ട്രെഡീഷ്യനില്‍ പുതുമ കണ്ടെെത്തി സ്റ്റൈലിഷാകാം
സ്വര്‍ണവും വജ്രവുംപോലെ തിളങ്ങുന്ന എന്തിലും സന്തോഷം കണ്ടെത്തുന്നവരാണ് നമ്മള്‍മലയാളികള്‍. ആഭരണങ്ങള്‍ വെറും കല്ലുകള്‍ മാത്രമല്ല ഓര്‍മ്മകള്‍ കൂട്ടിയെടുത്തു സൂക്ഷിക്കുന്ന തിളങ്ങുന്ന കൂടുകള്‍ കൂടിയാണ്.
പാരമ്പര്യതനിമ പുലർത്തുന്ന ആഭരണങ്ങളോട് പുതുതലമുറക്ക് ഇത്തിരി ഇഷ്ടക്കുറവുണ്ടെന്നാണ് പുതിയ ഫാഷൻ ട്രെൻഡ് സൂചിപ്പിക്കുന്നത്. എങ്കിലും പാലയ്ക്കയ്ക്കും നാഗപടത്തിനും ശരപൊളി മാലയ്ക്കുമൊക്കെ ഇന്നും ഇഷ്ടക്കാരുണ്ട്.
ട്രെഡീഷണൽ വെയറുകളിൽ ചില പുതുമകൾ വേണമെന്ന് അഭിപ്രായക്കാരാണ് ഭൂരിഭാഗവും. വിവാഹം പോലെയുള്ള അവസരങ്ങളിൽ മാത്രം ട്രെഡീഷണൽ ആഭരണങ്ങൾ അണിയാനാണ് മിക്കവരും താൽപര്യപ്പെടുന്നത്. അല്ലാത്ത അവസരങ്ങളിൽ എലഗന്‍റ് ലുക്ക് പകരുന്ന ലൈറ്റ് വെയിറ്റ് മോഡേൺ ആഭരണങ്ങളോടാണ് കൂടുതൽ പ്രിയം. പണ്ടത്തെപ്പോലെ കൈയിലും കഴുത്തിലും സ്വർണ്ണാഭരണങ്ങൾ വാരിവലിച്ചണിയാൻ ചെറുപ്പക്കാരും മുതിർന്ന സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല.
വിവാഹനാൾ വധു മിനിമം സ്വർണ്ണാഭരണങ്ങൾ അണിയുന്നതാണ് പുതിയ ട്രെൻഡ്. സ്വർണ്ണക്കടയുടെ പരസ്യം പോലെ വധു മേനി മുഴുവനും സ്വർണ്ണം അണിഞ്ഞ് പ്രദർശന വസ്തുവായിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. ആ സ്ഥാനത്തിപ്പോൾ ഏറിയാൽ മൂന്ന് മാലയെന്നായിരിക്കുന്നു കണക്ക്. ഹിന്ദു വിവാഹമാണെങ്കിൽ, ഗണപതി മാല, ലക്ഷ്മി മാല, പവൻമാല എന്ന രീതിയിലാവും വധു ആഭരണങ്ങൾ അണിയുക. ഇതിൽ ഓരോരുത്തരുടെ ഇഷ്ടമനുസരിച്ച് മാറ്റമുണ്ടാകാം. കൈയിൽ രണ്ടോമൂന്നോ വള അല്ലെങ്കിൽ ട്രെഡീഷണൽ വള, കൂട്ടത്തിൽ ഒന്ന് രണ്ട് കല്ല് പതിച്ച വളകൾ. എങ്കിലും തിരുവന്തപുരം പോലുള്ള സ്ഥലങ്ങളിൽ വിവാഹാവസരത്തിൽ വധുവിന് പാരമ്പര്യതനിമയുള്ള ആഭരണങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരാണധികവും.
വിവാഹവസരത്തിൽ പാരമ്പര്യമായി കൈമാറിവരുന്ന ആഭരണങ്ങൾ അണിയുന്ന പതിവും ഇവിടെയുണ്ട്. അങ്ങനെയല്ലാത്തവർ ട്രെഡീഷണൽ ആഭരണങ്ങൾ നിർബന്ധമായും വാങ്ങും. ട്രെഡീഷണൽ ആഭരണങ്ങളായ പാലയ്ക്ക, മുല്ലമൊട്ട്, കാശുമാല തുടങ്ങിയവയിൽ ഫ്യൂഷൻ ഡിസൈനുകളൊരുക്കുന്ന ട്രെൻഡും സജീവമാണ്.
പണ്ട് വിവാഹാവസരത്തിൽ ക്രമത്തിൽ ധരിച്ചിരുന്ന മുല്ലമൊട്ടുമാലയും പാലയ്ക്കയും കാശുമാലയും സ്ഥിരം ട്രെൻഡായതോടെയാണ് പുതിയ പുതിയ ഫാഷനുകളിലേക്ക് മലയാളിമനസ്സ് ചേക്കേറിയത്. ഉദാ: ചെട്ടിനാട്, രാജസ്ഥാൻ, ട്രെഡീഷണൽ ഫ്യൂഷൻ.കൂട്ടത്തിൽ ചെട്ടിനാട് കളക്ഷനുകൾക്ക് പ്രിയമേറിയിട്ടുണ്ട്. പവൻ കൂടിയ മാലയായതിനാൽ വിവാഹത്തിന് രണ്ടോ മൂന്നോ എണ്ണം അണിഞ്ഞാൽ മതി നല്ല പൊലിമയുണ്ടാകുമെന്നതാണ് ചെട്ടിനാട് ഡിസൈനുകളുടെ പ്രത്യേകത.