസങ്ങളിലാണ് ലോകരാജ്യങ്ങൾ കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിച്ചത്. രാജ്യങ്ങൾ കൂട്ടത്തോടെ ലോക്ഡൗണിലായപ്പോൾ ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഉൽപാദനം നിലച്ചു. അതേസമയം, അവശ്യവസ്തുക്കളുടെ ആവശ്യം വർധിച്ചു, പലതിനും ക്ഷാമമുണ്ടായി. ഇവയുടെ ഉൽപാദനവും വർധിപ്പിക്കേണ്ടതായി വന്നു. മുൻനിരപ്പോരാളികൾ, അവശ്യസേവന വിഭാഗം എന്നൊക്കെയുള്ള പേരുകളിട്ട് വിളിച്ച് ഒരു വിഭാഗം ജീവനക്കാരെ കോവിഡിനിടയിലും ജോലിക്കായി നിയോഗിച്ചു. എന്നാൽ, ഇവരുടെ ശമ്പളം വർധിച്ചില്ലെന്നു മാത്രമല്ല, കോവിഡ് സാഹചര്യം ഇവരുടെ ജോലിഭാരം വർധിപ്പിക്കുകയും ചെയ്തു. പലരും കോവിഡ് ബാധിതരായി, ചിലർ മരിച്ചു. ഇൻഷുറൻസ് ആനുകൂല്യമോ ചികിത്സാ ചെലവുകളോ ലഭിക്കാതെ വന്നതോടെ ഇവരിൽ പലരും ജോലി ഉപേക്ഷിച്ചു. പലരും എന്നു പറയുമ്പോൾ ലക്ഷക്കണക്കിനാളുകളുടെ കാര്യമാണ്. റസ്റ്ററന്റ് ജീവനക്കാർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങി കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള ‘ഗിഗ്’ മേഖലയിലെ ജീവനക്കാരാണ് കോവിഡിന്റെ മറവിൽ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന തിരിച്ചറിവിൽ ജോലി ഉപേക്ഷിച്ചവരിലേറെയും.
ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടവർ സൃഷ്ടിച്ച വിടവ് നിലനിൽക്കെയാണ് അവശ്യമേഖലകളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ജോലി ഉപേക്ഷിച്ചു തുടങ്ങിയത്. ഇതേ സമയം, വലിയൊരു വിഭാഗം ജീവനക്കാർ വർക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്തിരുന്നു. ഇവർക്ക് പുതിയ ജോലി സംവിധാനം ശീലമായി. നഗരകേന്ദ്രങ്ങളിലെ ഓഫിസുകൾക്കു സമീപം താമസിക്കുന്നതിന്റെ ചെലവ് കുറഞ്ഞതോടെ ശമ്പളത്തിൽനിന്നും ജോലിക്കായി ചെലവാകുന്ന തുക ഗണ്യമായി കുറഞ്ഞു.
ജോലിസ്ഥലത്ത് എത്താൻ ദിവസവും മണിക്കൂറുകൾ യാത്ര ചെയ്തിരുന്നവർക്ക് സമയവും ലാഭം. ഇതിനെല്ലാം പുറമേയാണ് വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനായതിന്റെ ഗുണങ്ങളും. ലോക്ഡൗണിനു ശേഷം സ്ഥാപനങ്ങൾ തുറക്കുകയും ജീവനക്കാരെ ഓഫിസുകളിലേക്കു തിരികെ വിളിച്ചു തുടങ്ങുകയും ചെയ്തപ്പോൾ വർക് ഫ്രം ഹോം സംവിധാനത്തിൽ വീട്ടിലിരുന്നവരിൽ പലരും ജോലി ഉപേക്ഷിക്കുന്നതാണ് ലാഭകരം എന്നു തിരിച്ചറിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ, സമ്പദ്‌വ്യവസ്ഥ ഉണരുകയും തൊഴിലാളികളെ ആവശ്യമായി വരികയും ചെയ്ത സമയത്ത് ജോലികളിൽ തിരികെ പ്രവേശിക്കുകയും ചെയ്യുന്നതിനു പകരം തൊഴിലാളികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു തുടങ്ങി.
ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ മേയ്സ് ബിസിനസ് സ്കൂൾ പ്രഫസർ ആന്റണി ക്ലോട്സ് ആണ് അസാധാരണമായ ജോലി ഉപേക്ഷിക്കൽ പ്രതിഭാസത്തെ ‘ദ് ഗ്രേറ്റ് റെസിഗ്നേഷൻ’ എന്ന് ആദ്യമായി വിശേഷിപ്പിച്ചത്. വിവിധ മേഖലകളിൽനിന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മാധ്യമങ്ങൾ ആ വിശേഷണം ഏറ്റെടുത്തു. 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യുഎസിൽ മാത്രം ഒരു കോടിയോളം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ, ജോലി രാജിവയ്ക്കുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭീതി പ്രബലമായിരുന്ന സമയത്ത് ഉള്ള ജോലിയിൽ തുടരുക എന്നതായിരുന്നു പ്രധാനം.
ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി കിട്ടാനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവും രാജി വയ്ക്കൽ നിരക്ക് കുറച്ചു. 7 വർഷത്തെ ഏറ്റവും കുറഞ്ഞ ജോലി ഉപേക്ഷിക്കൽ നിരക്കായിരുന്നു ഈ സമയത്ത്– 1.6 ശതമാനം. 1929 30 കാലഘട്ടത്തെ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത്, തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായിരുന്നപ്പോൾ യുഎസിലെ ജോലി ഉപേക്ഷിക്കൽ നിരക്ക് 1.3 ശതമാനമായി കുറഞ്ഞിരുന്നു. സമാനമായ ഭീതിയും ആശങ്കയുമാണ് കോവിഡ് ലോക്ഡൗണിന്റെ ആദ്യനാളുകളിൽ നിലനിന്നിരുന്നത്. എന്നാൽ, പിന്നീടുള്ള മാസങ്ങളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. യുഎസിലെ ജോലി ഉപേക്ഷിക്കൽ നിരക്ക് കുത്തനെ ഉയർന്നു. പല മേഖലകളിലും ഇത് 6 മുതൽ 8 ശതമാനം വരെയായി. 2021 ഏപ്രിൽ മുതൽ ഓരോ മാസവും ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം റെക്കോർഡുകൾ തിരുത്തി. ഓഗസ്റ്റിൽ മാത്രം ജോലി ഉപേക്ഷിച്ചവർ 40 ലക്ഷമാണ്. അതേ സമയം, യുഎസ് തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് വിവിധ മേഖലകളിലായി നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകൾ 1.04 കോടിയും.
ഓരോ മാസവും ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതോടെ ഈ വിടവും വർധിക്കുന്നതേയുള്ളൂ. ജോലി ഉപേക്ഷിക്കൽ പ്രതിഭാസം ശക്തമായതോടെ സമസ്തമേഖലകളിലും പ്രതിസന്ധി ഉടലെടുത്തു. തൊഴിലാളി ക്ഷാമം മൂലം കടകൾ അടഞ്ഞു. ഫാക്ടറികൾ തുറക്കാനായില്ല. ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെ ക്ഷാമം ചരക്കുനീക്കത്തെ ഉൾപ്പെടെ ബാധിച്ചു. ഇത് ക്ഷാമത്തിലേക്കും അതുവഴി വിലക്കയറ്റത്തിലേക്കും നയിച്ചു. വിലക്കയറ്റവും ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയതോടെ കൂടുതൽ ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും നൽകി ജീവനക്കാരെ ആകർഷിക്കാൻ കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്. ഇത് ഇപ്പോൾ പ്രകടമായിത്തുടങ്ങിയിരിക്കുന്നു. മണിക്കൂർ അടിസ്ഥാനത്തിൽ ശമ്പളം കണക്കാക്കുന്ന പല മേഖലകളിലും മണിക്കൂറിന് 5 ഡോളർ വരെ വർധന വാഗ്ദാനം ചെയ്താണ് സ്ഥാപനങ്ങൾ തൊഴിലാളികളെ ക്ഷണിക്കുന്നത്. എന്നിട്ടും, തൊഴിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാനെത്തുന്നത് വിരലിലെണ്ണാവുന്നത്രയും പേർ മാത്രം.
ജോലി ഉപേക്ഷിക്കുന്ന ലക്ഷക്കണക്കിനാളുകൾ എവിടെപ്പോകുന്നു എന്നതാണ് അടുത്ത ചോദ്യം. പുതിയൊരു ജോലിയിൽ പ്രവേശിക്കാൻ ആർക്കും തിടുക്കമില്ല. സാമൂഹികസുരക്ഷാ പദ്ധതികളുടെ പിൻബലവും ചെലവു കുറഞ്ഞ ജീവിതശൈലിയും ജോലിയെയും ജീവിതത്തെയും സംബന്ധിച്ച അടിസ്ഥാന കാഴ്ചപ്പാടിൽ തന്നെ മാറ്റം വരുത്തിയിരിക്കുന്നു. വരുമാനത്തിനു വേണ്ടി ജോലിക്കു പോയിരുന്ന അനേകം പേർ ഇഷ്ടമുള്ള ജോലി ചെയ്ത് വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്നു.
ഇത്തരത്തിൽ ജോലി ഉപേക്ഷിച്ച് ‘പാഷൻ’ പിന്തുടരുന്നവർ ഏറെയും 1990നു ശേഷം ജനിച്ചവരാണെന്നാണ് കണക്കുകൾ. ഗിഗ് മേഖലയിലെ തൊഴിലാളികൾക്ക് ലോക്ഡൗൺ കാലത്ത് ടെക് ഭീമന്മാർ കൊയ്തുകൂട്ടിയ ലാഭത്തിന്റെ ചെറിയ പങ്കുപോലും വേതന വർധനയായി ലഭിച്ചില്ല എന്ന പരാതിയാണ് ജോലി ഉപേക്ഷിക്കുന്നതിനു കാരണമായത്. ജോലി ജോലി ഉപേക്ഷിക്കുന്നവർ പുതിയ ജോലിക്കു ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ആർക്കും തിടുക്കമില്ല. 2022 സാമ്പത്തികവർഷത്തോടെ പുതിയ ജോലികളിൽ പ്രവേശിക്കുകയോ സ്വന്തം സംരംഭങ്ങൾ തുടങ്ങുകയോ ഒക്കെയാണ് മിക്കവരുടെയും ലക്ഷ്യം. സ്ട്രൈക്ക്, ഒക്ടോബർ എന്നീ വാക്കുകൾ ചേർത്തു സൃഷ്ടിച്ച വാക്കാണ് സ്ട്രൈക്ടോബർ. തൊഴിലാളിസമരങ്ങളുടെ മാസമായി മാറിയ ഒക്ടോബറിനെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കും നിലവിൽ മുന്നിലില്ല. യുഎസിൽ മാത്രമല്ല, ഇലക്ട്രോണിക് ഭീമന്മാരുടെ ആസ്ഥാനമായ ദക്ഷിണ കൊറിയയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും തൊഴിലാളി സമരങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സമരപരമ്പരകൾക്കുള്ള കാരണവും മുകളിൽ പറഞ്ഞതുതന്നെ. തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ തൊഴിലാളികൾ യൂണിയൻ രൂപീകരിച്ചു പണിമുടക്കുന്നതും സേവന–വേതന വ്യവസ്ഥകളിൽ മാറ്റം ആവശ്യപ്പെടുന്നതുമാണ് സ്ട്രൈക്ടോബറിന്റെ പ്രത്യേകത.
ആവശ്യവിഭാഗങ്ങളായി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇപ്പോൾ പണിമുടക്കുന്നവരിലേറെയും. കോൺഫ്ലേക്സ് നിർമാതാക്കളായ കെല്ലോഗ്സ്, ദക്ഷിണകൊറിയയിലെ എൽജി തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഫാക്ടറികളൊക്കെ പണിമുടക്കിന്റെ ചൂടറിഞ്ഞു.
ഒരു വിധത്തിൽ പറഞ്ഞാൽ നിരന്തര ചൂഷണം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന തൊഴിലാളി സമൂഹം 1930ലെ ആഗോളസാമ്പത്തിക മാന്ദ്യം മുതൽ തിരിച്ചടിക്കുകയാണ് എന്ന തരത്തിലുള്ള നിരീക്ഷണമുണ്ടായി. ഇതൊക്കെ സേവന വ്യവസ്ഥകളുടെയും തൊഴിൽ സാഹചര്യങ്ങളുടെയും മറ്റും നവീകരണത്തിനും ശമ്പള വർധനവിനും കാരണമാകുന്നുണ്ട് എന്നതിനെ കുറിച്ചും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.