സംവിധായിക ലീലസന്തോഷിന് മധുര ’34’
ആദിവാസി വിഭാഗത്തിൽ നിന്നും സിനിമ സംവിധാന രംഗത്ത് എത്തിയ ആദ്യ മലയാളി വനിതാ സംവിധായികയാണ് ലീല സന്തോഷ്. വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃക നഷ്ടവും പ്രമേയമാക്കി ലീല സംവിധാനം ചെയ്യ്തതാണ് നിഴലുകൾ നഷ്‌ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്യുമെന്‍ററി.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ പനമരം പഞ്ചായത്തിലെ പാലുകുന്ന് ഗ്രാമത്തിൽ ആദിവാസി വിഭാഗമായ പണിയ സമുദായത്തിൽ പരേതനായ ശ്രീധരൻ്റെയും റാണിയുടേയും മകളായി 1988 ഡിസംബർ 18 ന് ജനിച്ചു. അച്ഛന്റെ മരണ ശേഷം വയനാട് പാലക്കുന്നിലെ കൊളത്തറ കോളനിയിൽ നിന്ന് നെയ്ക്കുപ്പയിലെ അമ്മയുടെ വീട്ടിലെത്തി. സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. ജെ ബേബി ഗുരുകുല സമ്പ്രദായത്തിൽ സ്ഥാപിച്ച നടവയലിലുള്ള കനവ് എന്ന ബദൽ സ്കൂളിൽ 1994 ൽ ചേർന്നു. പാഠ പുസ്തകങ്ങൾക്ക് പുറമേ കളരിയും, കാർഷികവൃത്തിയും, നൃത്തവും, സാഹിത്യരചനയും, സിനിമയും, നാടകവുമെല്ലാം കനവിലെ കരിക്കുലത്തിൽ ഉൾപ്പെടുത്തിരുന്നു. ഈ അനുഭവമാണ് ചലച്ചിത്ര നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ പ്രചോദനമായത്.
തിരുവനന്തപുരത്തും രാജസ്ഥാനിലും സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തു. ഇവിടെനിന്നും സംവിധാനം, സ്ക്രിപ്റ്റ്, മറ്റ് സാങ്കേതിക വിദ്യകൾ മുതലായവ സ്വായത്തമാക്കി. ഗുരുനാഥനായ കെ. ജെ ബേബി 2004 ൽ ഗുഡ എന്ന ഗോത്രഭാഷയിലുള്ള സിനിമ നിർമ്മിച്ചപ്പോൾ സഹസംവിധായികായി പ്രവർത്തിച്ചാണ് സിനിമ രംഗത്തേക്ക് കടന്നു വരുന്നത്. 2014 ൽ ആദിവാസി സമൂഹത്തിൻ്റെ ദുരിതജീവിതം പ്രമേയമാക്കി നിർമ്മിച്ചു സംവിധാനം നിർവ്വഹിച്ച ആദ്യ ഡോക്യുമെന്‍ററിയാണ് നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമിയിൽ. തുടർന്ന് പയ്ക്കിഞ്ചന ചിരി (വിശപ്പിൻ്റെ ചിരി) എന്ന പേരിൽ ഒരു ചെറുചിത്രം സംവിധാനം ചെയ്തു. വിനായകനെ നായകനാക്കി താമരശ്ശേരി ചുരം പാത യാഥാർഥ്യമാവാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച കരിന്തണ്ടൻ്റ ജീവിതം പറയുന്ന കരിന്തണ്ടൻ എന്ന ചിത്രം പ്രഖ്യാപിച്ചുവെങ്കിലും ചില സാഹചര്യങ്ങളാൽ അത് ഇത് വരെ ആരംഭിച്ചിട്ടില്ല. കളരി വിദ്വാനായ സന്തോഷാണ് സത്ലജ്, സ്വതിക, സിഥാർഥ് എന്നീ മൂന്ന് മക്കളുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്. വിക്കിപീഡിയ