ഭാഷയിലെ അധികാരം

മൃദുലാദേവി. എസ്

ഇന്ദുമേനോൻ ഉപയോഗിച്ച ഭാഷയിൽ അധികാര സ്വരം ഇല്ല എന്ന് തോന്നിയത് കൊണ്ടാണ് ഇന്ദു ഇട്ട എഫ് ബി പോസ്റ്റിലെ “മെറിറ്റ് എന്നൊന്നുണ്ട്”, “പോയിനെടാ പോയി നയിച്ചു തിന്നിൻ ” എന്നീ വാക്കുകൾ അതിൽ ലൈക്, കമന്റ് നൽകി സ്വീകരിച്ചവർക്കു ഒരു അപാകതയായി തോന്നാഞ്ഞത്.

ആ ഭാഷ ഉണ്ടാക്കുന്ന ഹിംസാത്മകതയെ കേരളം വായിക്കേണ്ടതുണ്ട് എന്ന് കരുതുന്നു. ശബ്ദോൽപത്തി ശാസ്ത്രം കൊണ്ട് മാത്രമല്ല നരവംശശാസ്ത്രപരമായും ഭാഷയെ നോക്കിക്കാണുമ്പോൾ വിഭവത്തിന്മേൽ, സമ്പത്തിന്മേൽ, രാഷ്ട്രീയത്തിന്മേൽ ഏത് സമൂഹത്തിനാണോ അധികാരം നേടാൻ കഴിഞ്ഞത് അവിടെയാണ് ഭാഷയ്ക്ക് തഴച്ചു വളരാനായത്എന്ന് കണ്ടെത്താവുന്നതാണ്..

സമൂഹങ്ങളുടെ മത ആത്മീയത നിർണയിച്ചതും ആധിപത്യം നേടിയ ഭാഷ തന്നെയായിരുന്നു. ഗോത്ര സമൂഹങ്ങളുടെ ഭാഷ ഞെക്കിപ്പിഴിഞ്ഞു അതിലേയ്ക്ക് ആത്മീയതയുടെ ലഹരി ഇറ്റിച്ചാണ് ഹീബ്രു, ലാറ്റിൻ, ഇംഗ്ലീഷ് ഭാഷകൾ വരേണ്യത കൈവരിച്ചത്. ഗോൽ വിഭാഗങ്ങളെ (Gaul )അടിച്ചമർത്തി ജൂലിയസ് സീസർ എന്ന താരോദയം ഉണ്ടായപ്പോൾ ആ സമൂഹങ്ങളുടെ ഭാഷയിലേയ്ക്ക് അധിനിവേശം നടത്തിയാണ് ഹീബ്രു എന്ന ഭാഷ വികസിച്ചത്.

അതിലേയ്ക്ക് ആത്മീയതയുടെ മഹത്വവൽക്കരണവും നടത്തി.ഇന്ന് നമ്മൾ ഹീബ്രു, ലാറ്റിൻ ഭാഷയിൽ നിന്നും വേർതിരിഞ്ഞു വന്ന പഠനശാഖകളെപ്പറ്റി കേരളത്തിലിരുന്നും പഠനം നടത്തുന്നു. ഭാഷയുടെ മികവ് ഏത് മനുഷ്യർ ആരോട്, എങ്ങനെ സംസാരിക്കണം, എന്ന് നിർവചിച്ചിട്ടാണ് ലോകത്തെങ്ങും നിലനിൽക്കുന്നത്. Merit /മെറിറ്റ് എന്ന പദം പഴയ ഫ്രഞ്ച് ഭാഷയിൽ, ലാറ്റിൻ ഭാഷയിൽ(Mereri,Meritum ), പിന്നീട് ഇംഗ്ലീഷ് ഭാഷയിൽ ക്കൂടി നമുക്കും പരിചിതമായി. മികവ് എന്നതാണ് നമുക്കറിയാവുന്ന അടുത്ത് നിൽക്കുന്ന അർത്ഥം. ഇംഗ്ലീഷ് ഭാഷയിൽ മെറിറ്റ് എന്ന വാക്ക് ഉദ്ദേശിക്കുന്നത് അർഹതയുള്ളതിന്റെ ഗുണനിലവാരം എന്നാണ്.ആർക്കാണ് അർഹത?ഭാഷയുടെ അധികാരികളാൽ നിർണയിക്കപ്പെടുന്ന പ്രബലസമൂഹങ്ങൾക്ക്.

ആരാണ് ഭാഷയുടെ അധികാരികൾ.?ആത്മീയ വ്യാപാരവും, സായുധ ശക്തിയും ഉപയോഗിച്ച് ഇതര മനുഷ്യരുടെ മേൽ ആധിപത്യം സ്ഥാപിച്ചവർ.ഗോൽ എന്ന സമൂഹം നിലനിൽക്കണമോ എന്ന് തീരുമാനിച്ച തരം പ്രബലത എല്ലാം ദേശങ്ങളിലും ഉണ്ടായിരുന്നു. അർഹരെ നിശ്ചയിക്കുവാൻ ഭാഷയിൽ വാചകഘടന ഉണ്ടാക്കിയെടുത്തു. . ചോദ്യരൂപത്തിൽ വാചകങ്ങൾ വന്നപ്പോൾ ആര് ചോദ്യം ചെയ്യണമെന്നും, ആര് അനുസരിക്കണമെന്നും അതു നിശ്ചയിച്ചിരുന്നു. ആര് പ്രസ്താവിക്കണമെന്നും, ആര് അതു പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു.ആര് അപേക്ഷിക്കണമെന്നും, കല്പന പുറപ്പെടുവിക്കുമെന്നും, ആജ്ഞാപിക്കണമെന്നും, അനുസരിക്കണമെന്നും ഭാഷയിൽ നിശ്ചയങ്ങളുണ്ടായി.

അങ്ങനെയാണ് മുതലാളി, തൊഴിലാളി, രാജാവ്, അടിമ, രാജകുമാരൻ, സേവകൻ, ചാവേറ്,രാജകുമാരി,അടിയാൻ, അടിയാത്തി കുടിയാൻ, തമ്പുരാൻ, കൂലി, തോട്ടി, കിങ്,, ക്വീൻ, സ്ലേവ്,, പ്രിൻസ്, എമ്പറർ ഇവരൊക്കെ ഉണ്ടായത്.അർഹതയുള്ളവരുടെ ഗുണനിലവാരം എന്ന മെറിറ്റ് നാഴിയിൽ ഇന്ത്യയിലെ ദളിത് /ആദിവാസി അതീവപിന്നോക്കവിഭാഗങ്ങൾ /എൽ ജി ബി ടി, ഐ, ക്യൂ,ഡിസേബിൾഡ് സമൂഹങ്ങൾ, ദുർബലർ ഇവർക്ക് കടക്കാൻ കഴിയാത്ത സങ്കീർണതകൾ ഉണ്ട്.

പൗരോഹിത്യത്തിനുള്ള മെറിറ്റ് നിശ്ചയിച്ച ഇന്ത്യയിൽ തോട്ടിപ്പണിക്കുള്ള മെറിറ്റും ആർക്കെന്നു നിശ്ചയിച്ചിട്ടുണ്ട്. മെറിറ്റ് എന്നൊന്നുണ്ട് എന്ന് പോസ്റ്റ്‌ മോഡേൺ കാലത്തെ വ്യത്യസ്ത ചിന്താധാരയുടെ എഴുത്തുകാരി,കഥാകൃത്ത് ആയ ഇന്ദുമേനോൻ പറയുമ്പോൾ ഞാൻ തുറന്നു സമ്മതിക്കുന്നു. ഉണ്ട്. മെറിറ്റ് എന്നുള്ളത് ഇന്ത്യയിൽ അധികാരി വർഗ്ഗങ്ങളാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.. ഒരു വസ്തുവിന്റെ മെറിറ്റ് നമ്മൾ പഠിക്കുമ്പോൾ അതിന്റെ ഡി മെറിറ്റ് (ദോഷം) എന്തെന്നും നമ്മൾ പഠിക്കുന്നു. കാരണം സവിശേഷതകൾ ഉള്ളവയെയാണ് മെറിറ്റിനായി പരിഗണിക്കുക. സവിശേഷതകളുടെ ന്യൂനതകൾ ഡി മെറിറ്റ് ആക്കപ്പെടുന്നു അവ പരിഹരിക്കപ്പെടേണ്ടതാണ്.

