മലയാള സിനിമയ്ക്ക് സൂപ്പര്‍താരങ്ങളെ സമ്മാനിച്ച ഡെന്നീസ് ജോസഫ്
ആയിരത്തി എണ്‍പതകളിൽനിന്ന് 90 കളിലേക്ക് മലയാള സിനിമയുടെ പ്രയാണം ഡെന്നിസിന്റെ ജോസഫിന്‍റെ തൂലികയിലൂടെയായിരുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കിയ കഥാപാത്രങ്ങൾ ജോസഫിന്റെ തൂലികയിൽനിന്നു വാർന്നു വീണു. നിറക്കൂട്ടിലെ രവിവർമയും ന്യൂഡൽഹിയിലെ കൃഷ്ണമൂർത്തി എന്ന ജികെയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി.
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച മനുഅങ്കിൾ എന്ന സിനിമയിൽ മോഹൻലാലിനെ മോഹൻലാലായും നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയെ മമ്മൂട്ടിയായും അവതരിപ്പിച്ച മലയാള വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ച മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്.മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് ഡെന്നിസിന്റെ എഴുത്തിനെ ഏറ്റവും മികച്ച വിജയ ഫോർമുലയിലെത്തിച്ചു.നിറക്കൂട്ടിന്റെ മാന്ത്രിക വിജയം ഡെന്നിസിന് വലിയ താരമൂല്യം നൽകി.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. നടൻ ജോസ് പ്രകാശിന്റെ അനന്തരവനാണ്. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി.
കട്ട് കട്ട് എന്ന സിനിമാ മാസികയിൽ പത്രപ്രവർത്തകനായാണ് തുടക്കം. പിന്നീട് കുറച്ചുകാലം ഒരു പ്രസ് നടത്തിയിരുന്നു. 1985ൽ ജേസി സംവിധാനം ചെയ്ത ഈറൻ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സിനിമയിൽ തുടക്കംകുറിക്കുന്നത്. പിന്നീട് നിറക്കൂട്ട്, ശ്യാമ എന്നിങ്ങനെ തുടർച്ചയായി നിരവധി സിനിമകൾക്ക് തിരക്കഥയൊരുക്കുകയും മലയാളത്തിലെ സൂപ്പർഹിറ്റ് തിരക്കഥാകൃത്തായി ഉയരുകയും ചെയ്തു.
രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്. നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി. ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ സംവിധാനത്തിൽ ഡെന്നിസ് വിജയപരമ്പര തന്നെ സൃഷ്ടിച്ചു.
മലയാള സിനിമയിൽ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത ഒട്ടേറെ മെഗാഹിറ്റുകൾ അടക്കം 65 ഓളം സിനിമകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് സംവിധായകൻ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും തിരക്കഥ രചിച്ചു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ 1988 ലെ, കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ഡെന്നിസ് തിരക്കഥയെഴുതിയ ആകാശദൂത് 1993 ലെ, സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡും നേടി. നിറക്കൂട്ടുകളില്ലാതെ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്.
കടപ്പാട് വിവിധ മാധ്യമങ്ങള്‍

