പ്രൈമറിസ്കൂള്‍ അദ്ധ്യാപകനില്‍നിന്ന് ഐഎഎസ് പദവിയിലേക്ക്

ഐഎഎസ് ഉദ്യോഗസ്ഥനായ വിജയ് കുലങ്കെയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം. പ്രൈമറി സ്കൂള് അദ്ധ്യാപകനായ അദ്ദേഹം നിരന്തപരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും ഐഎഎസ് നേടിയകഥ ഇങ്ങനെയാണ്.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റാലേഗന്‍ എന്ന ഗ്രാമത്തിലാണ് വിജയ് കുലങ്കെ ജനിച്ചത്. അദ്ദേഹത്തിന്‍റെ അച്ഛന്‍ തയ്യല്‍ക്കാരന്‍ ആയിരുന്നു. അമ്മ കൂലിവേലയ്ക്കുപോയുമാണ് അദ്ദേഹത്തെ വളര്‍ത്തിയത്. കഷ്ടപ്പാടുംദുരിതവും നിറഞ്ഞതാണ് അദ്ദേഹത്തിന്‍റെ കുട്ടിക്കാലം. കുട്ടിക്കാലത്ത്, അദ്ദേഹത്തിന് ദിവസത്തില്‍ രണ്ട് നേരം തന്നെ ആഹാരം കിട്ടുന്നത് വലിയ കാര്യമായിരുന്നു.

മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടു വളര്‍ന്ന വിജയിന് അവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും, അവര്‍ക്ക് ഒരു മെച്ചപ്പെട്ട ജീവിതം നേടി കൊടുക്കാനും വല്ലാത്ത ആഗ്രഹമായിരുന്നു ദാരിദ്ര്യം തങ്ങളുടെ കുട്ടികളുടെ സ്വപ്നങ്ങളെ ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ‘ചെറുപ്പം മുതലേ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് നമ്മുടെ ജീവിതത്തെ എങ്ങനെ മികച്ചതാക്കുമെന്നും എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു. എനിക്കും എന്റെ സഹോദരിക്കും കുട്ടിക്കാലത്ത് കളിപ്പാട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ സ്‌കൂളില്‍ ചേരാന്‍ ആവശ്യമായ സാധനങ്ങള്‍ക്ക് ഒരിക്കലും മുട്ടുണ്ടായിരുന്നില്ല. പഠിപ്പിനായിരുന്നു എല്ലായ്പ്പോഴും മുന്‍ഗണനയെന്നും,” ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

പത്താം ക്ലാസ്സിലും, പ്ലസ് ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടിയ അദ്ദേഹം പാവപ്പെട്ടവരെ സേവിക്കാന്‍ ഭാവിയില്‍ ഒരു ഡോക്ടറാകാന്‍ അദ്ദേഹം ആഗ്രഹിച്ചു. എംബിബിഎസിന് സീറ്റ് ലഭിച്ചെങ്കിലും, കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം കാരണം അദ്ദേഹത്തിന് ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. ഈ ദുരിതക്കയത്തില്‍ നിന്ന് എങ്ങനെയെങ്കിലും കരകയറാന്‍ ആഗ്രഹിച്ച അദ്ദേഹം എത്രയും വേഗം ഒരു ജോലി സമ്പാദിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആറ് മാസത്തില്‍ ഒരു ഡിപ്ലോമ നേടി, അടുത്തുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. ഈ ജോലിയില്‍ നിന്നുള്ള വരുമാനം അദ്ദേഹത്തിന് മുന്നോട്ട് പഠിക്കാനുള്ള ഇന്ധനമായി. വിദൂര വിദ്യാഭ്യാസത്തിലൂടെ അദ്ദേഹം പിന്നീട് ബിരുദം നേടി.

സിവില്‍ സര്‍വീസ് നേടണമെന്ന ആഗ്രഹം വിജയിന്‍റെ ഉള്ളില്‍ ഉടലെടുത്തു. . ഇത് മനസ്സിലാക്കിയ പിതാവ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ മഹാരാഷ്ട്ര സംസ്ഥാന സിവില്‍ സര്‍വീസ് (MPSC) പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അദ്ദേഹം ഒരുങ്ങി. സിലബസ് കവര്‍ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പകല്‍ ജോലിയ്ക്ക് പോയും, രാത്രിയില്‍ പഠിച്ചും പരീക്ഷയ്ക്കായി അദ്ദേഹം തയ്യാറെടുത്തു. ആദ്യ രണ്ട് ശ്രമങ്ങളും, വിജയം കണ്ടില്ല. വിജയ് തന്റെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഇതിനായി ഇരിക്കാന്‍ തുടങ്ങി. മൂന്നാമത്തെ ശ്രമത്തില്‍ അദ്ദേഹം കടന്ന് കൂടി, അഹമ്മദ്നഗറില്‍ സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടറായി തീര്‍ന്നു. അടുത്ത വര്‍ഷം തഹസില്‍ദാര്‍ തസ്തികയിലേക്കുള്ള പരീക്ഷയും ജയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. എന്നിരുന്നാലും സിവില്‍ സര്‍വ്വീസ് മോഹം ഉപേക്ഷിക്കാന്‍ വിജയ് തയ്യാറായിരുന്നില്ല.


ഡ്യൂട്ടി സമയത്തിന് മുമ്പും ശേഷവുമുള്ള കുറച്ച് സമയം കൊണ്ട് അദ്ദേഹം പരീക്ഷയ്ക്ക് നന്നായി തയ്യാറെടുത്തു. 2012-ല്‍, ആദ്യ ശ്രമത്തില്‍ തന്നെ യു.പി.എസ്.സി പരീക്ഷയില്‍ വിജയിക്കുകയും ഐഎഎസ് ഉദ്യോഗസ്ഥന്റെ റാങ്ക് നേടുകയും ചെയ്തു.ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിലാണ് വിജയുടെ ആദ്യ നിയമനം. അദ്ദേഹം ‘ആജ്ച ദിവസ് മാസ’ എന്ന പേരില്‍ ഒരു മറാത്തി പുസ്തകവും എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *