വിവാഹആഭരണങ്ങള്‍ നിയമപരമായി രേഖപ്പെടുത്തണം; വനിതാ കമ്മിഷന്‍ അധ്യക്ഷ

കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.

വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നെതെന്നും ജില്ലയില്‍ ഇത്തരത്തിലുള്ള കേസ് വളരെ കൂടുതലാണെന്നും വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു.എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന്‍ അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.

സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളിലും വ്യാപകമായ ചൂഷണം നടക്കുന്നു. ഇത് ഐ ടി മേഖലയിലും കൂടുതലാണ്. പലരെയും കാരണം കാണിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നുണ്ട്. അത്തരത്തില്‍ വന്ന ഒരു പരാതിയില്‍ അര്‍ഹമായ ആനുകൂല്യവും നഷ്ടപരിഹാരവും ലഭ്യമാക്കുവാന്‍ വനിതാ കമ്മീഷന്റെ ഇടപെടലിലൂടെ സാധിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സ്ത്രീകളെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതുമായ പരാതികളും വര്‍ധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് വനിതാ കമ്മിഷന്‍ നിലപാടെന്നും സതീദേവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *