യൂണിഷ്കൊടംങ്കാറ്റില്‍ വീണ് ന്യൂട്ടന്‍റെ ആപ്പിള്‍മരം

ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിക്കാൻ പ്രേരിപ്പിച്ച ആപ്പിൾ വൃക്ഷത്തിൽ നിന്നും ക്ലോൺ ചെയ്‍തെടുത്ത വൃക്ഷം യൂണിഷ് കൊടുംങ്കാറ്റ് വീഴ്ത്തി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാർഡനിലായിരുന്നു മരമുണ്ടായിരുന്നത്. ഈ മരം 1954 -ലാണ് ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ശക്തമായ കൊടുംകാറ്റിൽ അത് വീഴുകയായിരുന്നു.

ഗുരുത്വാകർഷണ നിയമങ്ങൾ കണ്ടെത്താൻ ന്യൂട്ടനെ പ്രേരിപ്പിച്ച ആപ്പിൾ മരത്തിൽ നിന്നാണ് ഈ വൃക്ഷം ക്ലോൺ ചെയ്തതെന്ന് ഗാർഡൻ ക്യൂറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു. ഹണി ഫംഗസ് ബാധ മൂലമാണ് മരം നശിച്ചതെന്നാണ് അധികൃതർ പറയുന്നത്. മരത്തിന്റെ ഒരു ക്ലോൺ ഉടൻ തന്നെ പൂന്തോട്ടത്തിൽ മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


ഇതുൾപ്പെടെ മൂന്നു മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിൾ മരത്തിൽ നിന്ന് ക്ലോൺ ചെയ്തു വളർത്തിയെടുത്തത്.അതേസമയം, യഥാർത്ഥ ആപ്പിൾ മരം ലിങ്കൺഷെയറിലെ ന്യൂട്ടന്റെ വീടായ വൂൾസ്‌തോർപ്പ് മാനറിലാണുള്ളത്. ഏകദേശം 400 വർഷങ്ങൾക്ക് മുമ്പാണ് മരം ആദ്യമായി വേരുകൾ പിടിക്കുന്നത്. ഐസക് ന്യൂട്ടന്റെ ആപ്പിൾ മരമായി സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് 240 വർഷമായി. 1733 മുതൽ 1947 വരെ ഈ വീട്ടിൽ താമസിച്ചിരുന്ന കർഷകരായിരുന്ന വൂലെർട്ടൺ കുടുംബമാണ് 1750 മുതൽ ഈ വൃക്ഷത്തെ പരിപാലിക്കുന്നത്. പ്രായമായ വൃക്ഷത്തെ താങ്ങിനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, 1816 -ൽ ഒരു കൊടുങ്കാറ്റിൽ അത് വീണു. ചില ശിഖരങ്ങൾ നീക്കം ചെയ്‌തെങ്കിലും മരത്തിന്റെ കുറെ ഭാഗങ്ങൾ മണ്ണിൽ അവശേഷിച്ചു. അത് വീണ്ടും വേരുപിടിച്ചു. ഈ മരം വൂൾസ്‌തോർപ്പ് മാനറിൽ ഇന്നും വളരുന്നു യുകെയുടെ നാഷണൽ ട്രസ്റ്റാണ് മരം പരിപാലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *