പഴമക്കാഴ്ച്ചയില്‍ മാഞ്ഞുപോയ ‘ഇടിയവന്‍ അഥവാ നിലംതല്ലി’

നിലം കിളച്ച് നിരപ്പാക്കിയതിനുശേഷം തല്ലി ഉറപ്പാക്കാൻ ഉപയോഗിച്ചിരുന്ന മര ഉപകരണം. കൈപ്പിടിയും പരന്ന മുൻഭാഗവും ആണ് ഉണ്ടാകുക. സാധാരണയായി ഉറപ്പുള്ളതും വേഗം കീറിപ്പോകാത്തതും ആയ മരത്തടികളാണ് ഉപയോഗിക്കുക

നെലോതിക്ക (നിലം ഒതുക്കി), കൊട്ടോടി (കൊട്ടുവടി), തുമ്പോട്ടി, നിലഞ്ചായ്പ് (Soil Compactor, Walker Plate) എന്നൊക്കെ പേരുകളുള്ള ഈ തടി ഉപകരണം, കേരളത്തിന്റെ കാർഷിക പൈതൃകത്തിന്റെ ഒരു സുപ്രധാന അവശേഷിപ്പാണ്. മണ്‍നിലം ചാണകം മെഴുകി തയ്യാറാക്കുന്നതിന് ഇത് ആവശ്യമായിരുന്നു. വീടിന്റെ മുറ്റവും, നെൽക്കളവും കിളച്ച് നിരപ്പാക്കിയതിനുശേഷം, ഇതുപയോഗിച്ച് തല്ലി ഉറപ്പാക്കും. കളം_ചായ്ക്കൽ (കളം പണി) എന്നാണ് ഈ പ്രക്രിയയെ വിളിച്ചിരുന്നത്.

പണ്ടൊക്കെ ധനുമാസത്തിൽ തന്നെ കളം ചായ്ക്കൽ ജോലികൾ തുടങ്ങുമായിരുന്നു. മുറ്റം നന്നായി കിളച്ച്, കുറച്ചു വെള്ളം ചേർത്ത് ചെളിയാക്കുന്നു. ഉണങ്ങുമ്പോൾ ചാണകം മെഴുകി ആ നിലം വെടിപ്പാക്കും. കിണർ, നടപ്പാത, വയലിന്റെ അതിരുകൾ എന്നിവയെല്ലാം ഇങ്ങനെ തന്നെയാണ് ഒരുക്കുന്നത്. പുഞ്ച കൊയ്ത്ത് കഴിഞ്ഞ് നെല്ല് കറ്റ ആക്കി കൊണ്ടുവരുമ്പോഴേക്കും, ചിക്കി ഉണക്കിയെടുക്കാനുള്ള മുറ്റം റെഡി ആയിരിക്കും .

നിലത്തടിക്കാനുള്ള പരന്ന മുൻഭാഗവും, വണ്ണം കുറച്ച് ഉരുട്ടിയെടുത്ത കൈപ്പിടിയും ഉള്ള, നിലം തല്ലിക്ക് നല്ല ഉറപ്പുള്ള, വേഗം കീറിപ്പോകാത്ത, അൽപ്പം ഭാരമേറിയ കാഞ്ഞിരം പോലുള്ള മരത്തടികളാണ് ഉപയോഗിക്കുന്നത്. നിലംതല്ലിയില്‍ മണ്ണ് ഒട്ടിപ്പിടിക്കാതിരിക്കാനാണ് ചാണകം തളിക്കുന്നത്.

സമാനമായ മറ്റൊരു ഉപകരണമാണ് കട്ട കോൽ അഥവാ കട്ട കൊഴി. വേനൽ കാലത്ത് നിലം ഉഴുതു മറിക്കുമ്പോൾ കാണുന്ന കളിമൺ കട്ടകൾ ഉടയ്ക്കാൻ ഇവ ഉപയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!