വായ്പാ തട്ടിപ്പടക്കം നടത്തുന്ന വ്യാജ ആപ്ലിക്കേഷനുകൾ സജീവം
അടിക്കടി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഓൺലൈൻ വായ്പാ തട്ടിപ്പടക്കം നടത്തുന്ന വ്യാജ ആപ്ലിക്കേഷനുകൾ ഇന്റർനെറ്റിൽ സജീവം. പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും വരെ പേരിൽ വ്യാജൻമാർ വിലസുന്നു.
പ്രധാനമന്ത്രി യോജന ലോൺ, പ്രധാനമന്ത്രി ഭാരത് ലോൺ യോജന, പി എം മുദ്ര ലോൺ, പി എം വൈ എൽ ലോൺ തുടങ്ങി പല പേരുകളിലാണ് മൊബൈൽ ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ സംരംഭമാണെന്ന് കരുതി വായ്പയെടുക്കാൻ ശ്രമിച്ച പലർക്കും പോക്കറ്റ് കാലിയായത് മിച്ചം. വലിയ തുകയാണ് വായ്പയായി ആവശ്യപ്പെടുന്നതെങ്കിൽ രജിസ്ട്രേഷൻ ഫീസ്, ഇൻഷ്വറൻസ് ഫീസ് തുടങ്ങി പല വഴിക്ക് പണം നഷ്ടമായ ശേഷമാകും കബളിക്കപ്പെട്ട വിവരം ഉപഭോക്താവിന് മനസിലാകുക. ഫേസ് ബുക്ക് അടക്കമുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഇത്തരം ലോണുകൾക്കുള്ള ലിങ്കുകൾ തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നുണ്ട്. ആധാർ, പാൻ കാർഡ് വിവരങ്ങൾ കൈക്കലാക്കിയ ശേഷമാകും തട്ടിപ്പിന്റെ ആരംഭം. വായ്പയായി ആവശ്യപ്പെടുന്ന ചെറിയ തുകകൾ കാലതാമസമില്ലാതെ അക്കൗണ്ടിലിട്ട് വിശ്വാസ്യത നേടിയ ശേഷം കബളിപ്പിക്കുന്നവരുമുണ്ട്.
ഉപഭോക്താക്കളിൽ സംശയം തോന്നിപ്പിക്കാത്ത വിധം കാഴ്ചയിലും പ്രവർത്തനത്തിലും ഒറിജിനൽ ആപ്പുകളെ വെല്ലുന്നതാണ് വ്യാജ ആപ്പുകൾ. മൊബൈൽ കാമറകളുടെ നിയന്ത്രണം വരെ ഇവയ്ക്ക് ഏറ്റെടുക്കാൻ കഴിയും. ചിത്രങ്ങൾ എടുക്കാനും പിൻ, പാസ്‌വേഡ് തുടങ്ങിയ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിനും പല ആപ്ലിക്കേഷനുകൾക്കും കഴിയുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പ് യാഥാർത്ഥമാണോ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കാറില്ല. വാട്‌സാപ്പ് പോലെ പ്രശസ്തമായ ആപ്പുകളെ പോലും അനുകരിക്കുന്ന വ്യാജന്മാർ പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലുമുണ്ട്. സംശയം തോന്നിയാൽ ആപ്പ് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ സെർച്ച് ചെയ്തു കണ്ടെത്താം.
ഒറിജിനലിനെ വെല്ലും
1.അഡ്മിനിസ്‌ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്
2.ഇവയ്ക്ക് പാസ് വേഡ്, സ്റ്റോറേജ് ഉൾപ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും
3.ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക.
4.പെർമിഷനുകൾ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്‌സ് ഉറപ്പാക്കുക.
5.ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക. റേറ്റിംഗ് മനസിലാക്കുക.
6.ആപ്പുകൾ പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്ത തിയതി ശ്രദ്ധിക്കുക
7.യഥാർത്ഥ ആപ്പിന്റെ പബ്ലിഷിംഗ് തിയതി അപ്ഡേറ്റഡ് ആയിരിക്കും.
മൊബൈൽ ആപ്പുകൾ വഴിയുള്ള വായ്പാ തട്ടിപ്പുകൾ സംബന്ധിച്ച് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും സഹായം ലഭിക്കുന്നുവെന്ന് സംശയമുള്ളതിനാൽ ഇതര സംസ്ഥാനങ്ങളിലെ പൊലീസ്, സി ബി ഐ, ഇന്റർപോൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും അന്വേഷണം