പൊതുവിദ്യാലയത്തിലെ ശാസ്ത്ര പഠനത്തിന് ‘മഴവില്ല്’ഴക്
തൃശൂർ: കുട്ടികള്‍ക്ക് ശാസ്ത്രപഠനം സുഗമമാക്കാന്‍ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച “മഴവില്ല്’ പദ്ധതി അടുത്ത അധ്യയനവർഷം മുതൽ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നു. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും ഒരു ബിആർസിക്ക് കീഴിലെ സ്കൂളുകളിലെ മൂന്നാംക്ലാസുകളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം.
![](https://koottukari.com/wp-content/uploads/2025/02/mazhavill-u2.jpg)
നിലവിൽ 1,131 വിദ്യാര്‍ഥികളാണ് പദ്ധതിയുടെ പരിധിയിലുള്ളത്. 28 മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അഞ്ചാം ക്ലാസുകാർ, 12 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ ഏഴാംക്ലാസുകാർ, പാലക്കാട് ഐആർടിസി, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലെ മഴവില്ല് കൂടാരത്തിലെ വിദ്യാർഥികൾ ഉള്‍പ്പെടെയാണിത്. പരിശീലനം നേടിയ അമ്മടീച്ചര്മാരുടെ നേതൃത്വത്തില്‍ സ്കൂള്‍ സമയത്തിന് മുമ്പോ ശേഷമോ ആണ് പഠനം. കുട്ടികളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി, ചിന്താപ്രക്രിയയ്ക്ക് ഊന്നൽ നൽകി, കളിച്ചും കൂട്ടുകൂടിയും വിശകലനം ചെയ്തും ശാസ്ത്രം പഠിപ്പിക്കുന്ന പദ്ധതിയാണ് മഴവില്ല്.
![](https://koottukari.com/wp-content/uploads/2025/02/mazhavillu-plan-1.jpg)
ശാസ്ത്രത്തിൽ സാമൂഹ്യശാസ്ത്രവും കൂടി ഏകോപിപ്പിച്ചാണ് പഠനം. 2021 ഫെബ്രുവരിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ തൃശൂർ കെഎഫ്ആർഐ, പാലക്കാട് ഐആർടിസി, തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കണ്ണൂർ ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ മഴവില്ല് കൂടാരം സ്ഥാപിച്ചു.
തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ ഇവിടങ്ങളിലെത്തി ശാസ്ത്രം പഠിച്ചു. പിന്നീട് 12 എംആർഎസുകളിലെ ആറാംക്ലാസുകാരെ പദ്ധതിയുടെ ഭാഗമാക്കി. ഇതോടെ സ്കൂൾ അന്തരീക്ഷത്തിലും പദ്ധതി പ്രാവർത്തികമാക്കാമെന്ന് തെളിഞ്ഞു. തുടർന്നാണ് എല്ലാ എംആർഎസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്.