ബോളിവുഡ് ഗായകന്‍ ഭാവഗായകന്‍മുകേഷിന്‍റെ 48ാം ഓര്‍മ്മദിനം

നേർത്ത വിഷാദ ഛവിയുള്ള ശബ്ദത്താൽ ഹിന്ദി സിനിമാ സംഗീതലോകത്തെ തന്റെ ആരാധകരാക്കിയ ഗായകൻ മുകേഷ്. എങ്ങോ പോയി മറഞ്ഞ വസന്തകാലത്തിന്റെ സ്മരണയാണ് അനശ്വര ഗായകൻ മുകേഷിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മുടെ മനസിലേയ്ക്ക് ഓടി എത്തുന്നത്. 1923 ജൂലൈ 23ന് ദില്ലിയിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച മുകേഷ് ചന്ദ് മാതുർ എന്ന മുകേഷ് ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ചത് അനശ്വര ഗാനങ്ങളാണ്.

ഹം നേ തും കോ പ്യാർ കിയാഹേ ജിത്‌ന… തുടങ്ങി ഹിറ്റ് ഗാനങ്ങൾ മുകേഷിനെ അനശ്വരനാക്കി. കെ എൽ സൈഗാളിന്റെ ആരാധകനായിരുന്ന മുകേഷ്, അദ്ദേഹത്തിന്റെ പാട്ടുകൾ കാണാതെ പഠിച്ച് പാടുക എന്നത് അദ്ദേഹത്തിന്റെ പ്രധാന വിനോദമായിരുന്നു. ഒരു വിവാഹച്ചടങ്ങിൽ പാടുന്നതിനിടയിലാണ് മുകേഷിലെ ഗായകനെ നടൻ മോട്ടിലാൽ ശ്രദ്ധിച്ചത്, അദ്ദേഹത്തോടൊപ്പം മുംബൈയിലെത്തിയ മുകേഷ് പണ്ഡിറ്റ് ജഗൻനാഥ പ്രസാദിന്റെ കീഴിൽ സംഗീതം അഭ്യസിച്ചു.

1941ൽ പുറത്തിറങ്ങിയ നിർദോഷ് എന്ന ചിത്രത്തിൽ പാടാനും അഭിനയിക്കാനുമുള്ള അവസരം അദ്ദേഹത്തെ തേടി എത്തി. 1945 ൽ പുറത്തിറങ്ങിയ പെഹലി നസർ എന്ന ചിത്രമാണ് മുകേഷ് എന്ന ഗായകനെ ബോളിവുഡിൽ പ്രശസ്തനാക്കിയത്. മുകേഷിന്റെ ഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ രാജ് കുമാറിനെ ഒരിക്കലും വിസ്മരിക്കാനാവില്ല.

അക്കാലത്തെ സൂപ്പർനായകൻ രാജ്കുമാറിന്റെ സ്ഥിരം ശബ്ദമായിരുന്നു മുകേഷിന്റേത്. നീൽ കമൽ എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് മുകേഷ് രാജ്കപൂർ ജോഡി തുടങ്ങുന്നതെങ്കിലും ഇരുവരുടേയും ആദ്യത്തെ ഹിറ്റ് 1948 ൽ പുറത്തിറങ്ങിയ ആഗ് ആയിരുന്നു. ആഗിന് ശേഷം മുകേഷ് രാജ്കപൂർ ജോഡിയുടെ വസന്തകാലമായിരുന്നു. മേരാ നാം ജോക്കർ, അനാഡി തുടങ്ങിയ മ്യൂസിക്കൽ ഹിറ്റുകളായ നിരവധി ഗാനങ്ങൾ ഇവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 1974 ൽ പുറത്തിറങ്ങിയ രജ്‌നിഗന്ധ എന്ന ചിത്രത്തിലെ
കയ് ബാർ യുഹി ദേഖാ ഹേ…. എന്ന ഗാനം ആലപിച്ചതിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 1976 ആഗസ്റ്റ് 27ന് തന്റെ 53-ാം വയസിൽ അന്തരിക്കുമ്പോൾ ബോളീവുഡിന് നഷ്ടപ്പെമായത് ഗാനങ്ങളുടെ ഒരു വസന്തത്തെയായിരുന്നു.
കഭീ കഭീ മേരേ ദിൽ മേ ഖയാൽ ആതാ ഹേ… ഈ ഗാനം മൂളാത്തവർ രാജ്യത്ത് ഇല്ലെന്നു പറയാം. ആർക്കും പാടാവുന്ന ഈണവും അത്യന്തം കാൽപ്പനികമായ അർഥവും ഏതു ഹൃദയത്തെയാണു കവിതയാക്കാത്തത്. അതുകൊണ്ടുതന്നെ എത്ര ഭാഷകളിൽ, എത്ര സിനിമകളിൽ ഈ ഗാനം പിന്നീട് ഉപയോഗിച്ചു എന്നു കണക്കില്ല.

