ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്ര നേട്ടത്തിന്റെ കഥ “83” ; മലയാളത്തിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന ബഹുഭാഷ ചിത്രം 83 മലയാളത്തിൽ അവതരിപ്പിക്കാൻ നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് റിലയൻസ് എന്റർടെയ്മെന്റുമായി കൈകോർക്കുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകൻ കബീർ ഖാൻ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന ഈ ചിത്രം 1983 -ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ ആസ്പദമാക്കിയുള്ളതാണ്.
ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 മലയാളത്തിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിൽ കപിൽ ദേവായി പ്രധാന വേഷത്തിലെത്തുന്നത് റൺവീർ സിംഗാണ്. ഒപ്പം താഹിർ രാജ് ഭാസിൽ, ജീവ, സാഖിബ് സലിം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കപിൽ ദേവിന്റ ഭാര്യ റോമിയായി ഗസ്റ്റ് റോളിൽ എത്തിയിരിക്കുന്നത് ദീപിക പദുക്കോണാണ്. ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്ന് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കബീർ ഖാൻ പറഞ്ഞു. പൃഥ്വിരാജിനെ പിന്തുണ പ്രാദേശിക പ്രേക്ഷകർക്ക് ആവേശം പകരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കബീർ ഖാന് പുറമേ ദീപിക പദുക്കോൺ, വിഷ്ണു ഇന്ദുരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ്,83 ഫിലിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബർ 24 ന് ചിത്രം റിലീസ് ചെയ്യും.