പ്രേതഭവനം വില്‍പ്പനയ്ക്ക്!!!!!
പ്രേതഭവനത്തിലുള്ള താമസം എങ്ങനെയായിരിക്കണമെന്ന് അറിയാന്‍ താല്പര്യം ഉണ്ടോ?.. എന്നാല്‍ നേരെ അമേരിക്കയിലേക്ക് വിട്ടോളു. പ്രേതഭവനം എന്നറിയപ്പെടുന്ന വീട് അതിന്റെ ഉടമസ്ഥന് വില്പനയ്ക്ക് വച്ചരിക്കുകയാണ്.
അമേരിക്കൻ ‘ഹൌസ് ഓഫ് ടെറർസ്’ എന്നറിയപ്പെടുന്ന ഈ വീട് ഏകദേശം ഒരു കോടി രൂപയ്ക്കാണ് ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഈ വീടിന്റെ നിർമ്മാണ രീതിയാണ് പ്രേത ഭവനം എന്ന പേരിൽ ഇത് അറിയപ്പെടാൻ കാരണം. വീടിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങികിടക്കുന്ന അസ്ഥികൂടങ്ങൾ മുതൽ ശവപ്പെട്ടി വരെ ഇന്റീരിയർ ഡെക്കറേഷന്റെ ഭാഗമായി വീടിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീടിന് പുറതതായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടം പോലും ഒരു ശവപ്പറമ്പിനെ ഓർമിപ്പിക്കുന്നതാണ്. രണ്ടേക്കർ സ്ഥലത്താണ് ഈ വീട് വ്യാപിച്ച് കിടക്കുന്നത്. അടുക്കളയുടെ നിരവധി ഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നതാകട്ടെ തലയോട്ടികൾ കൊണ്ടും. ശൂന്യമായ ഒരു സ്കൂൾ ബസും ഒരു ശവശരീരത്തിൽ പരീക്ഷണം നടത്തുന്ന ഗവേഷകന്റെ ജീവസ്സുറ്റ പൂർണകായ പ്രതിമയും നമ്മളെ കൂടുതൽ ഭയചകിതരാക്കുന്നതാണ്. ഹോളിവുഡ് ഹൊറർ ഐക്കണുകളായ മൈക്കൽ മിയേഴ്സിന്റെയും ജേസൺ വൂർഹീസിന്റെയും മുഖംമൂടികൾ ചുവരുകളിൽ ഒരു ഭംഗിക്കായി തൂക്കിയിട്ടുണ്ട്.മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്.
വീട്ടിൽ നിന്ന് കിട്ടുന്നത് നെഗറ്റീവ് ഫീൽ ആണെന്നാണ് വീട് സന്ദർശിച്ചവർ പറയുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ ആരും ഈ വീട് വാങ്ങാൻ തയാറായിട്ടില്ല.