നിപ്പ രോഗം:ഭയം വേണ്ട, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സുരക്ഷിതരാകാം

സംസ്ഥാനത്ത് നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയം വേണ്ടെന്നും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സുരക്ഷിതരാകാമെന്നും മെഡിക്കല്‍ വിദഗ്ദര്‍ അറിയിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന വൈറസാണ് നിപ്പ. വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാല് ദിവസത്തിനും 14 ദിവസത്തിനുമിടയില്‍ പനി, തലവേദന, തലകറക്കം, ബോധക്ഷയം, മനംപിരട്ടല്‍, ഛര്‍ദ്ദി, കാഴ്ചമങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 21 ദിവസം വരെയെടുക്കും.

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ പെട്ടെന്ന് തന്നെ രോഗി ഗുരുതരാവസ്ഥയിലാകും. അതുകൊണ്ട് രോഗം പിടിപെടാതിരിക്കാന്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എടുക്കണം. നിപ്പ വൈറസ് രോഗബാധയുള്ള വവ്വാലില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് ഇവ മനുഷ്യരിലെത്തുക. വവ്വാലുകള്‍ കൂടുതലുള്ള ഇടങ്ങളിലും വവ്വാലുകള്‍ കൂടുതലുള്ള മരച്ചുവടുകളിലും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങള്‍, താഴെ വീണു കിടക്കുന്ന പഴങ്ങള്‍ എന്നിവ എടുക്കുകയോ കഴിക്കുകയോ ചെയ്യരുത്.

മരത്തില്‍ നിന്നും പറിച്ചെടുക്കുന്ന ഫലങ്ങള്‍ ആണെങ്കിലും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. പന്നിവളര്‍ത്തല്‍ ഫാമിലെ ജോലിക്കാര്‍ കാലുറ, കയ്യുറ, മാസ്‌ക്  എന്നിവ ധരിക്കണം. പന്നികള്‍ക്ക് ആരോഗ്യ സംബന്ധിയായ എന്ത് വ്യത്യാസം തോന്നിയാലും മൃഗ ഡോക്ടറെ അറിയിക്കണം. കോവിഡിനെ പ്രതിരോധിക്കാന്‍ പാലിച്ചു വരുന്ന ശരിയായി മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ നിപ്പയെ പ്രതിരോധിക്കാനും സഹായിക്കും. പനിയുടെ ലക്ഷണങ്ങള്‍ നിസ്സാരമായി കാണരുത്. സ്വയം ചികിത്സ പാടില്ലെന്നും മെഡിക്കല്‍ വിദഗര്‍ (ആരോഗ്യം) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *