കെഎസ്ആര്‍ടിസി ബസിൽ ഫീൽഡ് ട്രിപ്പ് കുറിപ്പ്

കെഎസ്ആര്‍ടിസി ബസില്‍ കുട്ടികളെയുംകൊണ്ട് ടൂറിന് പോയ അധ്യാപകന്‍റെ കുറിപ്പ് വൈറലാകുന്നു.

കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് പോസ്റ്റ്

കേട്ടപ്പോ തന്നെ കുട്ടികളുടെ നെറ്റി ചുളിഞ്ഞു.അവരെ പറഞ്ഞിട്ടും കാര്യമില്ല. ലേസർ ലൈറ്റുകളും ആധുനിക മ്യൂസിക് സിസ്റ്റവും സ്‌നോയും തുടങ്ങി വെള്ളം വരെ ചീറ്റുന്ന നക്ഷത്ര ബസ്സുകൾ അരങ്ങു വാഴുന്ന കാലത്ത് ആന വണ്ടിയിൽ ഒരു സ്കൂൾ ട്രിപ്പ് പോവാൻ പറഞ്ഞാൽ ആരും ഒന്നു അന്തം വിടും. പക്ഷെ ഞങ്ങൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു… ഭൂരിപക്ഷം മലയാളികളുടെയും ജീവിതത്തോട് അത്രമേൽ വൈകാരികമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് ഈ ആന വണ്ടികൾ.

നഗരങ്ങളെയും ഗ്രാമങ്ങളെയും ഹൈ റേഞ്ചിനേയും എല്ലാം പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു സഞ്ചാരി. ഈ വണ്ടിയെ കുട്ടികളും അറിയണം. അത് കൊണ്ട് തന്നെയാണ് താമരശ്ശേരി ഡിപ്പോയിൽ വിളിച്ചു കാര്യം പറഞ്ഞത്.കാര്യം പറഞ്ഞപ്പോൾ അവർക്കും സന്തോഷം. പോരായ്മകൾ ഉണ്ടെങ്കിലും കുരുന്നുകൾക് വേണ്ടി ഡിപ്പോയിലെ നല്ല ഒരു ബസ്സ് ബലൂണുകൾ കൊണ്ട് അലങ്കരിച്ച് മൈക്കും സ്പീക്കറും അടക്കം സെറ്റ് ചെയ്തായിരുന്നു ഞങ്ങൾക് വേണ്ടി എത്തിയത്.

ജില്ലാ ടൂറിസം കോഡിനേറ്റർ ബിന്ദു മാഡവും ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ ബൈജു സാറും നേരിട്ടെത്തി മധുരം നൽകിയാണ് ഞങ്ങളുടെ യാത്രതുടങ്ങിയത്.തോണിക്കടവ് എന്ന മനോഹരമായ സ്ഥലത്തേക്കായിരുന്നു യാത്ര. കൗതുകം എന്ന് പറയട്ടെ..ബസ്സിൽ കയറിയതോടെ കുട്ടികളുടെ എല്ലാ സങ്കടവും മാറി. ആന വണ്ടി യാത്ര അവർ ശരിക്കും അസ്വദിക്കുന്നുണ്ടായിരുന്നു. അവരിൽ പലരും KSRTC ബസ്സിൽ കയറുന്നത് ആദ്യമായിട്ടായിരുന്നു. പാട്ടും ഡാൻസുമായി യാത്രയെ അവർ ആഘോഷമാക്കിയപ്പോൾ ബസ് ജീവനക്കാരായ റോബിൻ ജോസ്, ഷംസുദ്ധീൻ, പ്രണീഷ് എന്നിവരും കൂടെ കൂടി.

യാത്രകൾ എന്നാൽ കേവലം കാഴ്ച്ചകൾ കണ്ടു മടങ്ങുന്നതല്ല എന്നും വ്യത്യസ്‌ത അനുഭവങ്ങളിലൂടെ നമ്മുടെ ഓർമകളിലേക് ചേർത്ത് വെക്കേണ്ട ഒരു പിടി നിമിഷങ്ങളാണ് ഓരോ യാത്രകളുടെയും ലക്ഷ്യങ്ങൾ എന്നും കുട്ടികൾക്ക് മനസ്സിലായിട്ടുണ്ടാവണം. ഒരു ആധുനിക ബസ്സും നൽകാത്ത എന്തോ ചില സന്തോഷങ്ങൾ ആ കുരുന്നു മനസ്സുകൾക്ക് കിട്ടിയത് കൊണ്ടായിരിക്കണം യാത്ര അവസാനിപ്പിച്ച് ഡിപ്പോയിലേക് മടങ്ങിയ ബസ്സിനെയും ജീവനക്കാരെയും കണ്ണിൽ നിന്ന് മറയുന്നത് വരെ കൈ വീശി അവർ യാത്രയാക്കിയത്….

ഫസൽ ചളിക്കോട് എ എം എൽ പി സ്കൂൾ പൂനൂർ-തേക്കുംതോട്ടം

Leave a Reply

Your email address will not be published. Required fields are marked *