ബ്ലാക്ക് എഞ്ചല്‍ മസില്‍ ഗേളായപ്പോള്‍
കറുമ്പിയെന്ന പിന്‍വിളിക്ക് ചെവികൊടുക്കാതെ വിജയം കൊയ്ത നിരവധിപേര്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്കിടയിലേക്ക് കാജല്‍ എന്ന മിടുക്കി ആത്മവിശ്വാസത്തോടെ നടന്നുകയറി. ഇന്നവള്‍ കൈവക്കാത്ത മേഖലകളില്ല.
കാജല്‍ ജനിത് എന്ന് പതിനൊന്നാംക്ലാസുകാരി സോഷ്യല്‍മീഡിയയില്‍ സുപരിചിതമായ പെണ്‍കുട്ടിയാണ്. ഇതാണ് എന്‍റെ നിറം. അതില്‍ വെള്ള പൂശാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ പെണ്‍കുട്ടി. അവളുടെ ഫോട്ടോഷൂട്ട് നവമാധ്യമങ്ങള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.
പ്രായം 16 ആണെങ്കിലും വാക്കുകളിലും തീരുമാനങ്ങളിലും കാരിരുമ്പിന്റെ കരുത്താണെന്ന് നാം തിരിച്ചറിഞ്ഞതാണ്. ഇന്ന് ബോഡി ബിൽഡിംഗ് മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുന്ന കാജൽ ജനിത്ത് എന്ന പ്ലസ് വൺ വിദ്യാർത്ഥിനി, മൂന്ന്മാസത്തെ കഠിനമായ പ്രാക്ടീസിന് ശേഷം സ്വർണമെഡലും ഒന്നാം സ്ഥാനവുമായി വീട്ടിലേക്ക് എത്തിയത് മൂന്ന് നേരം മണിക്കൂറുകൾ നീണ്ട പ്രാക്ടീസ് ചെയ്തും ഇഷ്ടഭക്ഷണങ്ങളെല്ലാം മാറ്റി നിർത്തി ഡയറ്റ് പിന്തുടർന്നും നേടിയ വിജയമാണ് കാജലിന്റേത്.
കഴിഞ്ഞ വർഷം കാജലിന്‍റെ ചേട്ടനെടുത്ത ഫോട്ടോയാണ് വൈറലായത്. ഇതേ തുടര്‍ന്ന് കാജല് മോഡലിംഗിലേക്ക് എത്തുകയുമായിരുന്നു. അവസാനമായി ചെയ്തത് ക്രിസ്തുമസ് സമയത്തുള്ള ബ്ലാക്ക് ഏഞ്ചൽ ആണ്. അതും വൈറലായി. നിറമുള്ള ഉയരമുള്ള മോഡലുകളുടെ സ്ഥാനത്ത് കറുത്ത സൗന്ദര്യവും ഇപ്പോൾ സമൂഹം അംഗീകരിക്കുന്നുണ്ടെന്ന് കാജൽ പറയുന്നു.
മറ്റുള്ളവർ പറയുന്നത് കേട്ട് മാറിയിരുന്നെങ്കിൽ എനിക്കിവിടൊന്നും എത്താൻ കഴിയില്ലായിരുന്നു. ആളുകൾ പറയുന്നത് കേട്ട് മാറിയിരുന്നാൽ അതേ നടക്കൂ. ഹാപ്പിനെസ് ആണ് പ്രധാനം. നമ്മൾ ഹാപ്പിയായിരിക്കാൻ വേണ്ടത് ചെയ്യുക. മറ്റുള്ളവർ എന്തു പറയും എന്നോർത്ത് മാറ്റി വയ്ക്കരുത്. ഗോൾ ഉണ്ടെങ്കിൽ അത് നേടിയിരിക്കണം. തോറ്റു പോയേക്കാം പക്ഷെ വിടരുതെന്നും കാജലിന്‍റെ വാക്കുകളാണിവ
തിരുവനന്തപുരം വർക്കല സ്വദേശിനിയാണ് കാജൽ.തിരഞ്ഞെടുത്ത വഴിയും നേടിയ വിജയവും ചെറുതല്ല. അതിലേക്കുള്ള വഴി ഒട്ടും എളുപ്പവുമായിരുന്നില്ല. എന്നാലും പിടിച്ചു നിൽക്കാനൊരു കാരണം മതി തോൽക്കാതെ മുന്നേറാൻ എന്ന് പഠിപ്പിക്കുകയാണ് കാജൽ.