കണ്ണാടിച്ചെടി നട്ട് പൂന്തോട്ടം കളര്‍ഫുളളാക്കാം
പ്രകൃതിയുടെ ചായകൂട്ടാണ് കണ്ണാടിച്ചെടിയെന്ന കോളിയസ് .ലാമിയേസി കുടുംബത്തിൽപെട്ട സസ്യമാണിത്. മാസം മാറിയെന്നും ചിലയിടങ്ങളില്‍ കോളിയസ് അറിയപ്പെടുന്നുണ്ട്. വെയിലത്തും തണലത്തും വളർത്താനാവും.
എന്നാൽ നിറങ്ങളുടെ മനോഹാരിത ഏറ്റവുമധികം വ്യക്തമാകുന്നത് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ നടുമ്പോള്‍ മാത്രമാണ്. പലതരത്തിലും നിറത്തിലുമുള്ള കോളിയസ് ചെടികൾ ഒരുമിച്ചു നിർത്തുന്നത് പൂന്തോട്ടത്തെ കൂടുതൽ ആകർഷകമാക്കും.പല നിറങ്ങളിലും ആകൃതിയിലുമുള്ള ഇലകളുള്ള കോളിയസ് ചെടികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അകത്തളങ്ങളിൽ സൂക്ഷിക്കുന്ന ഇൻഡോർ ഇനങ്ങളും പ്രചാരത്തിലുണ്ട്.

നടുന്നത് എങ്ങനെ
വളരെ എളുപ്പത്തിൽ നട്ടുവളർത്താവുന്ന സസ്യമാണിത്. മൂന്ന് മുട്ടുകളുള്ള തണ്ടുകൾ ചട്ടികളിലോ പോളിത്തീൻ കവറിലൊ ഗ്രോബാഗിലോ തറയിലോ നട്ട് തൈകൾ ഉൽപാദിപ്പിക്കാം.നല്ല നീർവാർച്ചയുള്ള മണ്ണു വേണം. ലോലമായ തണ്ടുകളും ഇലകളും കൃത്യമായി നന ലഭിച്ചില്ലെങ്കിൽ വാടിപ്പോകാൻ സാധ്യതയുണ്ട്.
ചാണകപ്പൊടി, നന്നായി നേർപ്പിച്ച ഗോമൂത്രം, പിണ്ണാക്ക് തെളി നേർപ്പിച്ചത്, ചാണകത്തെളി എന്നിങ്ങനെയുള്ള ജൈവവളങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ മണ്ണിൽ ചേർത്തു കൊടുത്താൽ ഇവ പെട്ടെന്നുതന്നെ തഴച്ചുവളരും. ഇവയുടെ പൂക്കൾ കാഴ്ചയിൽ ഭംഗിയുള്ളവയാണെങ്കിലും പൂക്കാൻ അനുവദിച്ചാൽ ചെടിയുടെ മൊത്തത്തിലുള്ള ഭംഗി നഷ്ടപ്പെടും. പൂക്കാൻ തുടങ്ങുമ്പോൾ അറ്റം വെട്ടി നിർത്തുന്നത് നല്ലതാണ്.