ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്

ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യൻ ഡോളറാണ്. ആപ്പിൾ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യന്‍ ഡോളറുമാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 600 കോടി കുറഞ്ഞതാണ് ആപ്പിൾ ഇപ്പോൾ പിന്നോട് പോകാനുള്ള കാരണം. ആപ്പിൾ തന്നെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിക്കാത്തതാണ് ഇപ്പോൾ വന്ന നഷ്ടത്തിന് പിന്നിൽ. ഉപകരണങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോൾ ആപ്പിൾ നേരിടുന്ന പ്രധാന പ്രതിസന്ധി.

എന്നാൽ ഈ അവസ്ഥ മൈക്രോസോഫ്റ്റ് പ്രയോജനകരമാകുകയാണ് ചെയ്തത്. മുൻവർഷത്തേക്കാൾ 22 ശതമാനം അധികവരുമാനം ആണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ക്ലൗഡ് കംപ്യൂട്ടിങും ഓഫിസ് പ്രോഡക്ടിവിറ്റി സബ്‌സ്‌ക്രിപ്ഷനുകളുമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാർഗങ്ങൾ. ഇവയ്ക്ക് ഐഫോണും മറ്റു ഉപകരണങ്ങൾ പോലെയും പബ്ലിസിറ്റി കുറവാണെങ്കിലും ഈ ബിസിനസുകൾ വളരെയധികം ലാഭം നേടാൻ സഹായിക്കുന്നുണ്ട്. ഇതുതന്നെയാണ് നിക്ഷേപകരെ മൈക്രോസോഫ്റ്റിലേക്ക് ആകർഷിക്കുന്ന ഘടകവും.

ലോകത്തെ തന്നെ ഏറ്റവും വലിയ 500 കമ്പനികളിൽ 78 ശതമാനവും മൈക്രോസോഫ്ട് ക്ലൗഡാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ അമരക്കാരൻ സത്യാ നദെല്ല ഊന്നൽ കൊടുക്കാൻ ശ്രമിക്കുന്നതും ക്‌ളൗഡ്‌ കമ്പ്യൂട്ടിങിനാണ്. മൈക്രോസോഫ്റ്റിന്റെ മെയിൻ പ്രോഡക്റ്റായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനപ്പുറത്തേക്ക് മൈക്രോസോഫ്റ്റിനെ നയിക്കുക എന്നത് തന്നെയാണ് നദെല്ലയുടെ ലക്ഷ്യവും.

Leave a Reply

Your email address will not be published. Required fields are marked *