അനന്തതയിലേക്ക് പറന്ന ചിറകടികള്‍
ഇന്ത്യന്‍ ബേര്‍ഡ് മാന്‍റെ 37ാം ചരമദിനം
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി എന്ന സാലിം മുഇസുദ്ദീൻ അബ്ദുൾ അലി.ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പക്ഷികളുടെ ജീവിതത്തെ സമഗ്രമായി അന്വേഷിക്കുവാൻ വനങ്ങളിലും പർവതങ്ങളിലും മണലാരണ്യങ്ങളിലും കടൽത്തീരങ്ങളില സമതലഭൂമിയിലുമൊക്കെ അലഞ്ഞു നടന്നു അദ്ദേഹം. 1896 നവംബർ 12-ന് മുംബൈയിലാണ് ഡോ. സാലിം അലി ജനിച്ചത്.
പിതാവ് മൊയ്സുദ്ദീൻ, മാതാവ് സീനത്തുന്നീസ. വംശനാശം സംഭവിച്ചുവെന്ന് ലോകം വിലയിരുത്തിയ ബയാഫിൻ പക്ഷിയെ കുമയൂൺ മലനിരകളിൽനിന്ന് അദ്ദേഹം കണ്ടെത്തി. സാലിം അലിയുടെ ഇടപെടൽ മൂലമാണ് സൈലന്റ് വാലി നാഷനൽ പാർക്കും ഭരത്പൂർ പക്ഷി സങ്കേതവും നിലവിൽ വന്നത്. 1935-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ് മറയൂർ ഭാഗത്താണ് പഠനം നടത്തിയത് പിന്നീട് ചാലക്കുടി, പറമ്പിക്കുളം, കുരിയാർകുട്ടി എന്നിവിടങ്ങളിൽ പോയി.
കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്. പിന്നീട് തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച് തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം (Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ എന്നിവിടങ്ങളിലും പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട് സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച് കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന മരണമടഞ്ഞു. അതോടെ സാലിം പരിപൂർണ്ണ പക്ഷിനിരീക്ഷകനായി.
പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും എഴുതിയ വിജ്ഞാനപ്രദവും പ്രസിദ്ധവുമായ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനമായത് കേരളത്തിലെ പക്ഷികളെ കുറിച്ച് എഴുതിയ ‘ഒരു കുരുവിയുടെ പതനം’ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. 80-ാം വയസ്സിലാണ് ഈ കൃതി എഴുതിയത്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. ശാസ്ത്രീയമായ സൂക്ഷ്മതയും സത്യസന്ധതയും പുലർത്തിയ ആ അന്വേഷണങ്ങൾ ലോകമാകെ അംഗീകരിക്കപ്പെട്ടു. ഒപ്പം, പ്രകൃതി-വനം-വന്യജീവി സംരക്ഷണത്തിന്റെ ഹരിതസന്ദേശവും സാലിം അലി തന്റെ ജീവിതത്തിലൂടെ നല്കിക്കൊണ്ടിരുന്നു.
‘ഒരു കുരുവിയുടെ പതനം’ എന്ന ആത്മകഥയ്ക്ക് പുറമെ ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ് ആണ് മറ്റൊരു പ്രധാന കൃതി. 1958- ൽ പത്മഭൂഷണും 1976-ൽ പത്മവിഭൂഷണും അടക്കം നിരവധി ബഹുമതികളും രാജ്യാന്തര പുരസ്കാരങ്ങളും ആ പ്രതിഭയെ തേടിയെത്തി. 1987 ജൂൺ 29ന് ( ചില സ്ഥലങ്ങളി ജൂലൈ 27 എന്നും എഴുതി കണ്ടിട്ടുണ്ട് ) 91-ാം വയസിൽ അന്തരിച്ചു.