മലയാളത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ‘മായാമയൂര‍’ത്തിൽ ചിത്രയുടെ ശബ്ദത്തിലും നാമിതു കേട്ടു. രംഗത്ത് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതു രേവതിക്ക്. ഉപകരണ സംഗീത വിദഗ്ധരുടെയും യുവജനോൽസവ വേദികളുടെയും എക്കാലത്തെയും പ്രിയഗാനം കൂടിയാണിത്. ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ ഏറ്റവും മികച്ച പ്രണയ രചനകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ ഗാനം സത്യത്തിൽ സിനിമയ്ക്കുവേണ്ടി എഴുതിയതല്ല. താൻ എഴുതിയ ഒരു ഉറുദു കവിതയിലെ ഏതാനും വരികൾ സിനിമാ ഗാനത്തിനായി സാഹിർ ലുധിയാൻവി ഹിന്ദിയിലേക്കു മാറ്റി നൽകിയതാണ്. കവിത കൂടുതൽ തത്ത്വചിന്താപരവും സിനിമാപാട്ട് കൂടുതൽ കാൽപ്പനികവുമായി.


1976-ൽ യാഷ് ചോപ്ര സംവിധാനം ചെയ്ത ‘കഭീ കഭീ’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനമാണ്. സാഹിർ ലുധിയാൻവിയുടെ രചനയ്ക്ക് സംഗീത സംവിധായകനായ മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി ആണ് ഈണം പകർന്നത്. ഈ ഗാനത്തിന് 1976 ലെ മികച്ച രചന, സംഗീതം, ആലാപനം എന്നീ 3 ഫിലിം ഫെയർ പുരസ്കാരങ്ങൾ ലഭിച്ചു. ലതാ മങ്കേഷ്കറും മുകേഷും ചേർന്നു പാടുന്ന യുഗ്മഗാനത്തിന്റെ മറ്റൊരു ട്രാക്കും ചിത്രത്തിലുണ്ട്. വിവാഹ രാത്രിയിൽ മണിയറയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഈ ഗാനരംഗത്തിൽ രാഖിയും ശശി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്.


ഹസ്രത്ത് ജയ്പൂരി രചിച്ച് ജയ് കിഷൻ സംഗീതം നൽകിആവാരാ ഹൂം യാ ഗർദിശ് മേ ഹൂം ആസ്‌മാന്‌ കാ താരാ ഹൂം…. അന്താരാഷ്‌ട്ര ശ്രദ്ധ കിട്ടിയ ആദ്യ ഹിന്ദി ഗാനമായിരിക്കും ആവാര ഹൂം. പഴയ സോവിയറ്റ് യൂണിയന്‍, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ പാട്ട് വലിയ പ്രചാരം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയില്‍ ആസ്വദിക്കപ്പെട്ടിരുന്നു. വിഷ്ണുലോകം എന്ന സിനിമയിൽ മോഹൻലാൽ വളരെ മനോഹരമായാണ് ഈ ഗാനം പാടി അഭിനയിച്ചത്. ചൈനീസ് ഭരണത്തലവന്‍ മൗ സെ ദൊങ്ങിന് ആ പാട്ടിന്റെ ചൈനീസ്‌ പതിപ്പ് ഇഷ്‌ടമായിരുന്നു. യൂടൂബില്‍ ലക്ഷത്തിലേറെപ്പേർ കണ്ടു.


കടപ്പാട് : വിവിധ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *