ഓഗസ്റ്റ് മാസത്തിൽ നട്ടുവളർത്താൻ പറ്റിയ പച്ചക്കറികൾ

വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിചെയ്താലോയെന്നുള്ള ആലോചനയിലാണ് എല്ലാവരും തന്നെ. മറ്റുചിലരാകട്ടെ കൃഷി തുടങ്ങി കഴിഞ്ഞു. പച്ചക്കറി വില ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ കൃഷി ചെയ്യുകമാത്രമേ മാര്‍ഗമുള്ളു. വിഷരഹിത പച്ചക്കറി കഴിക്കുകയും ചെയ്യാം പോക്കറ്റ് കീറാതെയിരിക്കും. ഓഗസ്റ്റ് മാസത്തില്‍ ഏതൊക്കെ പച്ചക്കറികളാണ് കൃഷിചെയ്യുകയെന്ന് നമുക്ക് നോക്കാം

മഴക്കാലമായതുകൊണ്ട് ചീരകൃഷി തുടങ്ങാതിരിക്കുന്നതാണ് നല്ലത്. വിത്തെല്ലാം വാങ്ങിവെക്കുന്നതു കൊണ്ട് വിരോധമില്ല, പക്ഷെ മഴക്കാലം കഴിഞ്ഞ ശേഷം ചീരകൃഷി ചെയ്യുന്നതാണ് നല്ലത്.

പയറ് എല്ലാ കാലാവസ്ഥയിലും വളരുന്ന പച്ചക്കറിയാണ്. ചതുര പയറ്, കുറ്റി ബീൻസ്, കുറ്റി അമര, കുറ്റി പയറ്, സാമ്പാർ അമര എന്നിവയെല്ലാം ഓഗസ്റ്റ് മാസത്തിൽ വളർത്തിയാൽ നന്നായി വളരുകയും, നല്ല കായ്‌ഫലം നൽകുകയും ചെയ്യുന്നു. ചതുര പയറ് വേറെ ഏതങ്കിലും മാസങ്ങളിൽ നട്ടു പിടിപ്പിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, അത് വളർന്നു പന്തലിച്ചു നിൽക്കുകയല്ലാതെ കായ്‌ഫലം തീരെ കുറവായിരിക്കും. ചതുരപ്പയറിൽ വളരെ അധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാധാ പയറിനേക്കാൾ 8 മടങ്ങിൽ അധികം പ്രോട്ടീൻ ചതുര പയറിൽ അടങ്ങിയിട്ടുണ്ട്.

ചതുര പയർ നടുമ്പോൾ 48 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്ത വിത്തുകൾ വേണം പാകുവാൻ. ഇത് വള്ളിയായി പടർന്നു വരുമ്പോൾ പന്തൽ കെട്ടികൊടുക്കുകയോ അല്ലെങ്കിൽ വേലിയിൽ പടർത്തി കൊടുക്കുകയോ ചെയ്യുക. പൂവിട്ടു 21 ദിവസം കഴിഞ്ഞാൽ കായ പറിച്ചു തുടങ്ങാം.

അതുപോലെ ഓഗസ്റ്റ് മാസത്തിൽ വളർത്തി വിളവെടുക്കാൻ പറ്റിയ പച്ചക്കറിയാണ് പച്ചമുളക്. കറികൾ വെക്കുമ്പോൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു പച്ചക്കറിയാണ് പച്ച മുളക്. ഇന്ന് മിക്ക വീടുകളിലും വീട്ടാവശ്യത്തിനുള്ള പച്ച മുളക് വീട്ടുവളപ്പിൽ തന്നെ വളർത്തി വിളവെടുക്കുന്നവരാണ്.

പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ, എന്നിവയും മഴക്കാലത്ത് നല്ല രീതിയിൽ നട്ടു പിടിപ്പിക്കാൻ പറ്റിയ പച്ചക്കറികളാണ്.കൂർക്ക കൃഷി നട്ടവർക്കും, വിത്ത് പാകി വെച്ചവർക്കുമെല്ലാം അതിൻറെ തണ്ട് ഒടിച്ചുകുത്താൻ പറ്റിയ സമയമാണിത്. നട്ടുവളർത്തിയാൽ നല്ല വിളവെടുക്കാൻ സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: ഫാമിംഗ് വേള്‍ഡ് ഫൈസല്‍

Leave a Reply

Your email address will not be published. Required fields are marked *