ഇത്’ബോണ്ട ഭായി’യുടെ ചായക്കട ;ഇവിടെ സ്കൂൾ കുട്ടികൾക്ക് ചായയും ബോണ്ടയും സൗജന്യം

സ്കൂൾ വിട്ടു വരുമ്പോൾ പ്രീയങ്കരനായ ബോണ്ട ഭായിയുടെ സൗജന്യ ചായയും ബോണ്ടയും വടയും കഴിച്ചു മടങ്ങാത്ത ഒരു കുട്ടികളുമില്ല. കേൾക്കുമ്പോൾ തന്നെ ഒരു വേറിട്ട അനുഭവം തോന്നുന്നുവല്ലേ. എന്നാൽ അങ്ങനെയൊരു ചായക്കടയുണ്ട്. കുട്ടികൾ എല്ലാവരും അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് “ബോണ്ട ഭായി”. ഊട്ടി ചന്തയിലെ ചെറിയൊരു ചായക്കടയാണിത്. ചെറുപ്പകാലത്ത് താനനുഭവിച്ച ദാരിദ്രത്തിന്‍റെ ഓർമ്മയിൽ തുടങ്ങിയ ചായക്കടയാണ് വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വരുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ചായയും വടയും ബോണ്ടയും കൊടുക്കുന്നത്. മുഹമ്മദാലി എന്നാണ് ചായക്കടയുടെ ഉടമസ്ഥന്റെ പേര്. 35 വർഷമായി ഈ സൗജന്യ സേവനം തുടങ്ങിയിട്ടെന്ന് അദ്ദേഹം പറയുന്നു. ദിവസംതോറും ഇരുന്നൂറോളം കുട്ടികളാണ് ബോണ്ട ഭായിയുടെ ചായക്കട തേടിയെത്തുന്നത്.

വർഷങ്ങൾക്ക് മുമ്പ് ദിവസവേതനക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വേണ്ടിയാണ് ഈ സേവനം ആരംഭിച്ചത്.അന്ന് ആഞ്ചുപേരായിരുന്നു ദിവസവും ചായക്കടയിൽ വരാറ്. എന്നാൽ പിന്നീട് കേട്ടറിഞ്ഞ് ധാരാളം കുട്ടികൾ ഇവിടെ വരാൻ തുടങ്ങി. പിന്നീട് എടുത്ത തീരുമാനമാണ് സ്കൂൾ വിട്ടു വരുന്ന വിദ്യാർഥികൾക്ക് ചായയും ചെറു പലഹാരവും സൗജന്യമായി നൽകാമെന്നത്.

വീട്ടിലെ പട്ടിണിയും സാമ്പത്തിക പ്രതിസന്ധികളും കാരണം അഞ്ചാം ക്ലാസിൽ പഠനം നിർത്തുകയായിരുന്നു ഇദ്ദേഹം. അന്ന് മുഹമ്മദാലിയെ അറിയാമായിരുന്ന കടയിൽ നിന്നും സൗജന്യമായി പലഹാരങ്ങള്‍ കിട്ടിയിരുന്നു.ഈ ഓർമ്മകൾ നിലനിർത്തുവാനും തന്നെപ്പോലെ ഒരു കുട്ടികൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും കരുതിയാണ് വൈകുന്നേരങ്ങളിൽ വിദ്യാർഥികൾക്കായി ചായയും കടിയും കൊടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ കടയിൽ നിന്നും ചായ കുടിച്ചപ്പോൾ നല്ലനിലയിൽ ആയ പലരും പിന്നീട് തേടി വരുന്നത് വളരെ സന്തോഷം നൽകുന്നുവെന്നും മുഹമ്മദാലി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *