ഹൈഡ്രോപോണിക് കൃഷിയില്‍ വിജയം കൊയ്ത് ഹരിഹരൻ നാണു

ആലപ്പുഴ അരൂക്കുറ്റി പഞ്ചായത്തിൽ നദുവത്ത് നഗറിൽ ഹരിത ഓർഗാനിക് ഫാം അമരക്കാരൻ സി. ഹരിഹരൻ നാണു ഹൈഡ്രോപോണിക്സ് എന്ന ആധുനിക കൃഷിരീതിക്ക് പ്രചാരംനൽകി ശ്രദ്ധേയനാകുകയാണ്. . മുളക്, വെണ്ട, ടൊമാറ്റോ ബട്ടേറെന്റ്, പപ്പായ, വാഴ എന്നിവ സമൃദ്ധമായി കായ്ച്ചുനിൽക്കുന്നു.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ചങ്ങമ്പുഴ സമാധി റോഡിൽ ‘ഷെഫ് ഗാർഡൻ’ ബിൽഡിങ്ങിന്റെ മുകളിൽ എല്ലാ പച്ചക്കറിവിളകളും ഹൈഡ്രോപോണിക് ഫാമിങ്ങിൽ നടപ്പിലാക്കിയിട്ടുണ്ട്. ഹൈഡ്രോപോണിക് കൃഷി ശാസ്ത്രീയമായി പഠിക്കുന്നതിന് യുവാക്കളെയും കർഷകരെയും പ്രാപ്തരാക്കാൻ വിദഗ്ധ ട്രെയിനിങ് പ്രോഗ്രാം തയാറാക്കുകയാണ് ഹരിഹരൻ ഷെഫ് ഗാർഡനിലൂടെ. മണ്ണില്ലാതെയും കൃഷിചെയ്യാമെന്നതാണ് ഹൈഡ്രോപോണിക്സ് രീതിയുടെ പ്രത്യേകത. ഇതിന് ജലം, കൊക്കോപ്പിത്, പെർലൈറ്റ്, വെർമിക്കുലേറ്റ് എന്നിവ മണ്ണിന് പകരമായി ഗ്രോബാഗിൽ നിറക്കണം. ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തുന്ന രാജ്യങ്ങളിൽ ഹൈഡ്രോപോണിക് കൃഷി വ്യാപകമാണ്. ചെടിയുടെ വേരുപടലത്തിന് കൃത്രിമമായി സൂക്ഷ്മ കാലാവസ്ഥയെ സൃഷ്ടിച്ച് ചെടിയെ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്.

വായു, ജലം, വളം, ചൂട് എന്നിവ കൃത്യമായ അളവിൽ കൊടുക്കുക എന്നതാണ് പ്രധാനം. കൂടുതൽ വേരുപടലങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ ഇലകൾ ചെടിയിൽ ഉണ്ടാകുന്നു. പ്രകാശ സംശ്ലേഷണ പ്രവർത്തനങ്ങൾ ഊർജിതമാവുമ്പോൾ കരുത്തോടെ ചെടി വളരുകയും കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകുന്നു. പോഷകസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും വിളവെടുക്കുവാനും സാധിക്കുന്നു. സാധാരണ ചെടിയിലുണ്ടാകുന്ന വിളവിന്റെ നാലിരട്ടി വിളവ് ഹൈഡ്രോപോണിക് കൃഷിയിൽനിന്ന് ലഭിക്കും.

വളപ്രയോഗമില്ലാതെയും വളരെക്കുറച്ച് മാത്രം ജലം ഉപയോഗിച്ചും പോഷകസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിക്കാം. തുറസ്സായ സ്ഥലത്തും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും വീടിന്റെ ചെറിയൊരു സ്ഥലത്തുപോലും കൃഷിചെയ്യാം. ഹരിഹരൻ നാണു 17 വർഷമായി വിദേശ രാജ്യങ്ങളിലും സ്വദേശത്തും കൃഷിക്കാരനായും കൃഷി ഉപദേശകനായും സേവനമനുഷ്ഠിക്കുന്നു. 2012ൽ സംസ്ഥാന സർക്കാറിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് ലഭിച്ചു. സമഗ്രമായ കൃഷിപഠനം ഉൾക്കൊള്ളിച്ച മൂന്ന് കാർഷിക പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയാണ് ഭാര്യ. ഹരിത, ചന്ദന, ശ്രീഹരി എന്നിവർ മക്കളും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!