മലയാളത്തിന്‍റെ അനശ്വരനായ സാഹിത്യകാരന്‍

മലയാള സാഹിത്യ ലോകത്ത് ഇന്നും പുതുമ ചോരാതെ നിൽക്കുന്നവയാണ് ഉറൂബിന്‍റെ കൃതികൾ. ഓരോ വായനയിലും വ്യത്യസ്തമായ ഭാവതലങ്ങൾ വായനക്കാരന് സമ്മാനിക്കുന്ന ഉറൂബിന്റെ കൃതികൾ ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നു. യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് പിസി കുട്ടികൃഷന്‍ എന്ന സാഹിത്യകാരന്‍ പ്രശസ്തനായത്. സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം ശോഭിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളപ്രം ഗ്രാമത്തിൽ കരുണാകര മേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1915 ജൂൺ 8 നാണ് ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കവി ഇടശ്ശേരി ഗോവിന്ദൻ നായരുമായി സൗഹൃദത്തിലായി.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി പേരെടുത്തു. 1934 ൽ നാടുവിട്ട അദ്ദേഹം 6 വർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവിൽ തമിഴ്, കന്നഡ എന്നീ ഭാഷകൾ പഠിച്ചു. പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയൻ കമ്പനിയിലും ജോലി നോക്കി. 1948 ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി ദേവകിയമ്മയെ വിവാഹം കഴിച്ചു. കോഴിക്കോട് കെ.ആർ. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക എന്നിവിടങ്ങളിൽ ജോലി ചെയ്തു. ആകാശവാണി കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു.

1975 ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ചു. തുടർന്ന് കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1976 ലാണ് മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ 1979 ജൂലൈ 10 ന് കോട്ടയത്തു വച്ച് അന്തരിച്ചു. 1952 ൽ ആകാശവാണിയിൽ ജോലിനോക്കവേ സഹപ്രവർത്തകനും സംഗീത സംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായത്. നീർച്ചാലുകൾ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി.

സുന്ദരികളും സുന്ദരൻമാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേൻമുളളുകൾ തുടങ്ങിയവയാണ് ഉറൂബിന്റെ നോവലുകൾ. രാച്ചിയമ്മ, ഉളളവരും ഇല്ലാത്തവരും, ഗോപാലൻ നായരുടെ താടി, കുഞ്ഞമ്മയും കൂട്ടുകാരും, നീലവെളിച്ചം, മൗലവിയും ചങ്ങാതിമാരും, തുറന്നിട്ട ജാലകം എന്നിങ്ങനെ ഇരുപതോളം ചെറുകഥാ സമാഹാരങ്ങളും. തീ കൊണ്ട് കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും തുടങ്ങിയ നാടകങ്ങളും ഉറൂബിന്റെ കുട്ടിക്കഥകൾ എന്ന ബാലസാഹിത്യ കൃതിയും നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാൾ എന്നീ കവിതാസമാഹാരങ്ങളും രചിച്ചു. ഉറൂബിന്റെ സുന്ദരികളും സുന്ദരൻമാരും എന്ന നോവൽ സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ്. മൂന്നു തലമുറകളുടെ കഥ വിശാലമായ ഒരു പശ്ചാത്തലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന നോവലിൽ ഖിലാഫത്ത് പ്രസ്ഥാനം, മലബാർ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം എന്നിവയെല്ലാം പശ്ചാത്തലമാക്കിയിരിക്കുന്നു. ഒരു സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ അഗാധമായ ഉൾക്കാഴ്ചയോടെ ചിത്രീകരിക്കുന്ന നോവലാണ് ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചു എന്ന സ്ത്രീയുടെ കഥയാണ് തന്റെ അനശ്വര നോവലിലൂടെ ഉറൂബ് പറഞ്ഞത്.

അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു പ്രധാനമായും തന്റെ കൃതികളിൽ പ്രമേയമാക്കിയത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. മലയാള ചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നീലക്കുയിൽ (1954) രാരിച്ചൻ എന്ന പൗരൻ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും നിർവ്വഹിച്ചു.


വിവരങ്ങള്‍ക്ക് കടപ്പാട് :: വിക്കിപീഡിയ

Leave a Reply

Your email address will not be published. Required fields are marked *