നവരാത്രി എട്ടാം ദിനം: ആരാധന മഹാഗൗരി ദേവി
നവരാത്രിയുടെ എട്ടാം ദിനമായ ഇന്ന് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായാണ് ആരാധിക്കുന്നത്.
നവരാത്രി വ്രതത്തിന്റെ എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ്. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു. ദേവിയുടെ വസ്ത്രങ്ങളും ആടയാഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി
പേര് സൂചിപ്പിക്കുന്നതുപോലെ ഗിരി അഥവാ പർവ്വത പുത്രിയാണ് ദേവി. തൂവെള്ള ശോഭയോടുകൂടിയ ദേവിയുടെ ചതുർഭുജങ്ങളിൽ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവയാണുള്ളത്.
മഹാദുര്‍ഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂർണമാകും. രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി. രാഹുദോഷമുള്ളവർ ദോഷപരിഹാരത്തിനായി ദേവിയെ മഹാഗൗരീ ഭാവത്തിൽ ആരാധിക്കണം.
ആരാധന മന്ത്രം
“ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ”
മഹാഗൗരീ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു
മാ മഹാഗൗരീ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ
നവരാത്രി എട്ടാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം.
ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം
അമ്മേ നാരായണാ ദേവീ നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