കാളിയ൯ സ്വപ്ന പ്രൊജക്ട്: പൃഥ്വിരാജ്
കാളിയ൯ സ്വപ്ന പ്രോജക്ടെന്ന് നടൻ പൃഥ്വിരാജ് .തുടക്കം മുതൽ അവസാനം വരെ പറയുവാൻ സാധിക്കുന്ന തിരക്കഥയാണ് ‘കാളിയൻ’ സിനിമയുടേതെന്നു൦ അദ്ദേഹം പറഞ്ഞു. താൻ ഭയങ്കരമായി താലോലിച്ച് കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ് സിനിമയുടേതെന്നും നിർത്താതെ ഷൂട്ട് ചെയ്യുവാൻ സാധിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഷൂട്ട് തുടങ്ങുവാൻ സാധിക്കുകയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു. സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് കാളിയൻ സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ബി ടി അനിൽകുമാറാണ് തിരക്കഥ നിർവഹിക്കുന്നത്. ശങ്കർ എഹ്സാൻ ലോയ് ആണ് സംഗീതം. സുജിത് വാസുദേവാണ് ക്യാമറ.
പതിനേഴാം നൂറ്റാണ്ടിൽ വേണാടിൽ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയൻ. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായി മാറിയെങ്കിലും കാളിയൻ ആരും അറിയപ്പെടാത്ത നായകനായി മറഞ്ഞു. പൃഥ്വിരാജ് ആണ് കാളിയന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കാളിയനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ:
കാളിയൻ എന്റെ സ്വപ്ന പ്രൊജക്റ്റ് ആണ്. ഞാൻ ഭയങ്കരമായി മനസ്സിൽ താലോലിച്ച് കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ്. എനിക്ക് തുടക്കം മുതൽ അവസാനം വരെ പറയാൻ സാധിക്കുന്ന സ്ക്രിപ്റ്റ് ആണ്. പക്ഷേ വളരെ വലിയ സിനിമ ആണ്. ഒരു കാരണവശാലും പരിമിതമായ സാഹചര്യത്തിൽ ഷൂട്ട് ചെയ്യുവാൻ സാധിക്കില്ല. എന്നാൽ തുടങ്ങിയാൽ നിർത്താതെ ഷൂട്ട് ചെയ്യുവാൻ സാധിക്കുന്ന സാഹചര്യത്തിൽ മാത്രമേ സിനിമയുടെ ഷൂട്ട് തുടങ്ങുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വർക്ക് തുടങ്ങും.