തലച്ചോറിന്‍റെ വാര്‍ദ്ധക്യത്തിന് വേഗം കൂടുന്നതായി പഠനറിപ്പോര്‍ട്ട്
കോവിഡ് ബാധിച്ചാലും ഇല്ലെങ്കിലും മഹാമാരി അനുഭവം തലച്ചോറിനെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. വൈറസ് മാത്രമല്ല, ലോക്ക്ഡൗണിന്റെ സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ അടക്കം വിവിധ ഘടകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഇത് കാണിക്കുന്നതെന്നും നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാമാരിക്ക് മുന്‍പുള്ള തലച്ചോറുകളെ അപേക്ഷിച്ച് മഹാമാരി കാലഘട്ടത്തില്‍ തലച്ചോറുകള്‍ ഏകദേശം 5.5 മാസം വേഗത്തില്‍ പ്രായമായതായും സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. പുരുഷന്മാരിലും പ്രായമായവരിലും ആരോഗ്യക്ഷമത കുറഞ്ഞവരിലും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ളവരിലും ഈ ആഘാതം കൂടുതലായി കാണപ്പെടുന്നു.
യുകെ ബയോബാങ്ക് പഠനത്തില്‍ നിന്നുള്ള സീരിയല്‍ ന്യൂറോ-ഇമേജിങ്ങും ഡാറ്റയും മഹാമാരിക്ക് മുമ്പും ശേഷവുമുള്ള ബ്രെയിന്‍ സ്‌കാനുകളും ഗവേഷകര്‍ ഉപയോഗിച്ചാണ് ഈ കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്.
തലച്ചോറിന്റെ ആരോഗ്യം പരിപാലിക്കുന്നതിന് സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക, ശാരീരികമായി സജീവമായി തുടരുക, മതിയായ ഉറക്കം, സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക, സമീകൃതാഹാരം കഴിക്കുക, ചെറിയ ഇടവേളകള്‍ എടുക്കുക, പഠനത്തിലൂടെയും മാനസിക പ്രവര്‍ത്തനങ്ങളിലൂടെയും മനസ്സിനെ സജീവമായി നിലനിര്‍ത്തുക എന്നിവയാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.