ആ പരിഹാരങ്ങൾക്ക് പരിഗണന ലഭിക്കുന്നു.മെറിറ്റ് പട്ടികയിൽ കയറുക എന്നതൊരു പ്രിവിലേജ് ആണ്. അതിൽ കയറിപ്പറ്റിയാൽ മാത്രമേ ഡി മെറിറ്റ് പരി ശോധിക്കപ്പെടൂ. ഡി മെറിറ്റ് പരിഹരിക്കുവാനുള്ള നിർദേശങ്ങൾ ലഭിക്കുകയുള്ളൂ. അതും പ്രിവിലേജ് ആണ്. യൂറോപ്പിന്റെ വെളുത്ത വംശീയത കൃത്യമായി ഉപയോഗിച്ച തന്ത്രപരമായ വാക്കാണ് മെറിറ്റ്. തദ്ദേശ വാസികളുടെ ഭാഷയായിരുന്നില്ല ആ പദം.

ഗുണത്തിന്റെ അടിസ്ഥാനത്തിൽ വർഗീകരിക്കുമ്പോൾ വിഭവങ്ങൾ ഇല്ലാത്തവർ താനേ അദൃശ്യമാകുന്ന വാക്ക്. യൂറോപ്പിൽ നിന്നും വംശീയതയുടെ വാൾമുനയുമായി ഇന്ത്യയിലെത്തി ഇന്ത്യയിലെ ജാതി എന്ന ചാണയിൽ രാകിഎടുത്തു കൂടുതൽ മൂർച്ചയോടെ ഒരു സമൂഹത്തെ അദൃശ്യതയിൽ നിർത്താൻ കെൽപ്പുള്ള വാക്ക് മെറിറ്റിൽ കയറണമെങ്കിൽ സവിശേഷത ഉണ്ടാവണം.സവിശേഷത ഉണ്ടാകണമെങ്കിൽ ആദ്യം ഒരു വസ്തുവായി /വിഷയമായി, മനുഷ്യരായി പരിഗണിക്കപ്പെടണം. അതിന് ‘കുലീന ജാതിയിൽ ‘ജനിച്ച പൊതുസമൂഹത്തിന്റെ ആരോഗ്യ സങ്കല്പത്തെ തൃപ്തിപെടുത്തുന്ന ശാരീരിക ആരോഗ്യമുള്ള, ആണോ, പെണ്ണോ ആവണം.

അല്ലാത്തവർക്ക് പ്രവേശനം ലഭിക്കുന്നില്ല. സംവരണം ഉള്ളതുകൊണ്ടും,വോട്ട് ബാങ്കുകൾ ആയതുകൊണ്ടും മാത്രം മനുഷ്യരായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹം ഇവിടെ നിലകൊള്ളുന്നുണ്ട്. അവർ ഇന്ത്യയ്ക്ക് വിഷയമോ, വസ്തുവോ അല്ല. അവർക്ക്‌ മെറിറ്റ് ലഭിക്കണമെങ്കിൽ സവിശേഷത ഉണ്ടാവണം. ഇന്ത്യയുടെ സവിശേഷത എന്നത് ജാതിയാണ്.അതിന്റെ വേര് നമുക്ക് കാണാൻ പറ്റാത്ത തരത്തിൽ ആഴത്തിൽ പടർത്തി ജാതിത്തോട്ടത്തെ മുകളിലേയ്ക്കു പടർത്തിയിരിക്കുകയാണ്. അർഹതയിൽ പെടുവാനുള്ള അർഹത ലഭിക്കാത്ത സമൂഹങ്ങളോട് ഉപയോഗിക്കുന്ന അധിനിവേശം ആണ് ‘മെറിറ്റ് എന്നൊന്നുണ്ട് ‘എന്ന പ്രയോഗം.

അതേതു രീതിയിൽ വ്യാഖ്യാനിച്ചാലും അതിന്റെ ഘടനാ സ്വഭാവം മാറുന്നില്ല. അതിന്റെ മൂലരൂപം തിരിച്ചറിഞ്ഞു തന്നെ അത്തരം പറച്ചിൽ സമൂഹത്തിനു ഇട്ടുകൊടുക്കാതിരിക്കുക. അപേക്ഷ, ആജ്ഞ, കല്പന, ഇവയ്ക്കായി വാചകഘടന ഉണ്ടാക്കിയവർ അടിയാനും, അടിയാത്തിയും അപേക്ഷിക്കണ്ടവരാണെന്നും, ആരവിടെ എന്ന് കൽപ്പിക്കേണ്ടത് തമ്പുരാൻ ആണെന്നും നിർവചിച്ചിട്ടുണ്ടായിരുന്നു. ജനാധിപത്യ സംവിധാനങ്ങൾ ഉണ്ടായെങ്കിലും സവർണ ഭാഷയും സവർണ സാഹിത്യവും, സവർണ ആധുനികതയും, സവർണ ദേശീയതയും മാത്രം ശീലിച്ച പൊതുമണ്ഡലത്തിനു സബാൾട്ടേണ് സമൂഹങ്ങൾ അദൃശ്യവൽക്കരിക്കപ്പെട്ടത് അവർക്കു കിട്ടേണ്ട മെറിറ്റ് ആയി അംഗീകരിക്കുവാൻ സാധിക്കുന്നു. “പോയിനെടാ, പോയി നയിച്ചു തിന്നിൻ ” എന്ന് കല്പിക്കു മ്പോൾ അതു ചെയ്യിപ്പിക്കാനുള്ള അധികാരം പറയുന്ന ആളിൽ ഉണ്ട് എന്ന ഭാവം ആണ് വയലൻസ് സൃഷ്ടിക്കുന്നത്. അവിടെ യാതൊരു തരത്തിലുമുള്ള തുല്യതാ സങ്കൽപ്പങ്ങളും ഉണ്ടാകുന്നില്ല. ഒരു വെറും എഫ് ബി പോസ്റ്റിൽക്കൂടി “പോയി പണി നോക്കു” എന്ന് പറയുന്ന ലാഘവത്വം ഈ പ്രയോഗത്തിനില്ല..

പണിയെടുക്കാതെ, അലസമായി, അന്യരെ ഊറ്റി ജീവിക്കുന്നവരോട് അതീവ പുച്ഛത്തോടെ പ്രയോഗിക്കുന്ന ആട്ടിപ്പായിക്കൽ ആണ് ആ പ്രയോഗം.”മെറിറ്റ് എന്നൊന്നുണ്ട്, പോയി നയിച്ചു തിന്നിൻ “എന്ന് ഇന്ദു കല്പിക്കുമ്പോൾ, ആജ്ഞാപിക്കുമ്പോൾ അതിൽ കൃത്യമായി ദലിതുകൾ, ആദിവാസികൾ, എൽ ജി ബി ടി ഐ ക്യൂ സമൂഹങ്ങൾ, ഡിസേബിൾഡ് സമൂഹങ്ങൾ, രോഗികൾ, വൃദ്ധർ, ഒക്കെ ഉൾപ്പെടുന്നു. പോയി നയിച്ചു തിന്നിൻ എന്നപ്രയോഗമല്ലല്ലോ മെറിറ്റ് എന്നൊന്നുണ്ട് പോയി നയിച്ചു തിന്നിൻ എന്ന് ഊന്നൽ കൊടുത്തു പറയുമ്പോൾ ഉണ്ടാവുന്നത്. ഞാൻ അർഹതയുള്ളവളാണ്.

നിങ്ങൾ പോയി പണിയെടുക്കൂ എന്ന് പറഞ്ഞാൽ അനുസരിക്കേണ്ട ഒരു സമൂഹ സങ്കല്പം ഇന്ത്യൻ ജനാധിപത്യം ഇന്ന് വിഭാവനം ചെയ്യുന്നില്ല.അതുകൊണ്ട് തന്നെ അതു അനുസരിക്കേണ്ട അധിക ബാധ്യത മെറിറ്റിലില്ലാത്തവരായി നിർമിക്കപ്പെട്ടവർ ചെയ്യേണ്ടതുമില്ല.അടിമ വിമോചക പ്രവർത്തക സോജോണർ ട്രൂത് ഒഹിയോ യിൽ വച്ച് നടത്തിയ Ain’t I a woman? എന്ന ചോദ്യം ഉൾപ്പെടുത്തി ചെയ്ത പ്രസംഗം ഏറെ ശ്രദ്ധനേടിയെങ്കിലും അടിമയുടെ ഭാവുകത്വമില്ലാത്ത ഇംഗ്ലീഷ് എന്നപേരിൽ മുഖ്യധാരാപത്രങ്ങൾ വിഷയത്തിന്റെ ചെറു രൂപം പ്രസിദ്ധീകരിച്ചെങ്കിലും പ്രസംഗത്തിൽ “അതെന്താ ഞാൻ ഒരു പെണ്ണല്ലേ” എന്ന് അതിവൈകാരികതയോടെ ആവർത്തിച്ച് ചോദിച്ച പ്രയോഗം അടങ്ങിയ പ്രസംഗം പ്രസിദ്ധീകരിച്ചതില്ല.

പന്ത്രണ്ട് വർഷം കഴിഞ്ഞാണ് ആഫ്രോ -അമേരിക്കൻ സമൂഹത്തെ ഏറെ ചിന്തിപ്പിച്ച ആ പ്രസംഗം അച്ചടിയിൽ എത്തിയത് തന്നെ. പ്രസംഗത്തിനു മെറിറ്റ് ഇല്ലാഞ്ഞതല്ല. പ്രസംഗിച്ച ആൾ അടിമയായിരുന്നു എന്നതായിരുന്നു പ്രശ്നം. പറഞ്ഞ വ്യക്തിയുടെ മെറിറ്റ് ആണ് വിഷയത്തെ സമൂഹത്തിൽ എത്തിക്കുന്നത്. സമൂഹം ചലനാത്മകമാക്കുവാൻ വേണ്ടി അടിമ വിമോചക പ്രവർത്തകയുടെ പ്രസംഗം അച്ചടി രൂപത്തിൽ ഉപയോഗിക്കാം എന്ന തീരുമാനം എടുക്കാൻ പന്ത്രണ്ടു വർഷം എടുത്തു. ഇന്ദുവുമായി ഏറ്റവും മികച്ച സൗഹൃദം ഉണ്ട്. എപ്പോഴൊക്കെ ദലിത് സമൂഹങ്ങളുമായി ചർച്ചകൾ ഉച്ചത്തിലാവുമ്പോഴും നേരിൽ വിളിക്കുകയും ഇന്ദുവിന്റെ സ്റ്റാൻഡ് പോയിന്റുകൾ മനസിലാക്കുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്

. ഈ വിഷയം വന്നപ്പോൾ വിളിക്കാഞ്ഞത് ഉപയോഗിച്ച വാക്കിലെ പ്രശ്നത്തെ ഇന്ദുവും, അതു പിന്തുണച്ചവരും തിരിച്ചറിയണം എന്നുള്ളത് കൊണ്ട് തന്നെയാണ്. സാംസ്‌കാരിക സമൂഹത്തിന്റെ തിരുത്തൽ ഈ പ്രയോഗത്തിന്മേൽ ഉണ്ടാവേണ്ടതാണ്. നിലനിൽക്കുന്ന വിഷയത്തിൽ വംശീയ അധിക്ഷേപങ്ങൾ ഇല്ലാത്ത ഭാഷയിൽക്കൂടി കംമ്യൂണിക്കേറ്റ് ചെയ്യാമല്ലോ.പ്രതികരിക്കുവാനുള്ള ഇന്ദുവിന്റെ അവകാശത്തെ മാനിക്കുന്നു എന്നാൽ ഉപയോഗിക്കുന്ന ഭാഷ ബോധപൂർവ്വമോ, അബോധപൂർവ്വമോ മൗലികമായ ഇടങ്ങൾ ഉണ്ടാക്കുവാനോ, വിഘടനവാദത്തിനോ കാരണമാകുന്നുവെങ്കിൽ അതു തിരിച്ചറിയുക തന്നെ വേണം.

ഇന്ദുമേനോന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കാര്യങ്ങൾ പറയുമ്പോൾ ജാതിക്കാതോട്ടവും കൊണ്ട് വരുന്നവരേ… മെറിറ്റ് എന്നൊന്നുണ്ട്.

പോയിനെടാ ..പോയി പണിയെടുത്ത് നയിച്ച്തിന്നിൻ

(എഡിറ്റ് : ഇതിനകത്തെ വിഷയം /മെറിറ്റ് ക്രൈമിന്റെ മെറിറ്റാണ്. സംവരണവുമായി ചേർത്ത് പോസ്റ്റുകൾ കണ്ടു. ചിലരുടെ ചോദ്യവും കണ്ടു. ബന്ധമേ ഇല്ല. മുന്നോക്ക സംവരണത്തോട് മാത്രമേ എതിർപ്പുള്ളു. കമന്റുകൾ കാണാവുന്നതാണ്)

(എഡിറ്റ് 2: ക്രൈമിന്റെ മെറിറ്റ് വിവരാവകാശത്താൽ കണ്ടെടുത്തോളുക

1)വ്യാജ എക്സ്പീരിയൻസ്സ് ചമച്ചുണ്ടാക്കി ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ വഞ്ചിക്കുകയും റാങ്ക് ലിസ്റ്റിൽ കടന്ന് കൂടുകയും ജോലി സമ്പാദിക്കുകയും ചെയ്ത കേസ്സ്
പി എസ് സി വിജിലൻസ്സ്
അഡ്മിനിസ്റ്റ്രേറ്റിവ് വിജിലൻസ്സ് അന്വേഷണങ്ങൾ നടക്കുന്നു.
Case no: PSC Vigilance, VE3/2020
കുറ്റാരോപിതർ- 4 പേർ

2)Crime No I869/15 cc 1469/15
u/ ട 143,147,148,341,323,324.506 ( ii) 294 ( b) r/w 149 IPC and sec.128 (1) (b) of kerala Panchayath Raj Act 1994 Date 2 11 15

3)2Crime No 1870/15
cc 1520/15 , u/s 143,147,148,341,323,324, r/w 149 ip and sec 128 (1) ( b) of kerala Panchayath Raj Act 1994
4)Crime no 1415 (rape and sexual harassment),
IPC 1860, 376(2)n 28/10/ 2015

5)Crime No 0608 , IPC 1860, 354,323, 342
തൊഴിലിടത്തിൽ സ്ത്രീക്കെതിരായുള്ള ലൈംഗികാക്രമണം തടയൽ നിയമപ്രകാരം അന്വേഷണം നേരിടുന്നു. – 2 പ്രതികൾ
6)വ്യാജജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച പേരിൽ ഗവണ്മെന്റ് തലത്തിൽ വിജിലൻസ്സ് അന്വേഷണം
നേരിടുന്നു. Case no V-299/2020, Vigilance KIRTADS
– 2 പേർ

7)സർവ്വീസ്സിൽ നിന്നും ഡീബാറു ചെയ്ത വ്യക്തിയെ ഉപയോഗിച്ച് കുറവ കോളനിയിൽ വിജിലൻസ്സ് അന്വേഷണം നടത്തിയത് സംബന്ധിച്ച് സർക്കാർതലത്തിൽ നടക്കുന്ന അന്വേഷണം 29/09/18 ലെ കതിർവേലിന്റെ പരാതി.

രാഷ്റ്റ്രീയ സ്വാധീനം വല്ലാതേറിയ പ്രതികളാണു. എക്സ്റ്റീമിസ്റ്റു സംഘടനക്കരുടെ സപ്പോർട്ടുമുണ്ട്. ഇനിയും ക്രൈം നമ്പർ വേണോ?
വിവരാവകാശനിയമപ്രകാരം അപേക്ഷകൊടുക്കൂ.. മുഴുവൻ ഡീറ്റെയിൽസ്സും കിട്ടും. ഈ ക്രൈമിന്റെ മെറിറ്റിനു കാരണം എന്റെ ജാതിക്കാ തോട്ടമെന്നല്ലെ? മ്മ്ഹ് വിശ്വസിച്ച്)

https://www.facebook.com/induvmenon/posts/3711158575644848

Leave a Reply

Your email address will not be published. Required fields are marked *