വ്യത്യസ്തനായ ഒരു കവി: അനിൽ പനച്ചൂരാൻ

ജിബി ദീപക്ക്(അദ്ധ്യാപിക,എഴുത്തുകാരി)

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബര്‍ 20നാണ് അനില്‍ പനച്ചൂരാന്‍ ജനിച്ചത്.

അനില്‍ പനച്ചൂരാന്റെ അച്ഛനു മുംബൈയില്‍ ജോലിയായതിനാല്‍ രണ്ടാം ക്ലാസുവരെയുള്ള പഠനവും അവിടെയായിരുന്നു. അവിടെനിന്നും പിന്നീട് അമ്മ വീടായ കൊല്ലം മണ്‍റോ തുരുത്തിലെത്തി. വീണ്ടും അച്ഛന്റെ വീടായ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂരില്‍ വന്നു. ശ്രീനാരായണഗുരു സംസ്‌കൃതം പഠിക്കാന്‍ വന്നു താമസിച്ച തറവാടാണ് വാരണപ്പള്ളി പനച്ചൂര്‍.

ഈ കുടുംബത്തിന്റെ ഒരു അകന്ന ബന്ധുവാണ് പുതുപ്പള്ളി രാഘവന്‍. അവിടെ ധാരാളം പുസ്തകമുണ്ട്. നിത്യചൈതന്യയതി പലപ്പോഴും അവിടെ വരുമായിരുന്നു. ഈ ഗുരുമുദ്രകളൊക്കെ പതിഞ്ഞ തറവാടും, സംസ്‌കാരിക ഛായ തെളിഞ്ഞനാടും ചേര്‍ന്നപ്പോള്‍ അനിലിന്റെ ചിന്തയില്‍ അക്ഷരങ്ങളുടെ കാറ്റുവീശി.

അനിലിന്റെ ബിരുദം കഴിഞ്ഞുള്ള കാലം സന്യാസത്തിലേക്കും ധ്യാനത്തിലേക്കും ആകര്‍ഷിക്കപ്പെട്ടു. കുറെക്കാലം അവധൂത ജീവിതം പിന്തുടര്‍ന്നു. പിന്നീട് അതെല്ലാം വിട്ട് എല്‍എല്‍ബി പഠിച്ചു. കായംകുളം കോടതിയില്‍ പ്രാക്ടീസ് തുടങ്ങാനിരിക്കുമ്പോഴാണ് യാഥര്‍ശ്ചികമായി സിനിമാലോകത്തേക്ക് കടന്നുവരുന്നത്.

‘ചോര വീണ മണ്ണില്‍’ എന്ന ഗാനത്തിനു പുറമെ ‘അറബിക്കഥ’യിലെ തന്നെ തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത, പിന്നീട് ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തിലെ ‘വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ’ തുടങ്ങിയ ഗാനങ്ങളും ഗാനരചയിതാവെന്ന നിലയില്‍ അദ്ദേഹത്തെ തുടക്കത്തിലെ ശ്രദ്ധേയനാക്കിയിരുന്നു. മാടമ്പി, സീനിയേഴ്‌സ്, ഭ്രമരം, ലൗഡ്‌സ്പീക്കര്‍, മകന്റെ അച്ഛന്‍, പാസഞ്ചര്‍, സൈക്കിള്‍, സ്വന്തം ലേഖകന്‍, ബോഡി ഗാര്‍ഡ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ഗാനരചന നിര്‍വഹിച്ചു.

ആനുകാലികങ്ങളില്‍ ഒരുവരിപോലുമെഴുതാതെ കാസെറ്റുകളിലൂടെയായിരുന്നു അനില്‍ പനച്ചൂരാന്‍ എന്ന കവിയുടെ ഉദയം. അഞ്ച് കവിതാസമാഹാരങ്ങളും സിഡികളിലൂടെയാണ് പ്രകാശിതമായത്. ‘പ്രവാസികളുടെ പാട്ട്’ മുതല്‍ ‘മഹാപ്രസ്ഥാനം’ വരെയുള്ള സമാഹാരങ്ങളിലെ കവിതകള്‍ പനച്ചൂരാനെ ജനശ്രദ്ധയാകര്‍ഷിച്ചു.

