അദ്ധ്യാപക ദിനത്തില്‍ പുരസ്‌ക്കാര നിറവില്‍ കല്ലേരി മാഷ്
ദേശീയ അദ്ധ്യാപക ദിനത്തില്‍ പ്രൈമറി വിഭാഗത്തില്‍ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശശിധരന്‍ കല്ലേരി.പാഠ്യ -പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനവും മാതൃകാ ക്ലാസ് അവതരണവും കണക്കിലെടുത്താണ് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയത്. ഏലൂര്‍ ഫാക്ട് ഈസ്റ്റേണ്‍ യു പി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകനായ കല്ലേരി കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശിയാണ്.
ഓരോ അധ്യയന വര്‍ഷവും കുട്ടികള്‍ക്ക് പഠനം ലളിതവും, കാര്യക്ഷമവും, രസകരവുമാക്കുന്നതിനായി വേറിട്ട ആശയങ്ങളാണ് ഇദ്ദേഹം ആവിഷ്‌ക്കരിക്കുന്നത്. കൂട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി തയാറാക്കിയ വിവിധ പഠന സാമഗ്രികളാണ് കളിവീടും , കളിച്ചെപ്പും ജ്യോതിസ്സും .
മലയാളം അക്ഷരം അറിയുകയും എന്നാല്‍ വായനയില്‍ പ്രയാസം നേരിടുകയും ചെയ്യുന്ന കുട്ടികള്‍ക്കായി തയറാക്കിയ മോഡ്യൂളാണ് ‘ജ്യോതിസ്സ്’. ആയിരത്തോളം അദ്ധ്യാപകരാണ് ഈ മോഡ്യൂളുകള്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ‘വെളിച്ചം’ എന്ന മോഡൂള്‍ എണ്ണൂറോളം വരുന്ന അദ്ധ്യാപകര്‍ അക്ഷരം ഉറപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്നു.
ഇരുപത്തിയഞ്ച് അക്ഷര കഥകളടങ്ങുന്ന ‘കളിവഞ്ചി’ എന്ന കഥാ കാര്‍ഡുകളും കുട്ടികള്‍ക്കായി തയാറാക്കി നല്‍കി. ഓരോ വര്‍ഷവും മികവാര്‍ന്ന നിരവധി നൂതന പഠന സാമഗ്രികള്‍ തയാറാക്കുന്ന കല്ലേരി മാഷ് കുട്ടികള്‍ക്കായി മൂന്നൂറിലധികം പാട്ടുകളും നൂറോളം കഥകളും തയാറാക്കിയിട്ടുണ്ട്.ശശിധരന്‍ കല്ലേരിയുടെ അക്കാദമിക അക്കാദമികേതര മികവുകള്‍ക്ക് 2022-ല്‍ ഗുരു ശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചു.
ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി തയറാക്കിയതാണ് പുത്തന്‍ അറിവുകള്‍ നല്‍കുന്ന എഴുപത്തിയഞ്ച് വായനാ കാര്‍ഡുകള്‍ അടങ്ങുന്ന കളിവീട്് എന്ന വായനാ സാമഗ്രികള്‍. മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ക്കായി തയറാക്കായ അറുപത് വായനാ കാര്‍ഡുകള്‍ അടങ്ങുന്നതാണ് കളിച്ചെപ്പ്. എല്ലാ വായനാ സാമഗ്രികളും പി ഡി എഫ് രൂപത്തിലാക്കി വിവിധ ഗ്രൂപ്പുകളിലൂടെ സൗജന്യമായി അയച്ചു നല്‍കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
2003-ല്‍ സോളാര്‍ സിസ്റ്റം ദ്യശ്യവത്കരിച്ച് പഠിപ്പിച്ചു കൊണ്ടാണ് വ്യത്യസ്തമായ പഠന പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് മാമാങ്കം ദൃശ്യാവിഷ്‌ക്കാരം നല്‍കി പഠിപ്പിക്കുകയും സഹപ്രവര്‍ത്തകരുടെ സഹകണത്തോടെ മലയാളം ഭാഷാ പരിപോഷണ പരിപാടി അവിഷ്‌ക്കരിക്കുകയും, ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
നാലാം ക്ലാസിലെ കുട്ടികളും മാഷും ചേര്‍ന്ന് പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയറാക്കിയ ‘രണ്ടപ്പം’ എന്ന തിരക്കഥ കുട്ടികള്‍ മാത്രം കഥാപാത്രങ്ങളായ സിനിമയായി. കല്ലേരി മാഷിന്റെ നേതൃത്വത്തില്‍ മൂന്നാം ക്ലാസിലെ കുട്ടികള്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയാറാക്കിയ ‘കൂടുതേടുന്നവര്‍’ എന്ന തിരക്കഥ വിവിധ ഭാഷകളില്‍ ഷോര്‍ട്ട് ഫിലിം ആയി.ഇംഗ്ലീഷ് പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയാറാക്കിയ ‘സ്‌ക്രിപ്റ്റ് അറ്റ് സ്‌കൂള്‍’ എന്ന പേരില്‍ സിനിമയാക്കി.വിദ്യാരംഗം ആലുവ ഉപജില്ലാ കോര്‍ഡിനേറ്റര്‍, വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ എറണാംകുളം ജില്ലാ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വിദ്യാരംഗം കേരളത്തില്‍ ആദ്യമായി എല്‍ പി വിഭാഗങ്ങളെക്കൂടെ ഉള്‍പ്പെടുത്തി ജനകീയമാക്കി.
2015-ല്‍ സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും മികച്ച വ്യദ്യാരംഗം കോര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചു.കോവിഡ് സമയത്ത് പഠന പ്രവര്‍ത്തനം ലളിതവും രസകരവു മാക്കുന്നതിനായി രണ്ട് ,മൂന്ന് ,നാല് ക്ലാസിലെ കുട്ടികള്‍ക്കായി തയാറാക്കിയ വര്‍ക്ക് ബുക്കുകള്‍ അദ്ധ്യാപക സമൂഹം രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനം ലളിതമായ് മനസ്സിലാക്കാന്‍ വേണ്ടി നിരവധി വിഡിയോകളും കല്ലേരി മാഷ് തയാറാക്കി നല്‍കുകയുണ്ടായി.സങ്കലന വസ്തുതകള്‍ ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി പഠിക്കാന്‍ പറ്റുന്ന വിധം തയാറാക്കിയ മോഡ്യൂളും അദ്ധ്യാപക സമൂഹം ഏറ്റെടുത്തു.
ഇന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും. മികച്ചൊരു സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടെയായ ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കൂടെയാണ് അറിയപ്പെടുന്ന ബാലസാഹിത്യകാരന്‍ കൂടിയായ ശശിധരന്‍ കല്ലേരി.
അവശ കലാകാരന്മാരായിട്ടുള്ള നാട്ടുകാരുടെ ചികിത്സയ്ക്കും മറ്റും സഹായിക്കാനായി കടുങ്ങല്ലൂര്‍ പഞ്ചായത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമന്വയ സര്‍ഗ്ഗവേദി എന്ന ചാരിറ്റി സംഘടനയുടെ സെക്രട്ടറി കൂടിയാണ് കല്ലേരി മാഷ്.
1961 മുതലാണ് സെപ്റ്റംബര്‍ 5 ദേശീയ അദ്ധ്യാപക ദിനമായി ആഘോഷിച്ചുവരുന്നത്. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്ത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.