സമരത്തിന് ഇറങ്ങാത്തത് സര്‍ക്കാര്‍ സംവിധാനം കര്‍ശനമാക്കുമെന്ന പേടിയോ ?…

രമ്യ

ഇക്കഴിഞ്ഞ ജനുവരി 22ന് സർക്കാർ ജീവനക്കാർ ഒരു വിഭാഗം പണിമുടക്കിയിരുന്നു.ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ സർക്കാർ നൽകാത്തതിനെതിരെയായിരുന്നു സമരം.സർക്കാർ അനുകൂല സംഘടനയായ എൻജിഒ യൂണിയൻ മാത്രമാണ് അതിൽനിന്ന് വിട്ടുനിന്നത്. സർക്കാർ ജീവനക്കാർക്ക് ഇതുവരെയായി 19 ശതമാനം ക്ഷാമ ബത്ത കുടിശ്ശികയുണ്ട്.

അതായത് അടിസ്ഥാന ശമ്പളത്തിന്റെ അഞ്ചിൽ ഒരു ഭാഗം.ഓരോ ജീവനക്കാരനും എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിന്റെ അഞ്ചിൽ ഒരു ഭാഗം നഷ്ടപ്പെടുന്നുണ്ട്. 2019ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നാല് തവണകളായി നൽകാം എന്ന് പറഞ്ഞിരുന്നെങ്കിലും ഒരു ഗഡു പോലും ഇതുവരെ നൽകിയിട്ടില്ല. എല്ലാവർഷവും നൽകാറുണ്ടായിരുന്ന ലീവ് സറണ്ടർ ആനുകൂല്യവും ജീവനക്കാർക്ക്നിഷേധിച്ചിരിക്കുകയാണിപ്പോൾ.

ഈ ആനുകൂല്യങ്ങൾ എല്ലാം കവർന്നെടുത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം സംഘടനയിലെ ജീവനക്കാർ പണിമുടക്കിയത്. ഒരു ചെറിയ ശതമാനം ജീവനക്കാർ മാത്രമാണ് പണിമുടക്കിൽ പങ്കെടുത്തത്.ഇതിൽ നിന്നും ചിന്തിക്കേണ്ട മറ്റൊരു വസ്തുത സർക്കാർ ജീവനക്കാർ സ്വയം വിലയിരുത്താൻ തുടങ്ങിയോ എന്നാണ്. കാരണം ഞങ്ങൾ ഇത്രയും ശമ്പളവും ആനുകൂല്യങ്ങളും അർഹിക്കുന്നില്ല എന്നും അത്ര വലിയ ജോലി ഒന്നും ചെയ്യുന്നില്ല എന്നുമുള്ള യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അല്ലെങ്കിൽ ഇത്രയും ആനുകൂല്യങ്ങൾ നൽകാതിരുന്നിട്ടും വലിയൊരു വിഭാഗം പ്രതികരിക്കാതിരിക്കുന്നതിന്റെ അർത്ഥം എന്താണ് ?പല സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.
നടപ്പിലാക്കിയ ഓഫീസുകളിൽ ആവട്ടെ അത് ജി സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുമില്ല.

അതായത് പഞ്ചിങ്ങും ശമ്പളവും തമ്മിൽ ഒരു ബന്ധവുമില്ല എന്നർത്ഥം.ഇതു രണ്ടും തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രമേ ഒരു ജീവനക്കാരൻ അനുവദിച്ചതിലും കൂടുതൽ സമയം വൈകി ഹാജരായാൽ ശമ്പളത്തെ ബാധിക്കുകയുള്ളൂ.എല്ലാ ഓഫീസുകളിലും ഇത് നടപ്പാക്കിയിട്ടില്ല എന്നാണ് ഇതിന് കാരണമായി പറയുന്നത്.

മാത്രമല്ല e ഓഫീസ് പോലുള്ള ഡിജിറ്റൽ സമ്പ്രദായം നടപ്പാക്കിയ ഓഫീസുകളിൽ പോലും അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല.ഇത്തരം സംവിധാനമൊക്കെ നിലവിലുണ്ടെങ്കിലും ഇപ്പോഴും പഴയ രീതി തന്നെ തുടരുന്നതിനാൽ ലേഖന സാമഗ്രികളുടെ ഉപയോഗത്തിലും കുറവ് വരുന്നില്ല.

ആ രീതിയിലും ചെലവ് കുറയ്ക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല.ചെയ്യുന്ന ജോലിയും ഹാജർ നിലയും കൃത്യമായി വിലയിരുത്താനും പരിശോധിക്കാനും ഉതകുന്ന സംവിധാനങ്ങൾ നിലവിൽ വരുന്നതിന് ജീവനക്കാർ തന്നെ എതിരാണ്. അനുകൂല്യങ്ങള്‍ കിട്ടാനുണ്ടെങ്കിലും സമരത്തിനില്ലെന്നുള്ള ഒരു വിഭാഗത്തിന്‍റെ നിലപാട് സര്‍ക്കാന്‍ സംവിധാനം കര്‍ശനമാക്കുമോ എന്ന പേടിമാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!