ധവളവിപ്ലവത്തിന്‍റെ പിതാവ് ഡോ. വർഗീസ് കുര്യന്‍റെ 10-ാം ചരമവാർഷികം
ധവള വിപ്ലവത്തിന്റെ നായകനായ ഡോക്ടർ വർഗീസ് കുര്യന്റെ ജന്മദിനം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നു. 1921 നവംബർ 26 നാണ് അദ്ദേഹം ജനിച്ചത്. ക്ഷീര കർഷകരെ ഒന്നുമില്ലായ്മയിൽ നിന്ന് കൈപിടിച്ചുയർത്താൻ ഈ കോഴിക്കോട്ടുകാരൻ നടത്തിയ പ്രയത്നമാണ് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന പദവി സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത്. ഫിസിക്സും ന്യൂക്ലിയർ സയൻസും പഠിക്കാൻ ആഗ്രഹിച്ച വർഗീസ് കുര്യൻ എന്ന കോഴിക്കോട്ടുകാരന്റെ ജീവിത നിയോഗം പക്ഷേ മറ്റൊന്നായിരുന്നു.
ഉപരിപഠനം കഴിഞ്ഞെത്തിയ വർഗീസ് കുര്യനെ ഗുജറാത്തിലെ ആനന്ദ് എന്ന കുഗ്രാമത്തിലേക്കാണ് സർക്കാർ നിയോഗിച്ചത്.8 മാസം കൊണ്ട് തന്നെ അവിടെ നിന്ന് രാജിവെച്ചു രക്ഷപെടാൻ ശ്രമിച്ച വർഗീസ് കുര്യൻ അവിചാരിതമായാണ് ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും ക്ഷീരകർഷകരെ രക്ഷിക്കുന്നതിനുള്ള ഒരു മഹാ മുന്നേറ്റത്തിന്റെ ഭാഗമായി മാറിയത്.1950ഇൽ കെയ്റ മിൽക്ക് യൂണിയൻ ജനറൽ മാനേജർ ആയി ചുമതലയേറ്റ വർഗീസ് കുര്യൻ ആനന്ദിലെ ക്ഷീരകർഷകരുടെ ആനന്ദം നിറഞ്ഞ നാളുകൾക്ക് തുടക്കമിട്ടു.
ഒന്നുമില്ലായ്മകളിൽ വലഞ്ഞ ക്ഷീരകർഷകരുടെ ഒരുമിച്ച് കൂട്ടി അവരെ ശക്തിപ്പെടുത്തി 1957ഇൽ അമൂൽ എന്ന ബ്രാൻഡിന് തുടക്കമിടാൻ അദ്ദേഹത്തിന് സാധിച്ചു. പാൽപ്പൊടിയും, കണ്ടൻസ്ഡ് മിൽക്കും വികസിപ്പിച്ചതോടെ കുത്തക ബ്രാൻഡുകളോട് മത്സരിച്ച് പിടിച്ചുനിൽക്കാൻ അമൂലിനു സാധിച്ചു. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ വേണ്ടിയാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി വർഗീസ് കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡിന്റെ ചെയർമാനാക്കി നിയമിച്ചത്.
പിന്നീട് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി മാറി. അമൂലിന്റെ വിജയ പാഠങ്ങൾ രാജ്യമെമ്പാടും വ്യാപിപ്പിക്കാനും ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം എന്ന നേട്ടം ഇന്ത്യക്ക് കൈവരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വം സഹായിച്ചു. വർഗീസ് കുര്യന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി രാജ്യം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. 1999 ൽ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ തുടങ്ങിയ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1989 ൽ വേൾഡ് ഫുഡ് പ്രൈസ്, 1963 ൽ മാഗ്‌സസെ പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിൽ മിൽമ പോലൊരു പ്രസ്ഥാനം സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത് ഗുജറാത്തിലെ ആനന്ദ് യൂണിറ്റിന്റെ വിജയമാണ്. മിൽമയുടെ തുടക്ക സമയത്ത് വർഗീസ് കുര്യന്റെ സഹായവും മേൽനോട്ടവും ഏറെ ഗുണപ്രദമായിട്ടുണ്ട്. ഓപ്പറേഷൻ ഫ്‌ളഡിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളത്തേയും ഉൾക്കൊള്ളിച്ചത്. 1980-1987 കാലഘട്ടത്തിലാണ് കേരളത്തിൽ ഇതിന് തുടക്കം കുറിച്ചത്.
തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ടു ജില്ലകളിലായിരുന്നു പദ്ധതി തുടങ്ങിയത്. തുടക്കത്തിൽ കർഷകരിൽ നിന്നും പാൽ സംഭരിച്ച് വിതരണം നടത്തിയിരുന്നത് 1980 ൽ ആരംഭിച്ച കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന സഹകരണ സംഘമായിരുന്നു. എന്നാൽ 1983 ഏപ്രിൽ 1 ന് മിൽമ നിലവിൽ വരുകയും സഹകരണ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.2012 സെപ്റ്റംബർ 9 ന് അന്തരിച്ചു.
കടപ്പാട് വിവിധമാധ്യമങ്ങള്‍