കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് 13 വർഷം

മലയാളത്തിന്റെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേക്ക് 13 വർഷം.സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ നിര്‍മ്മാതാവ് എന്നീ നിലകളിൽ മലയാള ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരനായിരുന്നു കൊച്ചിന്‍ ഫനീഫ.ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും ഇന്നും മലയാള സിനിമയിൽ ജീവിക്കുന്നു.

നർമം നിറഞ്ഞ വർത്തമാനങ്ങളിലൂടെ നന്മ നിറഞ്ഞ ജീവിതത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ഒൗപചാരികതകളില്ലാതെ സഞ്ചരിച്ച പ്രതിഭയായിരുന്നു
സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിൻ ഹനീഫ. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്.അനശ്വര നടൻ ജയൻ മുതൽ പുതിയ തലമുറയിലെ പൃഥ്വിരാജ് വരെയുള്ള താരങ്ങളുടെ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള ഹനീഫ ആദ്യമായി കോമഡി വേഷം ചെയ്തത് മോഹൻലാൽ പ്രിയദർശൻ ചിത്രമായ “മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ” എന്ന ചിത്രത്തിലാണ്.

1951 ഏപ്രിൽ 22 ന് എറണാകുളത്താണ് കൊച്ചിൻ ഹനീഫയുടെ ജനനം. പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ എട്ടുമക്കളിൽ രണ്ടാമനായിരുന്നു ഹനീഫ. 1970 കളിലാണ് ഹനീഫ തന്റെ സിനിമ ജീവിതം വില്ലൻ വേഷങ്ങളിലൂടെ തുടങ്ങുന്നത്. അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു സിനിമയിലേക്കെത്തിയത്. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്കുള്ള വേഷപ്പകർച്ചയിൽ മലയാളം കണ്ടത് എക്കാലത്തേയും മികച്ച നടൻമാരിലൊരാളെ. 1972ൽ അഴിമുഖം എന്ന ചിത്രത്തിൽ തുടങ്ങി വാത്സല്യമെന്ന ചിത്രം സംവിധാനം ചെയ്തും നമ്മെ അതിശയിപ്പിച്ചു അദ്ദേഹം. പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള അന്തരമില്ലാതാക്കിയ എണ്ണംപറഞ്ഞ അഭിനേതാക്കളിൽ ഒരാളായിരുന്നു കൊച്ചിൻ ഹനീഫ.

വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരന്‍,കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങൾ ചിത്രങ്ങള്‍ സംവിധാനം ചെയ്തു ‍. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.

നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ വിവാദങ്ങളിലോ താരജാഡകളിലോ ഉൾപ്പെടാത്ത നടനായിരുന്നു.

കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു. വിജയ്, വിക്രം, അജിത്ത്, രജനികാന്ത് തുടങ്ങിയ ഒട്ടനവധി താരങ്ങളോടൊപ്പം തമിഴില്‍ അഭിനയിച്ചു. ശങ്കർ സിനിമകളിലെ സ്ഥിര സാനിധ്യമായിരുന്നു അദ്ദേഹം. 2010 ഫെബ്രുവരി 2 ന് ആയിരുന്നു കൊച്ചിന്‍ ഹനീഫ പ്രേക്ഷക മനസ്സ് കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല.

നടനെന്ന നിലയില്‍ മാത്രമല്ല കൊച്ചിന്‍ ഹനീഫ എന്ന അനശ്വര പ്രതിഭ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. ‘വാത്സല്യം’ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയുടെ സംവിധായകനെന്ന നിലയില്‍ കൊച്ചിന്‍ ഹനീഫ മലയാള ചലച്ചിത്ര സംവിധാന രംഗത്തും തന്റെതായ ഒരു സ്ഥാനം നേടിയെടുത്തിരുന്നു. നല്ല നടനായും, നല്ല സംവിധായകനായും മലയാള സിനിമയില്‍ അടയാളപ്പെട്ടിട്ടുള്ള കൊച്ചിന്‍ ഹനീഫ നല്ല മനുഷ്യനെന്ന നിലയില്‍ സിനിമാക്കാരുടെ പ്രിയങ്കരനായിരുന്നു. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള സഹായമനസ്ഥിതി അദ്ദേഹത്തിന്റെ സെറ്റിലുള്ളവര്‍ക്ക് പോലും ഒരു അത്ഭുതമായിരുന്നു.

മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സം‌വിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു.

തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ. 1994-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സഫ, മാർവ്വ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. ഇരട്ടകളായ ഇവർ 2006-ലാണ് ജനിച്ചത്. ഹനീഫ മരിയ്ക്കുമ്പോൾ ഇവർക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ.

സം‌വിധാനം ചെയ്ത ചിത്രങ്ങൾ

ഭീഷ്മാചാര്യ (1994), വാത്സല്യം (1993), വീണ മീട്ടിയ വിലങ്ങുകൾ (1990), ആൺകിളിയുടെ താരാട്ട് (1987), ഒരു സിന്ദൂരപൊട്ടിന്റെ ഓർമ്മയ്ക്ക് (1987), മൂന്നു മാസങ്ങൾക്ക് മുൻപ് (1986), ഒരു സന്ദേശം കൂടി (1985), തമിഴിൽ
പാസ പറൈവകൾ (1988), പാടാത്ത തേനികൾ (1988), പാസ മഴൈ (1989), പകലിൽ പൗർണ്ണമി (1990), പിള്ളൈ പാശം (1991), വാസലിലെ ഒരു വെണ്ണിലാ (1991)
തിരക്കഥകൾ : ഭീഷ്മാചാര്യ 1994, വീണമീട്ടിയ വിലങ്ങുകൾ 1990, ഈണം തെറ്റാത്ത കാട്ടാറ് 1989,
ലാൽ അമേരിക്കയിൽ 1989
പുതിയ കരുക്കൾ 1989,
ആൺകിളിയുടെ താരാട്ട് 1987,
ഒരു സിന്ദൂരപൊട്ടിന്റെ ഓർമയ്ക്ക് 1987, മൂന്നു മാസങ്ങൾക്കു മുമ്പ് 1986, പറയാനും വയ്യ പറയാതിരിക്കാനും വയ്യ 1985, ഒരു സന്ദേശം കൂടി 1985, ഉമാനിലയം 1984, കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകൻ ഏ ബി രാജിൻ്റെ ചിത്രങ്ങളായ താളം തെറ്റിയ താരാട്ട് 1983, അടിമച്ചങ്ങല1981, ഇരുമ്പഴികൾ 1979, രാജു റഹിം 1978, അവൾ ഒരു ദേവാലയം.

Leave a Reply

Your email address will not be published. Required fields are marked *