മലയാളികളുടെ ചുണ്ടില്‍ തത്തികളിക്കുന്ന ഒട്ടനവധി കവിതകള്‍ക്ക് തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു പനച്ചൂരാന്‍. കവിതകളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാത്ത സാധാരണക്കാരായ ആളുകള്‍പോലും പനച്ചൂരാന്‍ കവിതകള്‍ ഹൃദ്യസ്ഥമാക്കിയിരുന്നു. ക്യാമ്പസുകളില്‍ യുവത്വത്തിന്റെ സിരകളില്‍ പനച്ചൂരാന്‍ കവിതകള്‍ ലഹരിയായി. സിരകളില്‍ ആവേശമുയര്‍ത്തി ‘ചോര വീണ മണ്ണില്‍’ നിന്നെഴുതിയ അതേ കവി പ്രണയം നിറച്ച് ‘നീയാം തണലിന് താഴെ’ ‘അരികത്തായ് ആരോ പാടുന്നുണ്ടോ’ എന്ന് തുടങ്ങി ‘ജിമിക്കി കമ്മല്‍ വരെ’ എഴുതി വിസ്മയിപ്പിച്ചു. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായെന്‍’ എന്ന പാട്ട് പ്രവാസികളെ നാടോര്‍മ്മകളുടെ കണ്ണീരണിയിച്ചു. ഒരു മാത്ര കൂടി ‘നീ ഇവിടെ നിന്നാല്‍ ഞാന്‍ ജനിമൃതികളറിയാതെ പോകുമെന്ന്’ പറഞ്ഞ് കവി പ്രണയത്തിന്റെ തീപന്തമുയര്‍ത്തി. അങ്ങനെ കവിതയിലൂടെയും, ഗാനങ്ങളിലൂടെയും, തന്റെ ശബ്ദഗാംഭീര്യം കൊണ്ട് അനില്‍ പനച്ചൂരാന്‍ വ്യത്യസ്ഥമായി. വ്യത്യസ്തനായ കവിയായി വ്യത്യസ്തനായ വ്യക്തിയായി മലയാളിയുടെ ആരൊക്കെയോ ആയി മാറി.

അദ്ദേഹത്തിന്റെ കവിതകളില്‍ പ്രണയഭംഗവും പ്രണയവും, വ്യഥിത ജീവിതം കൂടി കലര്‍ന്ന് പടര്‍ന്ന് കിടന്നു. ‘വലയില്‍ വീണ കിളികള്‍’, അനാഥന്‍, പ്രളയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവ ജനശ്രദ്ധപറ്റിയ അദ്ദേഹത്തിന്റെ കവിതകളാണ്. താനൊരു ദൈവവിശ്വാസിയായ കമ്യൂണിസ്റ്റാണെന്നു സ്വയം പ്രഖ്യാപിച്ച അനില്‍ പനച്ചൂരാന്‍, കവിക്ക് സാമൂഹിക ഉത്തരവാദിത്തമുണ്ടായിരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

ഒടുവില്‍ ജീവിതത്തിന്റെ പാതിവഴിയില്‍ നിന്നും നിത്യതയുടെ നിഴലിലേക്ക് ആ വ്യത്യസ്തനായ കവി നടന്നുമറഞ്ഞിരിക്കുന്നു. മുഴങ്ങുന്ന ശബ്ദവും, കവിതകളും, പാട്ടുകളുടെ പൂമരത്തണലും നമുക്കായി സമ്മാനിച്ചുകൊണ്ട്.. നിത്യതയിലേക്ക് മറഞ്ഞ ആ കവിഹൃദയത്തിന് ആദരാഞ്ജലികള്‍…

Leave a Reply

Your email address will not be published. Required fields are marked *