‘എഴുത്തോല’ അറിവിന്‍റെ ഉറവിടം
കടലാസ് പ്രചാരത്തിലാകുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിനു ഉപയോഗിച്ചിരുന്ന ഒരു മാധ്യമമായിരുന്നു താളിയോല. ഉണങ്ങിയ പനയോലയാണ് താളിയോല ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നത്. പുരാതനകാലത്തെ മതപരവും സാഹിത്യപരവും ആയുർവേദ സംബന്ധവുമായ രചനകളെല്ലാം താളിയോലകളിലായിരുന്നു. 1960കൾ വരെ കളരിയാശാൻമാർ കുട്ടികൾക്കുള്ള പാഠങ്ങൾ എഴുതിക്കൊടുത്തിരുന്നത് താളിയോലകളിലാണ്. നാരായം എന്നറിയപ്പെടുന്ന മൂർച്ചയുള്ള ചെറിയ ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു ഈ ഓലകളിൽ എഴുതിയിരുന്നത്.
വാമൊഴിയില്‍ സൂക്ഷിച്ചുപോന്ന അറിവുകള്‍ കാലാന്തരത്തില്‍ ലിപിയുടെ ആവിഷ്ക്കാരത്തോടെ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. അച്ചടിവിദ്യ പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് എഴുതുന്നതിനു നിരവധി മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്നു. ഉണങ്ങിയ ഇല, ശിലകള്‍, തടി, വസ്ത്രം എന്നിവ ഉപയോഗിച്ചിരുന്നു.
തെക്കേ ഇന്ത്യയില്‍ പന സുലഭമായി വളര്‍ന്നിരുന്നു. അതിനാല്‍ ഇവിടെ പനയോല എഴുതുന്നതിനു പ്രധാനമായും ഉപയോഗിച്ചിരുന്നു. പ്രത്യേക രീതിയില്‍ പരുവപ്പെടുത്തിയ പനയോലയാണ് എഴുത്തിനുപയോഗിച്ചിരുന്നത്.
ആവശ്യമായ അളവില്‍ മുറിച്ചെടുത്ത താളിയോല പാലും വെള്ളവും ചേര്‍ത്ത മിശ്രിതത്തില്‍ മഞ്ഞളിട്ട് പലതവണ പുഴുങ്ങി ഉണക്കിയെടുത്തു നേര്‍ത്ത കല്ലുകൊണ്ടോ കവടി കൊണ്ടോ ഉരച്ച് മൃദുവാക്കുന്നു. അതിനുശേഷം ഓലകളില്‍ തുല്യമായ അളവില്‍ സുഷിരമിടുന്നു. ഓലകളുടെ ഇരുവശത്തും സുഷിരമിട്ട പലകവയ്ക്കുന്നു.
ഈ സുഷിരത്തിലൂടെ ചരട് കടത്തി കെട്ടി വയ്ക്കുന്നതുകൊണ്ടാണ് ഗ്രന്ഥം എന്ന പേരുവന്നത്. (ഗ്രന്ഥേന ഇതി ഗ്രന്ഥ:) ഉത്തരേന്ത്യയില്‍ മഷി കൊണ്ടും ദക്ഷിണേന്ത്യയില്‍ നാരായം കൊണ്ടുമാണ് താളിയോലയില്‍ എഴുതിയിരുന്നത്. അക്ഷരങ്ങളുടെ വ്യക്തതയ്ക്കുവേണ്ടി മരക്കരിയോ വിളക്കുകരിയോ പുരട്ടിയിരുന്നു.ഓലകളിലെ എഴുത്തിനെപ്പറ്റി പറഞ്ഞാൽ 18, 19 നൂറ്റാണ്ടുകളിൽ ഇപ്പോഴത്തെ മലയാളം അഥവാ മോഡേൺ മലയാളം ആണു കണ്ടു വരുന്നത്. അതിനു മുന്നോട്ട് 17 നൂറ്റാണ്ടുകളിൽ മലയാളത്തിന്റെ തന്നെ പഴയ ലിപിയായ കോലെഴുത്ത് പിന്നെ തമിഴ് എന്നിവയാണു ഉപയോഗിച്ചിട്ടുള്ളത്.
ഗ്രന്ഥരചനയ്ക്കു പുറമേ പ്രാചീനകാലത്ത് സന്ദേശങ്ങൾ അയയ്ക്കുന്നതിന് (അധികവും രാജാക്കന്മാർ) താളിയോല ഉപയോഗിച്ചിരുന്നു. വിശേഷരീതിയിലുള്ള ചിത്രപ്പണികൾ ചെയ്ത താളിയോല ഗ്രന്ഥങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ‘ചിത്ര രാമായണം’ ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.
കടപ്പാട് രാജീവ്(പഴമ ഫേസ്ബുക്ക് പേജ്),വിക്കിപീഡിയ